അഹമ്മദാബാദ്-ലണ്ടന്‍ വിമാനം അടക്കം ആറ് സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ; 'റീഫണ്ട് അല്ലെങ്കില്‍ സൗജന്യയാത്ര'
ന്യൂഡല്‍ഹി: ഇന്ന് പുറപ്പെടേണ്ടിയിരുന്ന ആറ് അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. കഴിഞ്ഞയാഴ്ച അഹമ്മദാബാദില്‍ ഉണ്ടായ ഭീകരമായ അപകടത്തെത്തുടര്‍ന്ന് ബോയിംഗിന്റെ മുന്‍നിര വിമാനങ്ങളുടെ പരിശോധന വര്‍ധിച്ച സാഹചര്യത്തില്‍ ആണ് നടപടി. ഇന്ന് റദ്ദാക്കിയ എല്ലാ വിമാനങ്ങളും 787-8 ഡ്രീംലൈനര്‍ ഉപയോഗിക്കുന്നതാണ്. ലണ്ടനിലേക്കുള്ള വിമാനത്തില്‍ അവസാന നിമിഷമാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍ ഇത് എയര്‍ ഇന്ത്യ തള്ളി. വ്യേമാതിര്‍ത്തി നിയന്ത്രണങ്ങളും മുന്‍കരുതല്‍ പരിശോധനകളും മുന്‍നിര്‍ത്തി വിമാനങ്ങളുടെ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടിയാണ് വിമാനം റദ്ദാക്കാന്‍ കാരണമെന്നും വിമാനത്തിന് സാങ്കേതിക തകരാര്‍ നേരിട്ടിട്ടില്ലെന്നുമാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിനു ശേഷം ആദ്യമായി നടത്തുന്ന സര്‍വീസായിരുന്നു ഇത്.

യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യങ്ങള്‍ക്ക് ഖേദം പ്രകടിപ്പിക്കുന്നു എന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. 'യാത്ര തുടരുന്നതിനായി മറ്റു ക്രമീകരണങ്ങള്‍ ഞങ്ങള്‍ ചെയ്തിട്ടുണ്ട്. യാത്രക്കാര്‍ക്കായി ഹോട്ടല്‍ സൗകര്യങ്ങള്‍ ഒരുക്കുകയും ടിക്കറ്റ് നിരക്ക് റീഫണ്ടായോ യാത്ര സൗജന്യമായി പുനഃക്രമീകരിക്കാനോ ഉള്ള സൗകര്യങ്ങളും ഞങ്ങള്‍ ഒരുക്കുന്നു'' എയര്‍ ഇന്ത്യ വ്യക്തമാക്കി.
എയര്‍ ഇന്ത്യ ഇന്ന് റദ്ദാക്കിയ സര്‍വീസുകള്‍ AI 915 (ഡല്‍ഹി-ദുബായ്), AI 153 (ഡല്‍ഹി-വിയന്ന), AI 143 (ഡല്‍ഹി-പാരീസ്), AI 133 (ബെംഗളൂരു-ലണ്ടന്‍), AI 170 (ലണ്ടന്‍-അമൃത്സര്‍) എന്നിവയാണ്. ഇവയ്ക്ക് പുറമേ, ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയിരുന്ന AI 315 ആയി ഡ്രീംലൈനറിനെയും സാങ്കേതിക പ്രശ്നം ബാധിച്ചതിനാല്‍ ഹോങ്കോങ്ങിലേക്ക് മടങ്ങേണ്ടിവന്നു. ഇന്ന് രാവിലെ എയര്‍ ഇന്ത്യ സാന്‍ ഫ്രാന്‍സിസ്‌കോ-മുംബൈ വിമാനത്തിനും സാങ്കേതിക തകരാര്‍ സംഭവിച്ചു.
ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പാരീസിലെ ചാള്‍സ് ഡി ഗല്ലെ (ജിഡിജി) വിമാനത്താവളത്തിലേക്കുള്ള എയര്‍ ഇന്ത്യ വിമാനവും ചൊവ്വാഴ്ച റദ്ദാക്കി. ടേക്ക് ഓഫിന് തൊട്ടുമുമ്പുള്ള വിമാനത്തിന്റെ പരിശോധനയ്ക്കിടെ ഒരു തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ഈ പ്രശ്‌നം എയര്‍ലൈന്‍ ഇപ്പോള്‍ പരിഹരിച്ചുവരികയാണ്.
അതേസമയം മറ്റ് റദ്ദാക്കലുകളുടെ കാരണങ്ങള്‍ വ്യക്തമല്ല. അഹമ്മദാബാദ് വിമാനാപകടത്തിന് ശേഷം എയര്‍ ഇന്ത്യ തങ്ങളുടെ വിമാനങ്ങളില്‍, പ്രത്യേകിച്ച് ബോയിംഗ് 787 ഡ്രീംലൈനര്‍ ഫ്‌ലീറ്റിന്റെ സുരക്ഷാ പരിശോധനകള്‍ വര്‍ധിപ്പിച്ചിരുന്നു. ഈ പരിശോധനകള്‍ എയര്‍ലൈനിന്റെ ഫ്‌ലൈറ്റ് ഷെഡ്യൂളിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കാം എന്നും ഇതായിരിക്കാം ഈ റദ്ദാക്കലുകള്‍ക്ക് കാരണമെന്നും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications