പൈലറ്റല്ല കാരണം? ആകാശച്ചുഴിയില്‍പ്പെട്ട എയര്‍ഇന്ത്യ വിമാനത്തിന് ഗുരുതരമായ സാങ്കേതിക പിഴവുകള്‍
ആകാശച്ചുഴിയില്‍പ്പെട്ട എയര്‍ഇന്ത്യ വിമാനത്തിന് ഗുരുതരമായ സാങ്കേതിക പിഴവുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച ഫൂക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറക്കുന്നതിനിടെയാണ് എയര്‍ ഇന്ത്യ എ320 വിമാനം പെട്ടെന്ന് 300 അടി ഉയരത്തില്‍ വീണത്. വിമാനത്തിന് ട്രിപ്പിള്‍ ഹൈഡ്രോളിക് തകരാറുകളും ഓട്ടോപൈലറ്റ് വിച്ഛേദവും ഉള്‍പ്പെടെ നിരവധി സാങ്കേതിക തകരാറുകള്‍ സംഭവിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
പറക്കലിനിടെ ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെട്ടുവെന്നും തുടര്‍ന്ന് സഹപൈലറ്റ് മാനുവല്‍ നിയന്ത്രണം ഏറ്റെടുത്തുവെന്നും വൃത്തങ്ങള്‍ അറിയിച്ചു. താമസിയാതെ, ഫ്‌ലൈറ്റ്-കണ്‍ട്രോള്‍ സ്റ്റാള്‍ സന്ദേശം പ്രത്യക്ഷപ്പെട്ടു. വിമാനം മറ്റ് സാങ്കേതിക, മെക്കാനിക്കല്‍ പ്രശ്നങ്ങളും അന്തരീക്ഷത്തില്‍ പ്രക്ഷുബ്ധതയും നേരിട്ടതിനാല്‍ നിരവധി ഇന്‍ഡിക്കേറ്റര്‍ സ്വിച്ചുകളും ഹ്രസ്വമായി ഓഫായി.

വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനങ്ങളിലും തകരാറുകള്‍ സംഭവിച്ചു. ഫ്‌ലൈറ്റ് കണ്‍ട്രോളുകള്‍ ഉള്‍പ്പെടെയുള്ള സുപ്രധാന പ്രവര്‍ത്തനങ്ങള്‍ക്ക് ഇവ അത്യന്താപേക്ഷിതമാണ്. ഈ തകരാറുകള്‍ സംഭവിച്ച ക്രമവും, വിമാനത്തിന് പെട്ടെന്നുണ്ടായ ഉയരക്കുറവുമായി അവയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കും.
വിമാനം ആകാശച്ചുഴിയില്‍പ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാരും ജീവനക്കാരും ഉള്‍പ്പടെ 17 പേര്‍ക്ക് പരിക്കേറ്റിരുന്നു. പിന്നീട് ജീവനക്കാര്‍ വിമാനത്തെ നിയന്ത്രണവിധേയമാക്കുകയും യാത്ര തുടര്‍ന്ന് ഡല്‍ഹിയില്‍ എത്തിക്കുകയും ചെയ്തു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഈ സംഭവത്തെ ഒരു 'ഗുരുതരമായ സംഭവം' ആയാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. ഇതിന് കാരണമായ സാഹചര്യങ്ങളെക്കുറിച്ച് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണിക്കുകയാണ്.
വിമാന അപകടങ്ങളെയും ഗുരുതരമായ സംഭവങ്ങളെയും കുറിച്ചുള്ള അന്വേഷണത്തിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ 'അനെക്‌സ് 13' പ്രകാരമാണ് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം നടത്തുന്നത്. ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി എയര്‍ബസ്, ഫ്രഞ്ച് വ്യോമയാന അപകട അന്വേഷണ ഏജന്‍സിയായ ബിഇഎ എന്നിവയില്‍ നിന്നുള്ള സംഘങ്ങള്‍ എത്തും.
