എയര്‍ ഇന്ത്യ വിമാനാപകടം: അന്തിമ റിപ്പോര്‍ട്ട് ഈ വര്‍ഷം അവസാനത്തോടെ; അഭ്യൂഹങ്ങള്‍ക്ക് ഉത്തരമുണ്ടോ?
ന്യൂഡല്‍ഹി: രാജ്യം ഇപ്പോഴും നടുക്കത്തോടെ ഓര്‍ക്കുന്ന സംഭവമാണ് അഹമ്മദാബാദിലുണ്ടായ എയര്‍ ഇന്ത്യ വിമാനാപകടം. കഴിഞ്ഞ ജൂണ്‍ 12 നാണ് ലോകത്തെ തന്നെ നടുക്കിയ വ്യോമയാന ദുരന്തമുണ്ടായത്. ലണ്ടന്‍ ലക്ഷ്യമിട്ട് യാത്ര പുറപ്പെട്ട ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടു പിന്നാലെ തകര്‍ന്നു വീഴുകയായിരുന്നു.
രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 241 പേരും കൊല്ലപ്പെട്ടു. ഒരാള്‍ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനത്താവളത്തിന് സമീപമുള്ള മെഡിക്കല്‍ കോളജ് ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. ഇതിന്റെ ആഘാതത്തില്‍ ആ പ്രദേശത്തുണ്ടായിരുന്ന നിരവധി പേരും കൊല്ലപ്പെട്ടു. ആകെ 260 പേരുടെ ജീവനാണ് ദുരന്തത്തില്‍ നഷ്ടമായത്.
കഴിഞ്ഞ ജൂണ്‍ 12-നുണ്ടായ അപകടത്തിന് ഒരു മാസം തികഞ്ഞപ്പോള്‍ സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) പുറത്തു വിട്ടിരുന്നു. അപകടമുണ്ടായ എയര്‍ ഇന്ത്യ വിമാനം എഐ171-ന്റെ രണ്ട് എന്‍ജിനുകളിലേക്കുമുള്ള ഇന്ധന വിതരണം ഒരു സെക്കന്‍ഡിനുള്ളില്‍ നിലച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 15 പേജുള്ള പ്രാഥമിക റിപ്പോര്‍ട്ടാണ് അന്ന് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്.

ഇപ്പോള്‍ ഏറ്റവും റിപ്പോര്‍ട്ടുകള്‍ പ്രകാരം, എയര്‍ ഇന്ത്യ അപകടത്തെക്കുറിച്ചുള്ള അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ഈ വര്‍ഷം അവസാനത്തോടെ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണം സുഗമമായി നടക്കുന്നതായി ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.
രണ്ട് ബ്ലാക്ക് ബോക്‌സുകളിലെ ഉള്ളടക്കത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. അന്വേഷണ സംഘം ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡറും കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറും സൂക്ഷമ പരിശോധനയ്ക്കു വിധേയമാക്കിയതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മാരകമായ വ്യോമയാന ദുരന്തമാണ് ജൂണ്‍ 12-നുണ്ടായത്. യുകെയില്‍ നഴ്‌സായി ജോലി ചെയ്യുന്ന പത്തനംതിട്ട പുല്ലാട് സ്വദേശിനിയും ദുരന്തത്തില്‍ കൊല്ലപ്പെട്ടിരുന്നു.
കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡിങ്ങില്‍ രണ്ടു പൈലറ്റുമാരും തമ്മിലുള്ള സംഭാഷണം രേഖപ്പെടുത്തിയിട്ടുണ്ട്. പൈലറ്റുമാരുടെ സംഭാഷണത്തില്‍ എന്തിനാണ് ഇന്ധന സ്വിച്ച് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് സഹ പൈലറ്റിനോട് ചോദിക്കുന്നുണ്ട്. താനല്ല ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് മറുപടിയും നല്‍കുന്നുണ്ട്. എന്നാല്‍ ഇത് ഏത് പൈലറ്റിന്റെ സംഭാഷണമാണെന്ന് തിരിച്ചറിയാനായിട്ടില്ല. ഇതേതുടര്‍ന്ന് പൈലറ്റുമാരില്‍ ഒരാളുടെ പിഴവു മൂലമാണ് അപകടം ഉണ്ടായതെന്ന മട്ടില്‍ വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
15,638 മണിക്കൂറും 3,403 മണിക്കൂറും പറക്കല്‍ പരിചയമുള്ള ക്യാപ്റ്റന്‍ സുമീത് സബര്‍വാളും ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദറും ആയിരുന്നു പൈലറ്റുമാര്‍. കുറ്റം പൈലറ്റുമാരുടെ തലയില്‍ കെട്ടിവയ്ക്കുന്നതിനെതിരേ പൈലറ്റുമാരുടെ അസോസിയേഷനും രംഗത്തു വന്നിരുന്നു. എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകം അന്വേഷണം നടത്തണമെന്ന് ക്യാപ്റ്റന്‍ സുമീത് സബര്‍വാളിന്റെ പിതാവ് പുഷ്‌കരാജ് സബര്‍വാള്‍ ആവശ്യപ്പെട്ടിരുന്നു.
ക്യാപ്റ്റന്‍ സുമീത് (56) കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്നും ഇതാണ് അപകടത്തിന് ഇടയാക്കിയതെന്നുമുള്ള ഊഹാപോഹങ്ങള്‍ പിതാവിനെ അസ്വസ്ഥനാക്കിയിരുന്നു. അഭ്യൂഹങ്ങള്‍ ശക്തമായതോടെ അന്തിമ റിപ്പോര്‍ട്ട് പുറത്തുവരുന്നതു വരെ നിഗമനങ്ങളിലെത്തിച്ചേരുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. സംശയങ്ങള്‍ക്കുള്ള മറുപടി അന്തിമ റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications