ജയയ്ക്ക് ജാമ്യമെന്ന്; തമിഴ്‌നാട്ടില്‍ ആഹ്ലാദപ്രകടനം
ബാംഗ്ലൂര്‍: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബാംഗ്ലൂരിലെ ജയിലില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ജാമ്യം ലഭിച്ചെന്ന വാർത്ത കേട്ടപാതി കേൾക്കാത്തപാതി തമിഴ്നാട്ടിൽ ആഹ്ലാദ പ്രകടനം കൊഴുക്കുന്നു. ഉപാധികളോടെയാണ് കര്‍ണാടക ഹൈക്കോടതി ജയലളിതയ്ക്ക് ജാമ്യം അനുവദിച്ചെന്നായിരുന്നു വാർത്തകൾ. പ്രോസിക്യൂഷന്‍ മുന്‍നിലപാടില്‍ മലക്കം മറിഞ്ഞതാണ് ജയലളിതയ്ക്ക് ജാമ്യം എളുപ്പമാക്കിയെന്നും വാർത്തകൾ വന്നു. ജാമ്യവാര്‍ത്തയറിഞ്ഞതും തമിഴ്‌നാട്ടില്‍ പാര്‍ട്ടി അണികളും ആരാധകരും ആഹ്ലാദപ്രകടനങ്ങള്‍ തുടങ്ങി.
എന്നാൽ നിമിഷ നേരങ്ങൾ മാത്രമേ ആ ആഹ്ലാദ പ്രകടനങ്ങൾക്ക് ആയുസുണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി വിധി വന്നു. വിധി അറിയാതെ തമിഴ്നാട്ടിൽ ആഹ്ലാദ പ്രകടനവും പടക്കം പൊട്ടിക്കലും തുടരുകയാണ്.

നേരത്തെ ജയലളിതയുടെ ജാമ്യാപേക്ഷ ഒക്ടോബര്‍ 1ന് പരിഗണിച്ചെങ്കിലും ഏഴിലേക്ക് മാറ്റിവെക്കുകയായിരുന്നു. ജാമ്യം കിട്ടിയാല്‍ ജയലളിത ഒളിവില്‍ പോകാന്‍ സാധ്യതയുണ്ട് എന്നായിരുന്നു ഒക്ടോബര്‍ ഒന്നിന് ജാമ്യാപേക്ഷ പരിഗണിക്കവേ പ്രോസിക്യൂഷന്‍ വാദിച്ചത്.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട ജയലളിത ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലിലാണ് കഴിയുന്നത്. ജാമ്യം കിട്ടിയതോടെ ജയലളിത ഉടന്‍തന്നെ ജയിലില്‍ നിന്നും പുറത്തിറങ്ങുമെന്നാണ് അണികൾ പ്രതീക്ഷിച്ചിരുന്നത്. മുതിര്‍ന്ന അഭിഭാഷകനായ രാം ജത്മലാനിയാണ് കര്‍ണാടക ഹൈക്കോടതിയില്‍ ജയലളിതക്ക് വേണ്ടി ഹാജരായത്.
അതേസമയം, കര്‍ണാടക സ്വദേശികള്‍ക്കെതിരെ തമിഴ്‌നാട്ടില്‍ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് എ ഐ എ ഡി എം കെ നേതാക്കള്‍ വ്യക്തമാക്കി. എ ഐ എ ഡി എം കെ എം എല്‍ എ മാരുടെയും നേതാക്കളുടെയും പേരിലായിരുന്നു പോസ്റ്റര്‍. ജയലളിതയ്ക്ക് ജാമ്യം നല്‍കിയില്ലെങ്കില്‍ തമിഴ്‌നാട്ടിലുള്ള കര്‍ണാടക സ്വദേശികളെ തടഞ്ഞുവെക്കും എന്നായിരുന്നു പോസ്റ്ററില്‍. പോസ്റ്റര്‍ പതിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.












Click it and Unblock the Notifications