എയിംസ് എംബിബിഎസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത നിലയില്‍
ദില്ലി: ദില്ലിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ആദ്യവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ ബിക്കാനീര്‍ സ്വദേശിയായ ഖുശ്ബു ചൗധരിയെയാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ഖുശ്ബുവിന്റെ സുഹൃത്തുക്കള്‍ അവരെ ആത്മഹത്യ ചെയ് നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പെണ്‍കുട്ടിയുടെ മരണം റാഗിങ് മൂലമല്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി എയിംസ് വക്താവ് ഡോ. അമിത് ഗുപ്ത പറഞ്ഞു.

ഖുശ്ബുവിന്റെ മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടില്ല. സംഭവത്തില്‍ എയിംസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പോലീസ് അന്വേഷണം സമാന്തരമായി നടക്കുമെന്നും അമിത് ഗുപ്ത പറഞ്ഞു. ഇക്കഴിഞ്ഞ ജൂലൈ 10നാണ് പെണ്‍കുട്ടി കോളേജില്‍ എംബിബിഎസ് പഠനം ആരംഭിക്കുന്നത്. പെണ്‍കുട്ടിക്ക് ഏതെങ്കിലും തരത്തില്‍ ഹോസ്റ്റലിലോ കോളേജിലോ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് കോളേജ് അധികൃതര്‍ പറയുന്നു.
പെണ്‍കുട്ടിയുടെ സഹപാഠികളെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ല. ശനിയാഴ്ച രാത്രി വൈകുംവരെ വിദ്യാര്‍ഥിനി സന്തോഷവതിയാണെന്നാണ് ലഭിച്ച വിവരമെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചുവരികയാണ്.












Click it and Unblock the Notifications