വിമാന ദുരന്തം; ഇന്ധന സ്വിച്ചുകള്‍ കേടായോ? ബോയിങ്ങും അമേരിക്കന്‍ ഏജന്‍സിയും പറയുന്നത് ഇങ്ങനെ
ന്യൂഡല്‍ഹി: നിരവധി സംശയങ്ങളും ദുരൂഹതകളും ഉയര്‍ത്തിയാണ് അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നത്. വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം രണ്ട് എന്‍ജിനുകളും പ്രവര്‍ത്തനം നിലച്ചു. എന്‍ജിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ആയതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇക്കാര്യത്തില്‍ രണ്ട് പൈലറ്റുമാര്‍ തമ്മിലുള്ള ആശയക്കുഴപ്പം വ്യക്തമാക്കുന്ന കോക്പിറ്റ് ഓഡിയോ സംഭാഷണങ്ങളും പുറത്തുവന്നു.
ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള എയര്‍ ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പുറത്തിറക്കിയ പ്രാഥമിക അന്വേഷണം റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

ഈ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ അന്വേഷണത്തില്‍ പങ്കാളികളായിരുന്ന യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും ബോയിങ്ങും സ്വകാര്യമായി റിപ്പോര്‍ട്ടുകള്‍ നല്‍കിയതായി രാജ്യാന്തര മാധ്യമമായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 260 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തത്തെ കുറിച്ചുള്ള നിര്‍ണായ വിവരങ്ങളാണ് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ കൈമാറിയിട്ടുള്ളത്.
അപകടം ഉണ്ടായ ബോയിങ് 787-8 വിമാനത്തിന്റെ ഫ്യൂവല്‍ സ്വിച്ചുകള്‍ സുരക്ഷിതമാണെന്ന റിപ്പോര്‍ട്ടാണ് (എയര്‍വര്‍ത്തിനസ് നോട്ടിഫിക്കേഷന്‍) ബോയിങ്ങും യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും നല്‍കിയിട്ടുള്ള റിപ്പോര്‍ട്ട്. വിമാനത്തിന് സാങ്കേതിക തകരാറില്ലാത്ത സാഹചര്യത്തില്‍ അപകടകാരണം സംബന്ധിച്ച് ദുരൂഹത വീണ്ടും വര്‍ദ്ധിക്കുകയാണ്. മാനുവല്‍ ആയി മാത്രമേ ഈ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ. അതിനാല്‍ തന്നെ അപകടത്തിന് പിന്നില്‍ മാനുഷികമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന വാദം ശക്തമാണ്.
അതേസമയം റോയിസിന്റെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ തയ്യാറായിട്ടില്ല. 2013ലാണ് വിമാനം നിര്‍മിച്ചത്. കഴിഞ്ഞ മേയ് ഒന്നിന് ഒരു എഞ്ചിനും മാര്‍ച്ച് 26ന് മറ്റൊരു എഞ്ചിനും മാറ്റി സ്ഥാപിച്ച് സുരക്ഷാ നടപടികള്‍ ശക്തമാക്കിയിരുന്നു.
787 ഉള്‍പ്പെടെ നിരവധി ബോയിംഗ് മോഡലുകളുടെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ ലോക്കിങ് സംവിധാനം അബദ്ധവശാല്‍ നീക്കാന്‍ കഴിയില്ലെന്നാണ് വ്യോമയാന വിദഗ്ധര്‍ പറയുന്നത്.
അതേസമയം, റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് പൈലറ്റുമാരുടെ സംഘടനയും രംഗത്തെത്തി. അപകടത്തിന്റെ ഉത്തരവാദിത്തം പൈലറ്റുമാരുടെ മേല്‍ കെട്ടിവയ്ക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നു എന്നാണ് എയര്‍ലൈന്‍ പൈലറ്റ് അസോസിയേഷന്റെ (എഎല്‍പിഎ) ആരോപണം. 'പൈലറ്റുമാരുടെ സംഘടനയെ അന്വേഷണത്തിന്റെ ഭാഗമാക്കണം, കുറഞ്ഞത് നിരീക്ഷകര്‍ എന്ന നിലയിലെങ്കിലും അന്വേഷണത്തിന്റെ ഭാഗമാക്കണമെന്ന് എഎല്‍പിഎ ഇന്ത്യ പ്രസിഡന്റ് സാം തോമസ് റോയിട്ടേഴ്സിനോട് പറഞ്ഞു.
പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ ഇന്ധന സ്വിച്ചുകള്‍ ഏതാണ്ട് ഒരേസമയം റണ്ണില്‍ നിന്ന് കട്ട്ഓഫ് പൊസിഷനിലേക്ക് മാറിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ പറക്കുന്നതിനിടെ സ്വിച്ചുകള്‍ എങ്ങനെ പൊസിഷന്‍ മാറി എന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല.
അന്വേഷണത്തില്‍ നിരീക്ഷകരാകാനുള്ള എഎല്‍പിഎ ഇന്ത്യയുടെ അഭ്യര്‍ത്ഥനയെ അംഗീകരിക്കുമെന്ന് യുഎസ് സുരക്ഷാ വിദഗ്ധരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് പൈലറ്റിന്റെ പിഴവിനോട് അനുഭാവം കാണിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications