എംടെക് പഠനത്തിനായുള്ള ആദ്യ വിദേശയാത്ര; മകളുടെ ദുരന്തത്തില്‍ വിറങ്ങലിച്ച് ഓട്ടോ ഡ്രൈവറായ പിതാവ്
അഹമ്മദാബാദ്: എയര്‍ഇന്ത്യ വിമാനാപകടം രാജ്യത്തിന് ഒരിക്കലും മറക്കാനാകാത്ത നോവാണ് നല്‍കിയത്. അപകടത്തിന് ഇരയായവരുടെ കരളലിയിക്കുന്ന കഥകളാണ് ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പ്രിയപ്പെട്ടവരെ നഷ്ടമായവര്‍ ഇപ്പോഴും മൃതദേഹം പോലും ലഭിക്കാതെ തീരാവേദനയില്‍ ഉരുകി കഴിയുകയാണ്.
വിദേശത്തേക്ക് പഠിക്കാനായി പോയ മകള്‍ ഒരു നിമിഷം കൊണ്ട് ഒരുപിടി ചാരമായതിന്റെ തീരാവേദനയിലാണ് ഓട്ടോ തൊഴിലാളിയായ സുരേഷ് ഖാതിക്. ഗുജറാത്ത് സ്വദേശിയായ സുരേഷ് ഖാതിക്കിന്റെ മകള്‍ പായല്‍ ഖാതിക് ഉന്നത പഠനത്തിനായാണ് ലണ്ടനിലേക്ക് യാത്രയായത്. വിദേശത്തേക്കുള്ള ആദ്യ യാത്രയായിരുന്നു പായലിന്റേത്.

എന്നാല്‍ പറന്നുയര്‍ന്ന ഉടനെ തീ ഗോളമായി പൊട്ടിച്ചിതറിയ എയര്‍ഇന്ത്യ വിമാനത്തിനുള്ളില്‍ പായലിന്റെ സ്വപ്നങ്ങളും ഒരുപിടി ചാരമായി മാറി. ഗുജറാത്തിലെ ഹിമത്‌നഗറില്‍ താമസിക്കുന്ന പായലിന്റെ പിതാവ് ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. കുടുംബത്തില്‍ നിന്നു തന്നെ ആദ്യമായി വിദേശത്ത് പോകുന്നയാളാണ് പായല്‍. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളുടെ ഭാരവുമായാണ് പായല്‍ യാത്രയായത്.
കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്നാണ് പായലിനെ യുകെയിലേക്ക് യാത്രയാക്കാന്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ എത്തിയത്. അപകടം ഉണ്ടായ ദിവസം രാവിലെ 10 മണിയോടെ മകളെ വേദനയോടെ വിദേശത്തേക്ക് യാത്രയാക്കി. ഏറെ നാളത്തേക്ക് മകളെ വിട്ടുനില്‍ക്കുന്നതിനുള്ള വേദനയായിരുന്നു അപ്പോള്‍ സുരേഷിന് ഉണ്ടായിരുന്നത്. എങ്കിലും മകള്‍ ലണ്ടനിലെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മികച്ച ജോലി കണ്ടെത്തുമെന്ന് ഉറപ്പ് ആ പിതാവിന് ഉണ്ടായിരുന്നു.
യുകെയില്‍ പഠിക്കാന്‍ ആഗ്രഹിച്ച മകളെ സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പേരില്‍ വിലക്കാന്‍ ആ പിതാവ് തയ്യാറായിരുന്നില്ല. അവളുടെ സ്വപ്നസാഹല്യത്തിന് വേണ്ടി വായ്പ എടുത്തു. പായലിന് ജോലി കിട്ടുന്നതോടെ വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാമെന്നും തങ്ങളുടെ ദാരിദ്ര്യത്തിന് ഒരു അവസാനം ഉണ്ടാകുമെന്നും അദ്ദേഹം കരുതിയിരുന്നു.
എന്നാല്‍ അധികം വൈകാതെ ഇനി ഒരിക്കലും മകള്‍ തിരിച്ചുവരില്ലെന്ന് വാര്‍ത്തയാണ് അദ്ദേഹം ഞെട്ടലോടെ കേട്ടത്. മകള്‍ മരിച്ചതായി ഡിഎന്‍എ പരിശോധനയിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു.
രാജസ്ഥാനിലെ ഉദയ്പൂരിലെ ഗോഗുണ്ട ഗ്രാമത്തില്‍ നിന്നുള്ള പായല്‍ സഹോദരങ്ങള്‍ക്കൊപ്പം ഹിമത്‌നഗറില്‍ താമസിച്ചിരുന്നത്. മികച്ച നിലവില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടി ജന്മനാടിന്റെ പ്രതീക്ഷ കൂടിയായിരുന്നു.
ആ ഗ്രാമത്തിന്റെ സ്‌നേഹവാത്സല്യങ്ങള്‍ ഏറ്റുവാങ്ങിയാണ് പായല്‍ യാത്രയായത്. എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന ഒരുപാട് പേരുടെ സ്വപ്നങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും ഒപ്പം പായലും ഇനിയൊരു തിരിച്ചുവരിവില്ലാത്ത ലോകത്തേക്ക് യാത്രയായി. മകളുടെ വേര്‍പാട് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ പിതാവ് സുരേഷിനും കുടുംബത്തിനും കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications