എയർ ഇന്ത്യ എക്സ്പ്രസില്‍ ഓഫർ നിരക്കില്‍ ടിക്കറ്റ്: പ്രവാസികള്‍ക്കും കിട്ടും, പക്ഷെ ഒരു നിബന്ധന മാത്രം
അടിക്കടി ഉയർത്തുന്ന വിമാന ടിക്കറ്റ് നിരക്ക് പ്രവാസികളെ സംബന്ധിച്ച് വലിയ ആശങ്കയാണ്. പെരുന്നാളും സ്കൂള്‍ അവധിയുമൊക്കെയുള്ള സീസണുകളില്‍ പല ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്ക് എത്തണമെങ്കില്‍ വലിയ പണമാണ് വിമാന ടിക്കറ്റിന് മാത്രം നല്‍കേണ്ടത്. അത്തരമൊരു സാഹചര്യത്തിലാണ് പ്രവാസികള്‍ക്കായി ഇന്ത്യന്‍ എക്സ്പ്രസ് പ്രഖ്യാപിച്ച് ഒരു ഓഫർ അല്‍പം ആശ്വാസമായി മാറുന്നത്.
ഓഫർ നിരക്കില്‍ ടിക്കറ്റ് ലഭിക്കുന്നതിന് ഒരു നിബന്ധനയും ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എക്സ്പ്രസ് മുന്നോട്ട് വെച്ചിട്ടുണ്ട്. ചെക്ക് - ഇൻ ബാഗേജില്ലാതെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് ഓഫർ നിരക്കില്‍ ടിക്കറ്റ് നല്‍കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. പുതിയ ഓഫറിലൂടെ എക്സ്പ്രസ് ചെക്ക് - ഇൻ യാത്രക്കാർക്ക് കൗണ്ടറുകളിലും ബാഗേജ് ബെൽറ്റുകളിലും ക്യൂ ഒഴിവാക്കാനാവുമെന്നും ടിക്കറ്റ് നിരക്കിന് പുറമേ കോംപ്ലിമെൻ്ററി +3 കിലോ ക്യാബിൻ ബാഗേജ് അലവൻസും കിട്ടുമെന്നും എയർഇന്ത്യ എക്സ്പ്രസ് എം ഡി അലോക് സിംഗ് വ്യക്തമാക്കി.

എയർലൈന്റെ വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കെല്ലാം ഓഫർ ലഭിക്കും. ലഗേജ് ഇല്ലാതെ എത്തുന്ന യാത്രക്കാർക്ക് ക്യൂവിൽ നിൽക്കാതെ എക്സ്പ്രസ് കൗണ്ടറിലൂടെ അതിവേഗം ചെക്ക് - ഇൻ നടപടികൾ പൂർത്തിയാക്കാം. ലഗേജില്ലാത്ത ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പിന്നീട് ആവശ്യമെങ്കിൽ പണമടച്ച് 15, 20 കിലോ ലഗേജ് ചേർക്കാനും യാത്രാ തീയതി മാറ്റാനും സാധിക്കുമെന്നും എയർ ഇന്ത്യ എക്സ്പ്രസ് പ്രസ്താവനയിലൂടെ അറിയിച്ചു.
എയർപോർട്ടിലെ എയർലൈനിൻ്റെ കൗണ്ടറുകളിൽ നിന്ന് യാത്രക്കാർക്ക് ചെക്ക് - ഇൻ ബാഗേജ് സേവനങ്ങൾ ഉപയോഗപ്പെടുത്താം. 65 വിമാനങ്ങളുള്ള എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമാണ് എയർ ഇന്ത്യ എക്സ്പ്രസ്. നിലവിൽ 31 ആഭ്യന്തര വിമാനത്താവളങ്ങളേയും 14 അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും ഇത് എയർ ഇന്ത്യ ബന്ധിപ്പിക്കുന്നു.
എക്‌സ്‌പ്രസ് ലൈറ്റ് നിരക്കുകൾ ആരംഭിക്കുന്നതിലൂടെ ഇന്ത്യയിൽ ഒരു പുതിയ യാത്ര സംസ്കാരം വളർത്തുകയാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ അങ്കുർ ഗാർഗ് അഭിപ്രായപ്പെട്ടു. എക്സ്പ്രസ് ലൈറ്റ് ഫെയര്‍ ടിക്കറ്റ് നിരക്കിളവ് ആഭ്യന്തര, രാജ്യാന്തര സെക്ടറിലെ യാത്രക്കാര്‍ക്കെല്ലാം ലഭിക്കും എന്നതാണ് ശ്രദ്ധേയം.












Click it and Unblock the Notifications