Get Updates
Get notified of breaking news, exclusive insights, and must-see stories!

40 എംഎല്‍എമാര്‍ ഉടക്കിട്ടു; പനീര്‍ശെല്‍വവും പളനിസ്വാമിയും ഒന്നാകില്ല, ഒപിഎസ് യാത്രയ്ക്ക്

വിഭജന ശേഷം ശശികല രൂപീകരിച്ച അണ്ണാ ഡിഎംകെ (അമ്മ) പാര്‍ട്ടിയില്‍ 40 എംഎല്‍എമാര്‍ ഇപ്പോഴും അവരോട് കൂറ് പുലര്‍ത്തുന്നവരാണ്. എന്നാല്‍ ഇവരെ തള്ളി ലയനം സാധ്യമാവുമെന്ന് ധനമന്ത്രി ഡി ജയകുമാര്‍ സൂചന നല്‍കി.

ചെന്നൈ: ശശികല ജയിലിലാവുകയും ദിനകരന്‍ പോലിസ് കസ്റ്റഡിയിലാവുകയും ചെയ്തതിന് പിന്നാലെ തുടങ്ങിയ അണ്ണാഡിഎംകെ ലയന ചര്‍ച്ച വഴിമുട്ടി. ശശികലയോട് കൂറുള്ള 40 എംഎല്‍എമാര്‍ ലയനത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചതാണ് പ്രശ്‌നം. ഈ സാഹചര്യത്തില്‍ സ്വന്തം വഴിക്ക് നീങ്ങുമെന്ന സൂചന നല്‍കി പനീര്‍ശെല്‍വം സംസ്ഥാനപര്യടനത്തിന് ഒരുങ്ങുകയാണ്.

വിഭജന ശേഷം ശശികല രൂപീകരിച്ച അണ്ണാ ഡിഎംകെ (അമ്മ) പാര്‍ട്ടിയില്‍ 40 എംഎല്‍എമാര്‍ ഇപ്പോഴും അവരോട് കൂറ് പുലര്‍ത്തുന്നവരാണ്. എന്നാല്‍ ഇവരെ തള്ളി ലയനം സാധ്യമാവുമെന്ന് ധനമന്ത്രി ഡി ജയകുമാര്‍ സൂചന നല്‍കി. അദ്ദേഹം പനീര്‍ശെല്‍വത്തെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു.

ചര്‍ച്ച ചെയ്തു പരിഹരിക്കും

എന്തു പ്രശ്‌നങ്ങളുണ്ടായാലും ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്ന് ജയകുമാര്‍ പിടിഐയോട് പറഞ്ഞു. എന്നാല്‍ ഈ ക്ഷണം മുഖവിലക്കെടുക്കാത്ത പനീര്‍ശെല്‍വം, മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ദിനകരന്റെ നിര്‍ദേശമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് കുറ്റപ്പെടുത്തി.

നിലപാട് എടുക്കാതെ പളനിസ്വാമി

ശശികലയെയും സഹോദരീ പുത്രന്‍ ടിടിവി ദിനകരനെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്നാണ് പനീര്‍ശെല്‍വം ലയനത്തിന് വച്ച പ്രധാന ഉപാധി. ഇക്കാര്യത്തില്‍ സന്നദ്ധത പ്രകടിപ്പിച്ച മുഖ്യമന്ത്രി എടപ്പാളി പളനിസ്വാമി പക്ഷേ നിലപാട് എടുത്തിട്ടില്ല.

രണ്ടാമത്തെ നിബന്ധന

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് ഒപിഎസിന്റെ മറ്റൊരു പ്രധാന ആവശ്യം. ഇത് ശശികല വിഭാഗത്തിന് തിരിച്ചടിയാവുമെന്ന് കരുതുന്നു. ഈ രണ്ട് കാര്യങ്ങളിലും പളനിസ്വാമി തീരുമാനമെടുക്കാത്തതാണ് ഒപിഎസിനെ ചൊടിപ്പിച്ചിരിക്കുന്നത്.

ഇടക്കാല തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു

അതേസമയം, തമിഴ്‌നാട്ടില്‍ ഇടക്കാല തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് ഒപിഎസിനെ കൂടെ നിര്‍ത്താന്‍ പളനിസ്വാമി വിഭാഗം കാര്യമായി ശ്രമിക്കുന്നത്. ഐക്യപ്പെടാന്‍ തങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി ജയകുമാര്‍ പറഞ്ഞു.

ഒപിഎസ് ക്യാംപിലാണ് തര്‍ക്കം

തങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. എന്നാല്‍ ഒപിഎസ് ക്യാംപിലാണ് തര്‍ക്കം. അവര്‍ വ്യത്യസ്തമായ അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്. അവര്‍ എപ്പോഴാണ് തയ്യാറാവുന്നത് അപ്പോള്‍ തന്നെ ചര്‍ച്ച നടക്കുമെന്നും ജയകുമാര്‍ പറഞ്ഞു.

സര്‍ക്കാര്‍ വിരുദ്ധ തരംഗം

അതേസമയം, സര്‍ക്കാര്‍ വിരുദ്ധ തരംഗം തമിഴ്‌നാട്ടിലുണ്ടെന്നാണ് പ്രചാരണം. ഇക്കാര്യം മനസിലാക്കിയാണ് പനീര്‍ശെല്‍വം ലയനം വൈകിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. എംഎല്‍എമാര്‍ കൂടുതല്‍ പളനിസ്വാമിക്കൊപ്പമാണെങ്കിലും ഒപിഎസിനാണ് ജനപിന്തുണയെന്നതാണ് വസ്തുത.

ശശികലയുടെ അടുപ്പക്കാരെ വെറുപ്പിക്കില്ല

എന്നാല്‍ പളനിസ്വാമി സര്‍ക്കാരിനെ നിലനിര്‍ത്തുന്നത് ഏതാനും എംഎല്‍എമാര്‍ മാത്രമാണ്. 233 അംഗ സഭയില്‍ ആറ് പേരുടെ പിന്തുണയോടെയാണ് പളനിസ്വാമി വിശ്വാസ വോട്ട് നേടിയത്. അതുകൊണ്ടു തന്നെ ശശികലയുടെ അടുപ്പക്കാരെ വെറുപ്പിക്കുന്ന ഒരു നിലപാടും പളനിസ്വാമിയുടെ ഭാഗത്തുനിന്നുണ്ടാവില്ല.

രണ്ടാഴ്ചയായി തുടരുന്ന ഐക്യചര്‍ച്ച

ഈ കാരണങ്ങളാണ് ഇരുവിഭാഗത്തിന്റെയും ലയനം വൈകിപ്പിക്കുന്നത്. രണ്ടാഴ്ചയായി തുടരുന്ന ഐക്യചര്‍ച്ച ഇതുവരെ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിന് കാരണവും ഇതുതന്നെയാണ്. അതിനിടെയാണ് വിശ്വാസ്യത വീണ്ടെടുക്കാന്‍ പനീര്‍ശെല്‍വം സംസ്ഥാനയാത്രക്ക് ഒരുങ്ങുന്നത്.

ജൂലൈയില്‍ തദ്ദേശ തിരഞ്ഞെടുപ്പ്

അടുത്ത ജൂലൈയിലാണ് തമിഴ്‌നാട്ടില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക. ഈ പശ്ചാത്തലത്തില്‍ ജനപിന്തുണ നേടുന്നതിനാണ് വെള്ളിയാഴ്ച മുതല്‍ പനീര്‍ശെല്‍വം യാത്ര തുടങ്ങുന്നത്. മറ്റു ചെറുകക്ഷികളുടെ പിന്തുണ നേടാനും ഒപിഎസിന് നീക്കമുണ്ട്.

അല്‍പ്പം ഫ്‌ളാഷ് ബാക്ക്

കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് ജയലളിത അന്തരിച്ചതോടെ തുടങ്ങിയതാണ് അണ്ണാ ഡിഎംകെയിലെ പ്രശ്‌നം. പാര്‍ട്ടിയിലും സര്‍ക്കാരിലും അധികാരം പിടിക്കാന്‍ ശശികല ശ്രമിച്ചതോടെ പനീര്‍ശെല്‍വം പുറത്തായി. സുപ്രീംകോടതി വിധി തിരിച്ചടിയായതോടെ ശശികല ജയിലിലായതോടെയാണ് പനീര്‍ശെല്‍വം വീണ്ടും പാര്‍ട്ടിയിലെത്തുന്നതിന് കളമൊരുങ്ങിയത്. എന്നാല്‍ അനിശ്ചിതമായി നീളുകയാണ് ലയനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+