എ320 വിമാനത്തിന്റെ നിര്‍മ്മാതാക്കളായ എയര്‍ബസിന്റെ ആസ്ഥാനം ഫ്രാന്‍സിലായതിനാലാണ് അവര്‍ ഈ നടപടികളില്‍ പങ്കാളികളാകുന്നത്. അന്വേഷണത്തില്‍ സഹായിക്കുന്നതിനായി വിദഗ്ധരെ അയക്കുന്നുണ്ടെന്ന് എയര്‍ബസ് അറിയിച്ചു. വിമാനത്തിന്റെ പെട്ടെന്നുള്ള ഉയരക്കുറവിന് കാരണമെന്തെന്നും, റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാങ്കേതിക തകരാറുകള്‍ ഏത് ക്രമത്തിലാണ് സംഭവിച്ചതെന്നും കണ്ടെത്തുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ വിമാനത്തിന്റെ സംവിധാനങ്ങള്‍, ഫ്‌ലൈറ്റ് ഡാറ്റ, കോക്ക്പിറ്റ് റെക്കോര്‍ഡിംഗുകള്‍ എന്നിവ പരിശോധിക്കും.
മൂന്ന് കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 137 യാത്രക്കാരും, രണ്ട് പൈലറ്റുമാരും ആറ് ക്യാബിന്‍ ക്രൂ അംഗങ്ങളും അടങ്ങുന്ന എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലുണ്ടായ കുലുക്കം ഏകദേശം അഞ്ച് മിനിറ്റോളം നീണ്ടുനിന്നെന്നും, ചില ജീവനക്കാര്‍ക്ക് നട്ടെല്ലിനും കഴുത്തിനും പരിക്കേറ്റതിനാല്‍ വൈദ്യസഹായം ആവശ്യമായി വന്നെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രി കെ. രാംമോഹന്‍ നായിഡു പറഞ്ഞിരുന്നു.
അതിനിടെ വിമാനയാത്രയ്ക്ക് ശേഷം പൈലറ്റുമാര്‍ക്ക് നിര്‍ബന്ധിത 'സൈക്കോആക്റ്റീവ്' (മസ്തിഷ്‌കത്തെ ബാധിക്കുന്ന ലഹരിവസ്തുക്കള്‍ സംബന്ധിച്ച) പരിശോധന നടത്തിയതും ഈ സംഭവത്തെ ശ്രദ്ധേയമാക്കിയിട്ടുണ്ട്. സിവില്‍ ഏവിയേഷന്‍ ചട്ടങ്ങള്‍ക്കനുസൃതമായി ജീവനക്കാരില്‍ പതിവായി മയക്കുമരുന്ന് പരിശോധന നടത്താറുണ്ടെന്നും അധികൃതരുമായി പൂര്‍ണമായി സഹകരിക്കുമെന്നും എയര്‍ ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
രണ്ട് പൈലറ്റുമാരും നിശ്ചിത പരിശോധനയ്ക്ക് വിധേയരായെന്നും, എന്നാല്‍ പ്രധാന പൈലറ്റിന്റെ പ്രാഥമിക പരിശോധനാഫലം കൂടുതല്‍ വിശകലനം ആവശ്യപ്പെടുന്ന തരത്തിലുള്ളതായിരുന്നുവെന്നും ഡിജിസിഎ അറിയിച്ചു. സ്ഥിരീകരണ പരിശോധനയ്ക്കായി സാമ്പിള്‍ അംഗീകൃത ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്; അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. പ്രാഥമിക ഫലം വന്നതുകൊണ്ട് മാത്രം പൈലറ്റ് മയക്കുമരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിക്കാനാവില്ല.
സ്ഥിരീകരണ പരിശോധനയും എഎഐബി അന്വേഷണവും പൂര്‍ത്തിയാകുന്നത് വരെ ഇരു പൈലറ്റുമാരെയും വിമാന സര്‍വീസ് ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണ്. തുടര്‍നടപടികള്‍ ഈ രണ്ട് നടപടികളുടെയും ഫലത്തെ ആശ്രയിച്ചിരിക്കും.





Click it and Unblock the Notifications