100 ബില്യൻ ഡോളറിലേറെ ചെലവിട്ട് 500 പുതിയ വിമാനങ്ങൾ വാങ്ങാൻ എയർ ഇന്ത്യ
ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുത്തതിന് പിന്നാലെയുള്ള ചരിത്രപരമായ നടപടിയാണ്

ന്യൂഡൽഹി ∙ 500 പുതിയ വിമാനങ്ങൾ വാങ്ങാൻ കമ്പനികളുമായി ധാരണയിലെത്തി എയർ ഇന്ത്യ. 100 ബില്യൻ യുഎസ് ഡോളറിലേറെ ചെലവിട്ടാണ് വിമാനങ്ങൾ വാങ്ങുന്നതെന്നു വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുത്തതിന് പിന്നാലെയുള്ള ചരിത്രപരമായ നടപടിയാണ്. പുതിയ വിമാനങ്ങളുമായി ആഭ്യന്തര, രാജ്യാന്തര യാത്രയിൽ ആധിപത്യം സ്ഥാപിക്കുകയാണു ടാറ്റാ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്

കരാർ..
ഫ്രാൻസിന്റെ എയർബസ്, എതിരാളികളായ ബോയിങ് എന്നീ കമ്പനികൾക്കു തുല്യമായാണു വിമാനനിർമാണ കരാർ അനുവദിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ എയർ ഇന്ത്യയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. എയർബസിന്റെ എ320 നിയോസ്, എ350എസ്, ബോയിങ്ങിന്റെ 737 മാക്സ്, 787 വൈഡ്ബോഡീസ്, 777 എക്സ്എസ് എന്നീ വിമാനങ്ങളാണു വാങ്ങുന്നത്. വെള്ളിയാഴ്ചയാണ് എയർഇന്ത്യയും എയർബസും കരാറിൽ ഒപ്പിട്ടത്. ഇക്കഴിഞ്ഞ ജനുവരി 27ന് ബോയിങ്ങുമായി കരാറായിരുന്നു.

പ്രതികരിക്കാതെ എയർ ഇന്ത്യ...
കരാറിനെപ്പറ്റി പ്രതികരിക്കൻ എയർഇന്ത്യയും വിമാനനിർമാണ കമ്പനികളും തയാറായില്ല. അടുത്തിടെ, സിംഗപ്പുർ എയർലൈൻസുമായി സഹ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനി വിസ്താര എയർ ഇന്ത്യയിൽ ലയിച്ചിരുന്നു. ഇതോടെ 218 വിമാനങ്ങളുമായി എയർ ഇന്ത്യ രാജ്യത്തെ ഏറ്റവും വലിയ രാജ്യാന്തര കാരിയറും രണ്ടാമത്തെ വലിയ ആഭ്യന്തര കാരിയറുമായി മാറി. 1932ൽ ജെആർഡി ടാറ്റ തുടങ്ങിയ എയർ ഇന്ത്യയെ 1953ൽ ദേശസാൽക്കരിച്ചു. സാമ്പത്തിക പ്രതിസന്ധിയിലായ എയർ ഇന്ത്യയെ പിന്നീട് ടാറ്റ തന്നെ സ്വന്തമാക്കുകയായിരുന്നു. എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും ടാറ്റയ്ക്ക് കൈമാറി. ഇതോടെ എയർ ഇന്ത്യ സ്വകാര്യ മേഖലയിലെ വിമാന സർവീസായി മാറി.

സർക്കാരിൽ നിന്ന് ടാറ്റയിലേക്ക്..
കനത്ത കടബാധ്യതയെ തുടർന്ന് 2021 ഒക്ടോബറിലാണ് കേന്ദ്ര സർക്കാർ എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് വിറ്റത്. 18000 കോടി രൂപയ്ക്കായിരുന്നു കരാർ. ഉടമ്പടി പ്രകാരം ടാറ്റ ഗ്രൂപ്പിന് എയർ ഇന്ത്യ എക്‌സ്പ്രസും എയർ ഇന്ത്യ ഗ്രൗണ്ട് ഹാൻഡിലിങ് വിഭാഗത്തിന്റെ 50 ശതമാനം ഓഹരിയും ലഭിക്കും. കമ്പനിയുടെ അന്തിമ വരവ് ചെലവ് കണക്ക് എയർ ഇന്ത്യ കഴിഞ്ഞ ദിവസം തന്നെ ടാറ്റയ്ക്ക് കൈമാറിയിരുന്നു. എയർ ഇന്ത്യയുടെ ആകെ കടത്തിൽ 15300 കോടി രൂപ ടാറ്റ ഏറ്റെടുത്തു. കൈമാറ്റത്തിന് മുന്നോടിയായി ടെൻഡർ തുകയിൽ ബാക്കിയുള്ള 2700 കോടി രൂപ കേന്ദ്രസർക്കാരിന് ലഭിച്ചതായി ഡി.ഐ.പി.എ.എം സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ അറിയിച്ചിരുന്നു,

ടാറ്റ..എയർ ഇന്ത്യയെ സ്വന്തമാക്കി
ടാലാസ് എന്ന ഉപകമ്പനിയുടെ പേരിലായിരുന്നു ടാറ്റാ സൺസ് എയർ ഇന്ത്യയെ സ്വന്തമാക്കിയത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി പ്രവർത്തന സേവന നിലവാരം മെച്ചപ്പെടുത്താൻ 100 ദിവസത്തെ പദ്ധതി തയ്യാറാക്കുമെന്നും ടാറ്റ ഗ്രൂപ്പ് അറിയിച്ചിരുന്നു.












Click it and Unblock the Notifications