ഹോസ്റ്റല്‍ ഉടമയുടെ പീഡനത്തെ തുടര്‍ന്ന് എയര്‍ ഹോസ്റ്റസ് തൂങ്ങി മരിച്ചു: സംഭവം ദില്ലിയില്‍!!
ദില്ലി: പി ജി ഉടമയുടെ നിരന്തരമായ മാനസിക പീഡനത്തെ തുടര്‍ന്ന് എയര്‍ഹോസ്റ്റസ് തൂങ്ങി മരിച്ചു. ഗുരുഗ്രാമിലെ ഡിഎല്‍എഫ് ഫേസ് 3 ഏരിയയിലെ പിജി മുറിയില്‍ ആണ് സ്‌പൈസ് ജെറ്റില്‍ ജോലി ചെയ്യുന്ന യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പശ്ചിമ ബംഗാളിലെ സിലിഗുരി സ്വദേശിയാണ് ആത്മഹത്യ ചെയ്ത മിസ്റ്റു സര്‍ക്കാര്‍.
പിജി ഉടമയുടെ മോശം പെരുമാറ്റം കാരണം യുവതി അസ്വസ്ഥയായിരുന്നുവെന്നും ഇയാളെ ഭയപ്പെട്ടിരുന്നതായും പിതാവ് ആരോപിച്ചു. പിജി ഉടമ അമരീന്ദര്‍ സിംഗില്‍ നിന്ന് നിരന്തരമുണ്ടാകുന്ന ഉപദ്രവത്തെക്കുറിച്ച് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ മകള്‍ വിളിച്ച് അറിയിച്ചിരുന്നു. അന്ന് രാത്രിയും സിംഗ് അവളെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. സംസാരിക്കുമ്പോള്‍ അവള്‍ കരയുകയായിരുന്നു. സിംഗ് അവളുടെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്തുവെന്നും അവളെ എവിടെയും പോകാന്‍ അനുവദിക്കുന്നില്ലെന്നും യുവതി പറഞ്ഞതായി പിതാവ് പറയുന്നു.

യുവതിയുടെ പിതാവ് ഹവാലു ചന്ദ് സര്‍ക്കാര്‍ പിജി ഉടമയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സിംഗിന്റെ അധിക്ഷേപത്തെ തുടര്‍ന്ന് മകള്‍ സിലിഗുരിയിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചിരുന്നതായും ഇത് പറഞ്ഞാണ് ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചതെന്നും പിതാവ് പൊലീസിനെ അറിയിച്ചു. അല്പസമയം കഴിഞ്ഞപ്പോള്‍ സിംഗ് തന്നെ വിളിച്ചതായും മിസ്റ്റു എന്തോ ചെയ്‌തെന്ന് പറയുകയും ചെയ്തു. എന്താണെന്ന് ചോദിച്ചപ്പോള്‍ മറുപടി നല്‍കിയില്ല. ഇതിനെ തുടര്‍ന്നാണ് ഗുരുഗ്രാം പൊലീസിനെ ബന്ധപ്പെട്ടത്. പൊലീസുകാര്‍ സംഭവ സ്ഥലത്തെത്തിയപ്പോള്‍ മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് മകളെ കണ്ടെത്തിയത്. എന്നാല്‍ അവസാനത്തെ ഫോണ്‍ സംഭാഷണം വെച്ച് നോക്കുമ്പോള്‍ മകള്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്ന് ഹവാലു പറയുന്നു. അതിനാല്‍ പിജി ഉടമയ്‌ക്കെതിരെ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, യുവതിയുടെ മുറിയില്‍ നിന്നും ഇതുവരെ ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഫോറന്‍സിക് വിദഗ്ധനൊപ്പമാണ് മുറിയിലെത്തിയത്. അവിടെ നിന്നും പരമാവധി തെളിവുകള്‍ ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. യുവതിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിഎല്‍എഫ് മൂന്നാം ഫേസിലെ പോലീസ് സ്റ്റേഷനില്‍ ഐപിസി സെക്ഷന്‍ 306 പ്രകാരം ആത്മഹത്യ പ്രേരണയ്ക്ക് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സിസിടിവി ദൃശ്യങ്ങളെടുക്കുകയും ജീവനക്കാരുടെ മൊഴിയെടുക്കുകയും ചെയ്തതിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ രാം നിവാസ് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications