സെങ്കോട്ടയ്യന്‍ ഔട്ട്; ശശികല സിബിഐ റഡാറില്‍, പുറത്താക്കിയവരുടെ ഐക്യം വരുമോ തമിഴ്‌നാട്ടില്‍
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന തമിഴ്‌നാട്ടില്‍ രാഷ്ട്രീയം കലങ്ങിമറിയുകയാണ്. പുറത്താക്കിയ പ്രമുഖ നേതാക്കളെ തിരിച്ചുകൊണ്ടുവരണം എന്നും ഐക്യമുണ്ടായാല്‍ മാത്രമേ ഭരണം പിടിക്കാന്‍ സാധിക്കൂ എന്നും അഭിപ്രായപ്പെട്ട മുതിര്‍ന്ന നേതാവ് കെഎ സെങ്കോട്ടയ്യനെ എഐഎഡിഎംകെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കി. ദിണ്ഡിഗലില്‍ പാര്‍ട്ടി അധ്യക്ഷന്‍ എടപ്പാടി പളനിസ്വാമിയും മുതിര്‍ന്ന നേതാക്കളും യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തതത്.
ജയലളിതയുടെ വിയോഗ ശേഷം എഐഎഡിഎംകെ തകര്‍ന്ന മട്ടാണ്. ജയലളിതയുടെ അടുത്ത വ്യക്തിയായിരുന്ന ശശികല, മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം, ടിടിവി ദിനകരന്‍ എന്നിവരെല്ലാം പാര്‍ട്ടിക്ക് പുറത്താണ്. ഇപ്പോള്‍ സെങ്കോട്ടയ്യനെതിരെ നടപടി എടുക്കുകയും ചെയ്തു. പാര്‍ട്ടിയുടെ സംഘടനാ സെക്രട്ടറിയും ഈറോഡ് അര്‍ബണ്‍ ജില്ലാ സെക്രട്ടറിയുമാണ് സെങ്കോട്ടയ്യന്‍.

എഐഎഡിഎംകെയില്‍ ഐക്യം വേണം എന്ന് അടുത്തിടെ നിരവധി നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. ഇക്കര്യം സൂചിപ്പിച്ചുള്ള ശശികലയുടെ കത്ത് പുറത്തുവന്നിരുന്നു. പാര്‍ട്ടിയില്‍ ഐക്യമില്ലെങ്കില്‍ ഭരണം കിട്ടില്ലെന്ന് പറഞ്ഞ സെങ്കോട്ടയ്യന്‍, എടപ്പാടി പളനിസ്വാമിയെ വിമര്‍ശിക്കുകയും ചെയ്തു. ഇതോടെയാണ് ഇദ്ദേഹത്തിനെതിരെ നടപടി എടുത്തിരിക്കുന്നത്.
സെങ്കോട്ടയ്യന് പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള കരുത്തില്ല എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ വിമതര്‍ക്കിടയില്‍ ഐക്യമുണ്ടായാല്‍ സെങ്കോട്ടയ്യനെ ആ കൂട്ടത്തില്‍ പ്രതീക്ഷിക്കാം. പഴയ എഐഎഡിഎംകെ നേതാക്കളായ ഒ പനീര്‍ശെല്‍വം, ടിടിവി ദിനകരന്‍ എന്നിവര്‍ അടുത്തിടെ എന്‍ഡിഎ സഖ്യം വിട്ടിരുന്നു. ഇരുവരും ഡിസംബറില്‍ ഭാവി നിലപാട് പറയുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ശശികല വീണ്ടും കുടുങ്ങുമോ?
ശശികലയ്‌ക്കെതിരെ സിബിഐ നടപടിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. ശശികലയുമായി ബന്ധമുള്ളവര്‍ കാഞ്ചീപുരത്ത് വാങ്ങിയ ഷുഗല്‍ മില്ല് സംബന്ധിച്ച് സിബിഐ കേസെടുത്തിട്ടുണ്ട്. 2020ല്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ കൂടി അടിസ്ഥാനമാക്കിയാണ് കേസ്. നിരോധിത കറന്‍സി ഉപയോഗിച്ചു പലയിടത്തും സ്ഥലം വാങ്ങിയെന്നാണ് ആരോപണം.
ശശികലയുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തടസമായിരിക്കും പുതിയ കേസ്. സിബിഐ നടപടി എടപ്പാടി പളനിസ്വാമിക്ക് സന്തോഷം നല്‍കുന്നതുമാണ്. എടപ്പാടിയും ബിജെപിയും ഒരുമിച്ചാണ് മുന്നോട്ട് പോകുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ തങ്ങളുടെ മുന്നണി അധികാരത്തില്‍ വരുമെന്ന് ബിജെപി പറയുന്നു. എന്നാല്‍ ഭരിക്കുന്നത് അണ്ണാഡിഎംകെ ആയിരിക്കുമെന്ന് എടപ്പാടി പളനിസ്വാമിയും പറയുന്നു.
അണ്ണാഡിഎംകെയില്‍ നടപടി നേരിട്ടവര്‍ നടന്‍ വിജയിയുടെ ടിവികെയുമായി സഹകരിക്കുമോ എന്ന് പറയാറായിട്ടില്ല. ഒരുപക്ഷേ, ഇത്തരം സഖ്യസാധ്യതകളും തമിഴ്‌നാട്ടിലുണ്ട്. വിജിയുടെ നീക്കങ്ങളെ പ്രകീര്‍ത്തിച്ചാണ് ഒ പനീര്‍ശെല്‍വവും ടിടിവി ദിനകരനും അടുത്തിടെ പ്രതികരിച്ചത്. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പ് അടുത്തുവരവെ കുഴഞ്ഞുമറിയുകയാണ് തമിഴ്‌നാട് രാഷ്ട്രീയം.












Click it and Unblock the Notifications