കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

87ല്‍ എംജിആര്‍, ഇത്തവണ ജയലളിത!!!എഐഡിഎംകെ ഇത്രയേ ഉള്ളൂ...ഡിഎംകെ കാത്തിരുന്നതും ഇതിന്!!

1987ലും സമാനമായ സാഹചര്യം എഐഡിഎംകെയില്‍ ഉണ്ടായിരുന്നു

  • By Manu
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയം ഓരോ ദിവസം കഴിയുന്തോറും പുതിയ സംഭവവികാസങ്ങള്‍ക്കു സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്. എഐഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികലയ്ക്കു സുപ്രീം കോടതി തടവ് ശിക്ഷ വിധിച്ചതോടെ പാര്‍ട്ടിയില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായിരിട്ടുണ്ട്.

മുഖം നഷ്ടപ്പെടുന്ന എഐഡിഎംകെ

തമിഴ്‌നാട്ടിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി കൂടിയായ എഐഡിഎംകെയ്ക്ക് ഇപ്പോള്‍ മുഖം നഷ്ടപ്പെട്ടു കഴിഞ്ഞു. എംജിആറിന്റെ മരണശേഷം ജയലളിതയായിരുന്നു പാര്‍ട്ടിയെ സ്വന്തം പ്രതിച്ഛായ കൊണ്ട് മുന്നോട്ട് നയിച്ചിരുന്നത്. എന്നാല്‍ ജയലളിതയുടെ വിയോഗത്തോടെ എഐഡിഎംകെ നാഥനില്ലാ കളരി പോലെയായിരിക്കുകയാണ്.

ജയലളിതയുടെ മരണം തീരാനഷ്ടം

എഐഡിഎംകെയെ സംബന്ധിച്ചിടത്തോളം ജയലളിതയുടെ മരണം തീരാനഷ്ടമാണ്. എംജിആറിന്റെ മരണത്തിനു ശേഷം ആടിയുലഞ്ഞ എഐഡിഎംകെയെ താങ്ങിനിര്‍ത്തിയത് ജയലളിതയുടെ വ്യക്തിപ്രഭാവമാണ്. അണികളെ കര്‍ശനമായി സ്വന്തം വരുതിയില്‍ നിര്‍ത്തി പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടുപോയത് ജയലളിതയുടെ മിടുക്കായിരുന്നു. 1991 മുതല്‍ മൂന്നു വട്ടം എഐഡിഎംകെ സംസ്ഥാനം ഭരിച്ചതും ജയലളിത മാജിക്ക് കൊണ്ടു തന്നെയാണ്.

ശശികല ദാ വന്നു, ദേ പോയി ?

ജയലളിതയുടെ തോഴിയായ ശശികല എഐഡിഎംകെ തലപ്പത്തേക്കു വന്നതും താഴേക്കു വീണതും പെട്ടെന്നായിരുന്നു. നിലവില്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി തന്നെയാണെങ്കിലും സുപ്രീം കോടതി തടവ് ശിക്ഷ വിധിച്ചതോടെ ശശികലയുടെ പ്രതിച്ഛായ കൂടുതല്‍ മോശമായിക്കഴിഞ്ഞു. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് സുപ്രീം കോടതി ശശികലയ്ക്കു നാലു വര്‍ഷത്തെ തടവ് വിധിച്ചത്.

ശശികല-പനീര്‍ശെല്‍വം പോര്

ശശികലയും പനീര്‍ശെല്‍വും തമ്മിലുള്ള കൊമ്പുകോര്‍ക്കലാണ് എഐഡിഎംകെയെ ദുര്‍ബലപ്പെടുത്തിയത്. ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രിയായ പനീര്‍ശെല്‍വത്തിന്റെ രാജിയോടെയാണ് ഇരുവരും തമ്മിലുള്ള ശീതയുദ്ധം ആരംഭിക്കുന്നത്. തന്നെ ശശികല നിര്‍ബന്ധിച്ച് രാജിവയ്പ്പിക്കുകയായിരുന്നുവെന്ന് പനീര്‍ശെല്‍വം ആരോപണമുന്നയിച്ചതോടെ ഇരുവരും രണ്ടു ചേരികളായി തിരിഞ്ഞു. പിന്നീട് മുഖ്യമന്ത്രി പദത്തിനായി ഒപിഎസും ശശികലയും പോരാട്ടം തുടര്‍ന്നു. 120ഓളം എംഎല്‍എമാരെ റിസോര്‍ട്ടില്‍ രഹസ്യമായി പാര്‍പ്പിച്ച് ഭൂരിപക്ഷം തെളിയിക്കാന്‍ ശശികല നടത്തിയ നീക്കങ്ങള്‍ സുപ്രീം കോടതി വിധിയോടെ തകിടം മറിയുകയും ചെയ്തു.

ഇനി പനീര്‍ശെല്‍വം x പളനിസ്വാമി

ശശികലയ്‌ക്കെതിരേ വിധി വന്നതോടെ പനീര്‍ശെല്‍വം അനായാസമായി മുഖ്യമന്ത്രിയാവുമെന്ന് കരുതിയെങ്കിലും അതുണ്ടാവില്ല. ജയിലില്‍ പോവുന്നതിനു മുമ്പ് ശശികല മറ്റൊരു കളി കൂടി കളിക്കുകയാണ്. തനിക്കു പകരം പിഡബ്ല്യുഡി മന്ത്രി കൂടിയായ എടപ്പാടി പളനിസ്വാമിയെ നിയമസഭാ കക്ഷി നേതാവായി ശശികല പ്രഖ്യാപിച്ചത് ഇതിന്റെ തുടക്കമാണ്. ഇനി പളനിസ്വാമിയും പനീര്‍ശെല്‍വവുമായിരിക്കും മുഖ്യമന്ത്രിക്കസേരയ്ക്കായി നേര്‍ക്കുനേര്‍ വരിക.

ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ട്

മുഖ്യമന്ത്രി സ്ഥാനം പിടിച്ചെടുക്കണമെങ്കില്‍ സഭയില്‍ ഭൂരിപക്ഷം തെളിക്കാനായിരിക്കും ഗവര്‍ണര്‍ ഇനി പളനിസ്വാമി, പനീര്‍ശെല്‍വം പക്ഷത്തോട് ആവശ്യപ്പെടുക. നിലവില്‍ 120 ഓളം എംഎല്‍എമാര്‍ കൂടെയുള്ള പളനിസ്വാമിക്കു തന്നെയാണ് ഇക്കാര്യത്തില്‍ വ്യക്തമായ മുന്‍തൂക്കമുള്ളത്. എന്നാല്‍ കൂടുതല്‍ പേര്‍ പനീര്‍ശെല്‍വം പക്ഷത്തേക്കു മാറിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാവും. നിലവില്‍ 11 എംഎല്‍എമാര്‍ മാത്രമേ ഒപിഎസിനൊപ്പമുള്ളൂ. സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെങ്കില്‍ 118 പേരുടെയെങ്കിലും പിന്തുണ അദ്ദേഹത്തിനു വേണം

തൂക്കുമന്ത്രി സഭ?

ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കില്‍ തമിഴ്‌നാട്ടില്‍ തൂക്കുമന്ത്രി സഭ വന്നേക്കും. ഇതു പുതിയ തിരഞ്ഞെടുപ്പിലേക്കും വഴി തെളിക്കാനുള്ള സാധ്യതയുണ്ട്. ഇങ്ങനെ സംഭവച്ചില്‍ അതു ഏറ്റവുമധികം ഗുണം ചെയ്യുക ഡിഎംകെയെ ആയിരിക്കും. പ്രതിച്ഛായ തകര്‍ന്ന എഐഡിഎംകെ മറികടന്ന് ഭരണത്തില്‍ തിരിച്ചെത്താനുള്ള സുവര്‍ണാവസരമായിരിക്കും ഇതോടെ ഡിഎംകെയ്ക്കു ലഭിക്കുക.

മുമ്പും സംഭവിച്ചു

നിലവിലേതിനു സമാനമായ സാഹചര്യങ്ങള്‍ 1987ലും ഉണ്ടായിരുന്നു. അന്ന് എംജിആറിന്റെ മരണശേഷം ഭാര്യ ജാനകി രാമചന്ദ്രന്‍ പാര്‍ട്ടിയുടെ തലപ്പത്തേക്കു വന്നിരുന്നു. ജാനകി മുഖ്യമന്ത്രി സ്ഥാനത്തു 24 ദിവസം മാത്രമേ തുടര്‍ന്നുള്ളൂ. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതോടെ ജാനകിയും ജയലളിതയും രണ്ടു ഗ്രൂപ്പുകളിലായി തിരിഞ്ഞു പോരടിച്ചു. 1989ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എഐഡിഎംകെ എട്ടുനിലയിലാണ് പൊട്ടിയത്. ജയലളിതയുടെയും ജാനകിയുടെയും ഗ്രൂപ്പുകള്‍ തിരഞ്ഞെടുപ്പില്‍ ആകെ നേടിയത് 29 സീറ്റുകളാണ്. എഐഡിഎംകെയിലെ തമ്മിലടി മുതലെടുത്ത് 12 വര്‍ഷത്തിനു ശേഷം ഡിഎംകെ അധികാരത്തില്‍ തിരിച്ചെത്തുകയായിരുന്നു. ഏറെക്കുറെ സമാനമായ സാഹചര്യമാണ് ഇപ്പോള്‍ എഐഡിഎംകെയിലുള്ളത്.

പാര്‍ട്ടിയെ എഴുതിത്തള്ളേണ്ട

നിലവില്‍ പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്നു പോവുന്നതെങ്കിലും പാര്‍ട്ടിയെ എഴുതിത്തള്ളരുതെന്ന് മുന്‍ മന്ത്രിയും ഇപ്പോള്‍ ശശികലയെ പിന്തുണയ്ക്കുകയും ചെയ്യുന്ന ബി വലര്‍മതി പറഞ്ഞു. ശശികലയ്‌ക്കെതിരായ വിധിയൊന്നും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തില്ല. ബൊഫോഴ്‌സ് കേസ് വന്നിട്ടും കോണ്‍ഗ്രസ് വീണ്ടും ഭരണത്തില്‍ വന്നില്ലേ? കേസില്‍പ്പെട്ടിട്ടും ബിഹാറില്‍ ലാലുപ്രസാദ് യാദവിന് ഇപ്പോഴും നിര്‍ണായക ശക്തിയല്ലേയെന്നും വലര്‍മതി ചോദിക്കുന്നു. പുതിയ നേതൃത്വത്തിനു കീഴില്‍ പാര്‍ട്ടി ശക്തമായി തിരിച്ചുവരുമെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

English summary
The largest political party in Tamil Nadu, founded by matinee idol M G Ramachandran and led for two-and-a-half decades by actor-turned-politician J Jayalalithaa is headed for a split.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X