വ്യോമസേന ദിനം: പരേഡിന് നേതൃത്വം നല്‍കാന്‍ ആദ്യമായി വനിതാ ഓഫീസർ, പുതിയ പതാകയും ഇന്ന്
ഡല്‍ഹി: ഇന്ന് വ്യോമസേനാ ദിനം. 1932 ഒക്ടോബര്‍ എട്ടിനാണ് ഇന്ത്യന്‍ വ്യോമസേന സ്ഥാപിതമാവുന്നത്. ഇതിനാലാണ് എല്ലാം ഒക്ടോബർ എട്ടും വ്യോമസേന ദിനമായി ആഘോഷിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ നാലാമത്തെ വ്യോമ സേനയാണ് ഇന്ത്യയുടേത്. വ്യോമ സേന ദിനത്തോട് അനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളില്‍ വിപുലമായ പരിപാടികളും സേന നടത്തുന്നുണ്ട്.
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ ബംറൗലി എയർഫോഴ്‌സ് സ്‌റ്റേഷനിൽ നടക്കുന്ന പരേഡിന് വനിതാ ഓഫീസറായ ഷാലിസ ധാമി നേതൃത്വം നൽകും. ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു വനിതാ ഓഫീസർ പരേഡിന് നേതൃത്വം നല്‍കുന്നത്. മാർച്ചില്‍ വ്യോമസേനയുടെ വെസ്‌റ്റേണ്‍ സെക്ടറിലെ ഫ്രണ്ട് ലൈന്‍ യൂണിറ്റിന്റെ കമാന്‍ഡറായി ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ഷാലിസ ധാമിയെ തിരഞ്ഞെടുത്തിരുന്നു. ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ വനിതയും ഷാലിസയാണ്.

2003ല്‍ ആണ് ഹെലികോപ്റ്റര്‍ പൈലറ്റായിട്ടാണ് ധാമി സേവനം ആരംഭിക്കുന്നത്. ഫ്‌ളയിംഗ് ഇന്‍സ്ട്രക്ടര്‍ കൂടിയായ ധാമിയ വെസ്റ്റേണ്‍ സെക്ടറിലെ ഹെലികോപ്റ്ററിന്റെ യൂണിറ്റിന്റെ ഫ്‌ളൈറ്റ് കമാന്‍ഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ട് പ്രാവശ്യം എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫിന്റെ അഭിനന്ദനം നേടിയ ഈ ഉദ്യോഗസ്ഥ കൂടിയാണ് ധാമി. 2019ല്‍ വ്യോമസേനയുടെ ചരിത്രത്തിലെ ആദ്യമായി വനിത ഫ്‌ളൈറ്റ് കമാന്‍ഡര്‍ എന്ന നേട്ടവും ഷാലിസ ധാമി സ്വന്തമാക്കിയിരുന്നു.
പുതുതായി ഉൾപ്പെടുത്തിയ അഗ്നിവീർ വായുവിനൊപ്പം സേനയ്ക്ക് മുഴുവൻ വനിതാ സൈനിക പരേഡും ഉണ്ടായിരിക്കുമെന്ന് ഐഎഎഫ് വക്താവ് വിങ് കമാൻഡർ ആശിഷ് മോഗെ അറിയിച്ചുയ വ്യോമസേനയിലെ സ്ത്രീകൾ ഇപ്പോൾ ഫൈറ്റർ പൈലറ്റുമാരായും യുദ്ധക്കപ്പൽ ക്രൂ അംഗങ്ങളായും നിയമിക്കപ്പെടുന്നുണ്ട്. കൂടാതെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ പരിശീലനം നേടുന്നതിനൊപ്പം സ്ഥിരം കമ്മീഷനും അർഹരാണ്.
ഗരുഡ് കമാൻഡോ സേനയിലും മറൈൻ കമാൻഡോകളിലും യഥാക്രമം വനിതകളുടെ പങ്കാളിത്തത്തിന് ഐഎഎഫും നാവികസേനയും അനുമതി നൽകിയിട്ടുണ്ട്. ഈ വർഷത്തെ എയർഫോഴ്സ് ഡേ പരേഡിൽ ആദ്യമായി ഗരുഡ് കമാൻഡോകളുടെ വിമാനവും ഉൾപ്പെടും. മിഗ്-21 ഫൈറ്റർ ജെറ്റുകളും സി-295 ട്രാൻസ്പോർട്ട് വിമാനങ്ങളും ഉൾപ്പെടെ 110 ഓളം വിമാനങ്ങളാണ് ഇത്തവണ പറക്കുന്നത്.
പരേഡിൽ ഇന്ത്യൻ വ്യോമസേന റാഫേൽ, സുഖോയ്-30, മിറാഷ്-2000, മിഗ്-29, ജാഗ്വാർ, എൽസിഎ തേജസ്, സി-17, സി-130ജെ, ഐഎൽ-76, എഎൻ-32, ചിനൂക്സ്, അപ്പാച്ചെസ്, ഹോക്‌സ് എന്നിവയും പ്രദർശിപ്പിക്കും. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരി പ്രയാഗ്‌രാജിൽ പുതിയ പതാക അനാച്ഛാദനം ചെയ്യും.












Click it and Unblock the Notifications