പാകിസ്ഥാനടക്കം മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള പൈലറ്റുമാരെ വിലക്കി എയര്‍ ഫ്രാന്‍സ്

പാകിസ്ഥാനടക്കം 31 മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള പൈലറ്റുമാരെ ഇസ്രായേല്‍ വ്യോമാതിര്‍ത്തിയിലേക്ക് വിമാനങ്ങള്‍ പറത്തുന്നതില്‍ നിന്ന് വിലക്കി എയര്‍ ഫ്രാന്‍സ്. ഇസ്രായേല്‍ വ്യോമാതിര്‍ത്തിയിലേക്ക് വിമാനങ്ങള്‍ പറത്തുന്നതില്‍ നിന്ന് ചില വിദേശ പൗരന്മാരെ വിലക്കിക്കൊണ്ടുള്ള പുതിയ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് എയര്‍ ഫ്രാന്‍സ് സ്ഥിരീകരിച്ചു. ഫ്‌ളൈ ദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ഇറാന്‍, പാകിസ്ഥാന്‍, സൗദി അറേബ്യ എന്നിവയുള്‍പ്പെടെ 31 മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാരെ ബാധിക്കുന്നതാണ് പുതിയ പരിഷ്‌കാരം. പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കും ഇത് ബാധകമാണ്. അതേസമയം നടപടി വിമാനക്കമ്പനികളുടെ നിയമപരമായ ബാധ്യതകളെക്കുറിച്ചും പൗരത്വത്തിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത് വിവേചനവുമായി ബന്ധപ്പെട്ട നിയമനടപടികള്‍ക്ക് വഴിവെച്ചേക്കാമെന്നതിനെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.

Air France

അള്‍ജീരിയ, ടുണീഷ്യ, ഇറാന്‍, ഒമാന്‍, സൗദി അറേബ്യ, പാകിസ്ഥാന്‍, നൈജര്‍ എന്നിവയുള്‍പ്പെടെ 31 മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് പുതിയ നയം പ്രകാരം ഇസ്രായേല്‍ വ്യോമാതിര്‍ത്തിയിലേക്ക് വിമാനം പറത്തുന്നതിന് വിലക്കുള്ളത്.

ഇസ്രായേല്‍ പ്രക്ഷേപണ സ്ഥാപനമായ എന്‍ 12ന്റെ റിപ്പോര്‍ട്ട് പ്രകാരം, ഇസ്രായേലുമായി നയതന്ത്രബന്ധം പുലര്‍ത്താത്ത രാജ്യങ്ങളിലെ പൗരത്വമോ ഇരട്ട പൗരത്വമോ ഉള്ള പൈലറ്റുമാരോ ക്യാബിന്‍ ക്രൂ അംഗങ്ങളോ ഇസ്രായേല്‍ വ്യോമാതിര്‍ത്തിയിലേക്ക് വിമാനം പറത്താന്‍ പാടില്ലെന്ന് ഇസ്രായേല്‍ ഗതാഗത-റോഡ് സുരക്ഷാ മന്ത്രാലയം ഒക്ടോബര്‍ 1-ന് വിദേശ വിമാനക്കമ്പനികളെ അറിയിച്ചിരുന്നു.

സെപ്റ്റംബര്‍ 30-ന് ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോവുകയായിരുന്ന ഫ്‌ലൈദുബായ് വിമാനം ഒമാനി സഹപൈലറ്റ് റാഞ്ചാന്‍ ശ്രമിക്കുകയും ഇസ്രായേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ ഇടിച്ചിറക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തിന് തൊട്ടുപിന്നാലെയാണ് ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചതെന്ന് എമിറാത്തി, ഇസ്രായേല്‍ അധികൃതര്‍ അറിയിച്ചു. വിമാനത്തിലെ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ചുവെന്നതാണ് സഹപൈലറ്റിനെതിരെയുള്ള കുറ്റം.

ആക്രമണത്തില്‍ പരിക്കേറ്റ പൈലറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ക്കായി ഇസ്രായേല്‍ അധികൃതര്‍ നടപ്പിലാക്കിയ പുതിയ നിയന്ത്രണങ്ങളെക്കുറിച്ച് ബന്ധപ്പെട്ട ജീവനക്കാരെ അറിയിച്ചിട്ടുണ്ട് എന്ന് എയര്‍ ഫ്രാന്‍സ് അല്‍ ജസീറയോട് പറഞ്ഞു.

അതേസമയം മറ്റ് എയര്‍ലൈനുകളും സമാനമായ നടപടി സ്വീകരിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേലില്‍ നിന്നുള്ള നിര്‍ദ്ദേശം ലഭിച്ചതായി ചെക്ക് എയര്‍ലൈനായ സ്മാര്‍ട്ട്വിംഗ്‌സ് സ്ഥിരീകരിച്ചു. എന്നാല്‍, ഇതുവരെ തങ്ങളുടെ പ്രവര്‍ത്തനങ്ങളെ അത് ബാധിച്ചിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി.

'2026 സെപ്റ്റംബറിലാണ് ഇസ്രായേല്‍ അധികൃതരില്‍ നിന്ന് ഞങ്ങള്‍ക്ക് ഈ നിര്‍ദ്ദേശം ലഭിച്ചത്. ഞങ്ങള്‍ അത് സൂക്ഷ്മമായി പരിശോധിച്ചു. ബന്ധപ്പെട്ട അധികൃതര്‍ പുറപ്പെടുവിച്ചതും ബാധകമായതുമായ എല്ലാ നിബന്ധനകളും പാലിക്കുകയും അവ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്,' സ്മാര്‍ട്ട്വിംഗ്‌സ് വക്താവ് വ്‌ലാഡിമിറ ഡുഫ്കോവ അല്‍ ജസീറയോട് പറഞ്ഞു.

'നിലവില്‍, ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെയോ ജീവനക്കാരുടെ മാനേജ്മെന്റ് നടപടിക്രമങ്ങളെയോ, ഇസ്രായേലിലേക്കും തിരിച്ചുമുള്ള വിമാനങ്ങളില്‍ ജീവനക്കാരെ നിയോഗിക്കുന്നതിനെയോ ഈ നിര്‍ദ്ദേശം ബാധിക്കുന്നില്ല,' അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, നിര്‍ദ്ദേശം ലഭിച്ചോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാന്‍ വിസമ്മതിച്ച യുണൈറ്റഡ് എയര്‍ലൈന്‍സ്, ഇക്കാര്യത്തില്‍ പ്രതികരിക്കാനൊന്നുമില്ലെന്ന് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma