എയര്‍ ഇന്ത്യ വിമാനദുരന്തം: പ്രാഥമിക റിപ്പോര്‍ട്ട് വെള്ളിയാഴ്ച്ച പുറത്തുവിട്ടേക്കും; ഉറ്റുനോക്കി രാജ്യം
ന്യൂഡല്‍ഹി: ഇന്ത്യയെ നടുക്കിയ അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തിന്റെ കാരണങ്ങള്‍ സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് വെള്ളിയാഴ്ച്ച പരസ്യമാക്കുമെന്ന് സൂചന. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണ് (എഎഐബി) കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്.
260 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തത്തിന്റെ പ്രാഥമിക കാരണങ്ങള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തുവിട്ടിട്ടിരുന്നില്ല. ഇത്രയും വലിയ അപകടത്തിന് കാരണമായ ഘടകങ്ങള്‍ എന്താണെന്നതിനെക്കുറിച്ചുള്ള ആകാംക്ഷയില്‍ ഏറെ ഗൗരവത്തോടെയാണ് രാജ്യം റിപ്പോര്‍ട്ടിനെ ഉറ്റുനോക്കുന്നത്.

അപകട കാരണം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, കൃത്യമായ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടോ എന്നതും വ്യക്തമല്ല.
എന്‍ജിന്‍ നിയന്ത്രണ സ്വിച്ചുകളിലെ പിഴവ്?
എയര്‍ ഇന്ത്യ അപകടത്തിലേക്കു നയിച്ചത് എന്‍ജിന്‍ നിയന്ത്രണ സ്വിച്ചുകളിലുണ്ടായ പിഴവാണോ എന്നത് അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഇക്കാര്യം സംബന്ധിച്ച നിഗമനങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടാകുമെന്നാണ് ദി എയര്‍ കറന്റ് എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതുവരെ വിമാനത്തിന്റെ എന്‍ജിനുകളിലോ രൂപകല്‍പനയിലോ സാങ്കേതിക തകരാറുണ്ടായിരുന്നതായി സൂചനകളൊന്നുമില്ല. ഇന്ധന സ്വിച്ചുകളില്‍ സംഭവിച്ച പിഴവിലേക്കാണ് അന്വേഷണ സംഘത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.
ബ്ലാക്ക് ബോക്സിലുള്ളത് ?
അപകടം നടന്ന് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ വിമാനത്തിലെ ബ്ലാക്ക് ബോക്സില്‍ നിന്നുള്ള ക്രാഷ് പ്രൊട്ടക്ഷന്‍ മൊഡ്യൂള്‍ വിജയകരമായി വീണ്ടെടുത്തതായി വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു. എഎഐബി ലാബില്‍ ഇതിന്റെ ഡാറ്റ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിച്ചിരുന്നു. ഈ ഡാറ്റയിലെ വിവരങ്ങള്‍ നിര്‍ണായകമാണ്.
ഒരു ബ്ലാക്ക് ബോക്സ് ജൂണ്‍ 13-ന് വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തില്‍ നിന്ന് ലഭിച്ചപ്പോള്‍ മറ്റൊരണ്ണെം ജൂണ്‍ 16-നാണ് ലഭിച്ചത്. നേരത്തെ വിമാനത്തിലെ ബ്ലാക്ക് ബോക്സുകളിലെ ഡാറ്റ ശേഖരിക്കുന്നതിനായി യുകെ, യുഎസ്എ, ഫ്രാന്‍സ്, ഇറ്റലി, കാനഡ, റഷ്യ പോലുള്ള വിദേശ രാജ്യങ്ങളെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബ്ലാക്ക് ബോക്സിന് ഉള്ളിലുള്ള കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡിങ്ങുകള്‍ ഡല്‍ഹിയിലെ എഎഐബി ലാബിലെ ആധുനിക സംവിധാനങ്ങളിലൂടെ ശേഖരിക്കാനാകും.
എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയിലെ (എഎഐബി) ഉദ്യോഗസ്ഥരും ഇന്ത്യന്‍ വ്യോമസേന, ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍), യുഎസ് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് (എന്‍ടിഎസ്ബി) എന്നീ സ്ഥാപനങ്ങളിലെ വിദഗ്ധരുമടങ്ങിയ അന്വേഷണ സംഘമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. എഎഐബി ഡയറക്ടര്‍ ജനറലാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.
ഇതില്‍ എന്‍ടിഎസ്ബി അമേരിക്കയിലെ സര്‍ക്കാര്‍ സ്വതന്ത്ര ഏജന്‍സിയാണ്. വിമാനം ഡിസൈന്‍ ചെയ്യുകയും നിര്‍മിക്കുകയും ചെയ്ത രാജ്യത്തെ പ്രതിനിധീകരിച്ചാണ് ഈ ഏജന്‍സിയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ടത്.
ജൂണ്‍ 12-നാണ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം ഉടന്‍ തന്നെ ഒരു ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഇടിച്ചിറങ്ങിയത്. വിമാനത്തിലെ 241 പേരും ഇടിച്ചിറങ്ങിയ കെട്ടിടത്തിലുണ്ടായിരുന്ന നിരവധി പേരും പ്രദേശവാസികളും അപകടത്തില്‍ മരണപ്പെട്ടിരുന്നു. യാത്രക്കാരില്‍ ഒരാള്‍ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു.












Click it and Unblock the Notifications