റണ്‍വേയില്‍ കുടുങ്ങി വ്യോമസേനയുടെ സി- 17 വിമാനം; ലേ വിമാനത്താവളം സര്‍വീസുകള്‍ റദ്ദാക്കി
ലേ: സാങ്കേതിക തരകാറിനെ തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേനയുടെ സി- 17 വിമാനം ലേ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ കുടുങ്ങി. ഇതേ തുടര്‍ന്ന് ലേയിലെ കുഷോക് ബകുല റിംപോച്ചെ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി. പ്രശ്‌നം പരിഹരിച്ചുകൊണ്ടിരിക്കുകയാണ്, അടുത്ത ദിവസം രാവിലെയോടെ റണ്‍വേ പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ഹെവി-ലിഫ്റ്റ് ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റായ സി - 17 സാങ്കേതികപരമായ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. തകരാര്‍ പരിഹരിച്ച് വിമാനം നാളെ രാവിലെയോടെ പറത്താന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വൃത്തങ്ങള്‍ എ എന്‍ ഐയോട് പ്രതികരിച്ചു. അതേസമയം, ദില്ലിയില്‍ നിന്ന് ലേയിലേക്കുള്ള യു കെ 601 വിമാനം റണ്‍വേ നിയന്ത്രണങ്ങള്‍ കാരണം ദില്ലിയിലേക്ക് തിരിച്ചുവിട്ടതായി വിസ്താര അറിയിച്ചു.

അതേസമയം, വിമാനങ്ങള്‍ റദ്ദാക്കിയതോടെ കുടുങ്ങിക്കിടക്കുന്ന പരാതിയുമായി രംഗത്തെത്തി. ട്വിറ്ററിലാണ് പലരും പരാതി ഉന്നയിച്ചത്. ഞങ്ങളുടെ മുംബൈ ലേ ഇന്‍ഡിഗോ ഫ്‌ലൈറ്റ് ചണ്ഡിഗഡില്‍ ലാന്‍ഡ് ചെയ്തു, ലേ എയര്‍പോര്‍ട്ടിലെ തടസം കാരണം ഞങ്ങള്‍ക്ക് പോകാന്‍ കഴിയില്ല, മുഴുവന്‍ വിമാനവും മുംബൈയിലേക്ക് മടങ്ങുകയാണെന്നും ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു.
സര്‍വീസുകള്‍ റദ്ദാക്കിയതോടെ നിരവധി യാത്രക്കാരാണ് പ്രതിഷേധം അറിയിക്കുന്നത്. വിമാനത്താവള അതോറിറ്റി ഞങ്ങള്‍ക്ക് വേണ്ടി മറ്റൊരു വിമാനം സജ്ജമാക്കണമെന്നും മറ്റൊരു യാത്രക്കാരന്‍ ട്വിറ്ററില്‍ കുറിച്ചു. ലേയിലെ കുഷോക് ബകുല റിംപോച്ചീ എയര്‍പോര്‍ട്ട് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വാണിജ്യ വിമാനത്താവളങ്ങളില്‍ ഒന്നാണ്. സമുദ്രനിരപ്പില്‍ നിന്ന് 3,256 മീറ്റര്‍ (10,682 അടി) ഉയരത്തിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.












Click it and Unblock the Notifications