എടപ്പാടി വേണ്ട ധനപാല്‍ മതിയെന്ന് എംഎല്‍എമാര്‍: പളനിസാമിയുടെ കസേരയും അനിശ്ചിതത്വത്തില്‍!
എടപ്പാടി പളനിസാമിയ്ക്ക് പകരം പി ധനപാല്‍ തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് എത്തണമെന്നാണ് എംഎല്‍എമാര്‍ മുന്നോട്ടുവച്ച ആവശ്യം.
ചെന്നൈ: തമിഴ്നാട്ടില്‍ അണ്ണാഡിഎംകെയില്‍ ലയന പ്രതിസന്ധി അവസാനിച്ചതോടെ പുതിയ ആവശ്യങ്ങളുമായി എംഎല്‍എമാര്‍. എടപ്പാടി പളനിസാമിയ്ക്ക് പകരം പി ധനപാല്‍ തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് എത്തണമെന്നാണ് എംഎല്‍എമാര്‍ മുന്നോട്ടുവച്ച ആവശ്യം. അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയുടെ പക്ഷത്തുള്ള എംഎല്‍എമാരാണ് എടപ്പാടി പളനിസാമിയ്ക്ക് പകരമായി നിലവിലെ സ്പീക്കര്‍ പി ധനപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചിട്ടുള്ളത്.

അണ്ണാ ഡിഎംകെ ലയനം
തിങ്കളാഴ്ചയാണ് ഏറെ പ്രതീക്ഷയോടെ തമിഴകം കാത്തിരുന്ന അണ്ണാ ഡിഎംകെ എംഎല്‍എമാരുടെ ലയനം നടക്കുന്നത്. എന്നാല്‍ നടന്നത് ഒപിഎസ്- ഇപിഎസ് ക്യാമ്പുകളുടെ ലയനമല്ലെന്നും സ്വാര്‍ത്ഥ ലാഭത്തിനായി നടത്തിയ നീക്കുപോക്ക് മാത്രമാണെന്നെന്നും ടിടിവി ട്വിറ്ററില്‍ കുറിയ്ക്കുകയായിരുന്നു. ലയനത്തിന് പിന്നാലെയായിരുന്നു ടിടിവിയുടെ പ്രതികരണം. നേരത്തെ ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി മന്ത്രി സ്ഥാനം ഏറ്റെടുക്കുകയും പിന്നീട് രാജി വച്ചൊഴിയുകയും ചെയ്ത ഒ പനീര്‍ശെല്‍വമാണ് ലയനത്തോടെ ഉപമുഖ്യമന്ത്രി പദവിയിലെത്തുന്നത്.

സര്‍ക്കാരിനെതിരെ പണിഞ്ഞ് ടിടിവി
ശശികല-ടിടിവി വിഭാഗത്തിന് പളനിസ്വാമി സർക്കാരിനെ തഴെ ഇറക്കാനുള്ള തുറുപ്പ് ചീട്ട് ഇപ്പോഴും കൈവശമുണ്ട്. 19 എംഎൽഎമാര്‍ ഇപ്പോഴും ടിടിവി പക്ഷത്തിന് തന്നെയാണ് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. ഇവരെ ഉപയോഗിച്ച് സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനും സമ്മര്‍ദ്ധത്തിലാക്കാനും ദിനകരന് സാധിക്കും. താഴെയിറക്കാനുള്ള ശ്രമങ്ങള്‍ നടത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

നേട്ടം ഒപിഎസ്സിനും
ഒപിഎസ്- ഇപിഎസ് ലയനം ആറുമാസം നീണ്ട ചര്‍ച്ചകള്‍ക്കു അഭ്യൂഹങ്ങള്‍ക്കും ഒടുവിലാണ് അണ്ണാ ഡിഎംകെയിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയനം സാധ്യമായത്. പാര്‍ട്ടിയെ നയിക്കാന്‍ ഒ പനീര്‍ശെല്‍വവും സര്‍ക്കാര്‍ ഇപിഎസിന്‍റെ കയ്യിലും ഭദ്രമാക്കിക്കൊണ്ടാണ് ലയനം സാധ്യമായിട്ടുള്ളത്. എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായി തുടരുമെങ്കിലും ഉപമുഖ്യമന്ത്രി, ധനമന്ത്രി, പാര്‍ട്ടി മാര്‍ഗ നിര്‍ദേശക സമിതി അധ്യക്ഷന്‍എ ന്നീ പദവികള്‍ ലയനത്തോടെ ഒപിഎസിന് ലഭിക്കുകയും ചെയ്തു. ഏറെ വൈകാതെ ജനറല്‍ ബോഡി വിളിച്ചുചേര്‍ത്ത് അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന വികെശശികലയെ പുറത്താക്കാനും ലയനത്തോടെ തീരുമാനമായിരുന്നു.

ലക്ഷ്യം എടപ്പാടി സർക്കാർ
അണ്ണാ ഡിഎംകെ സർക്കാറിനെ അട്ടിമറിക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്ന് എംഎൽഎമാർ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. അഴിമതിക്കാരനും സ്വജനപക്ഷപാതിയുമായ പളനിസാമിയുടെ രാജിയാണ് തങ്ങളുടെ ആവശ്യപ്പെടുന്നതെന്നും അവർ വ്യക്തമാക്കി.

സർക്കാരിന്‍റെ നില പരുങ്ങലില്‍
134 അംഗ നിയമസഭയിൽ 117 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ സർക്കാറിന് വിശ്വാസവോട്ട് നേടാൻ കഴിയൂ. ഈ സാഹചര്യത്തിൽ 19 എംഎൽഎമാർ പിൻമാറിയാൽ സർക്കാറിന് അത് തിരിച്ചടിയാകും.

റിസോര്‍ട്ട് നാടകത്തിന് വീണ്ടും തുടക്കം
റിസോർട്ടിലെ നാടകം ആവർത്തിക്കുന്നു ഭൂരിപക്ഷം എംഎല്‍എമാരും ശശികല പക്ഷത്തിനൊപ്പം നില്‍ക്കാന്‍ നിര്‍ബന്ധിതരായ കൂവത്തൂരിലെ റിസോര്‍ട്ടില്‍ നടന്ന സംഭവ വികാസങ്ങള്‍ ടിടിവിയിലൂടെ തമിഴകത്ത് വീണ്ടും ആവര്‍ത്തിക്കുകയാണ്. എടപ്പാടി സർക്കാരിനെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ എംഎൽഎമാരെ റിസോട്ടിലേക്കു മാറ്റിയത്. സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന എംഎൽഎമാരെയാണ് ടിടിവി ദിനകരൻ പ്രത്യേകം റിസോട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്.












Click it and Unblock the Notifications