പളനിസാമി സര്‍ക്കാരിനെ ട്രോളി രജനീകാന്ത്... ബസ് കണ്ടക്ടര്‍ ചരിത്രം ഓര്‍മിപ്പിച്ച് അണ്ണാഡിഎംകെ
ചെന്നൈ: തമിഴ്‌നാട്ടില്‍ സൂപ്പര്‍ താരം രജനീകാന്തും അണ്ണാ ഡിഎംകെ സര്‍ക്കാരും തമ്മലുള്ള പോരാട്ടം രൂക്ഷമാവുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ രജനീകാന്ത് പരിഹസിച്ചിരുന്നു. ഇതിന് രജനിയുടെ കണ്ടക്ടര്‍ ജീവിതത്തെ ഓര്‍മിപ്പിച്ചിരിക്കുകയാണ് അണ്ണാഡിഎംകെ. കമല്‍ഹാസന്റെ സിനിമാ ജീവിതം 60 വര്‍ഷത്തിലെത്തിയതിനെ തുടര്‍ന്ന് നടത്തിയ ആഘോഷത്തിലായിരുന്നു രജനീകാന്തിന്റെ പരിഹാസം.

രാഷ്ട്രീയത്തില്‍ എപ്പോഴും അദ്ഭുതങ്ങള്‍ സംഭവിക്കാം. ആരെങ്കിലും കരുതിയിരുന്നോ എടപ്പാടി പളനിസ്വാമി തമിഴ്‌നാട് മുഖ്യമന്ത്രിയാകുമെന്ന്. അദ്ദേഹം മുഖ്യമന്ത്രിയായ ശേഷം എല്ലാവരും പറഞ്ഞിരുന്നത്, ഈ സര്‍ക്കാര്‍ 20 ദിവസത്തിനുള്ളിലോ ഒരു മാസത്തിനുള്ളിലോ വീഴുമെന്നായിരുന്നു. അഞ്ച് മാസത്തില്‍ കൂടുതല്‍ മുന്നോട്ട് പോകില്ലെന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍ അദ്ഭുതങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അദ്ദേഹം മുഖ്യമന്ത്രിയാണെന്നും രജനി പരിഹസിച്ചു.
ഇത്തരം കാര്യങ്ങള്‍ നടന്നുകൊണ്ടേയിരിക്കുമെന്നും രജനീകാന്ത് പറഞ്ഞു. ഇതിനെതിരെയാണ് അണ്ണാഡിഎംകെ രംഗത്തെത്തിയത്. പാര്‍ട്ടി മുഖപത്രമായ നമതു അമ്മയിലെഴുതിയ ലേഖനത്തിലാണ് മറുപടി നല്‍കിയിരിക്കുന്നത്. ഒരു സൂപ്പര്‍ സ്റ്റാറാകുമെന്ന് നിങ്ങള്‍ സ്വപ്‌നം കണ്ടു കാണില്ല. കാരണം നിങ്ങള്‍ ജീവിതം തുടങ്ങിയത് ബസ് കണ്ടക്ടറായിട്ടാണ്. എടപ്പാടി പളനിസാമി പെട്ടെന്ന് പൊങ്ങി വന്ന നേതാവല്ല. അദ്ദേഹം യഥാര്‍ത്ഥ നേതാവാണ്. നിരവധി തിരഞ്ഞെടുപ്പുകള്‍ ജയിച്ചിട്ടാണ് അദ്ദേഹം മുഖ്യമന്ത്രി പദത്തിലെത്തിയതെന്നും ലേഖനത്തില്‍ പറയുന്നു.
നേരത്തെ എഐഎഡിഎംകെ രജനീകാന്തിനെതിരെയും കമല്‍ഹാസനെതിരെയും രംഗത്ത് വന്നിരുന്നു. ഇവരുടെ രാഷ്ട്രീയ സ്വപ്‌നങ്ങള്‍ നടക്കാന്‍ പോകുന്നില്ലെന്നും, ശിവാജി ഗണേശന് സംഭവിച്ച അതേ അവസ്ഥ തന്നെ ഇരുവര്‍ക്കും ഉണ്ടാവുമെന്നും പാര്‍ട്ടി നേതാക്കള്‍ പരിഹസിച്ചിരുന്നു. സംസ്ഥാനത്ത് നല്ലൊരു നേതാവിന്റെ കുറവുണ്ടെന്നും, അത് വന്ന് കഴിഞ്ഞാല്‍ എല്ലാം ശരിയാകുമെന്നും രജനീകാന്ത് പറഞ്ഞിരുന്നു.












Click it and Unblock the Notifications