എയര്‍ ഇന്ത്യ മെനുവില്‍ അടിമുടി പരിഷ്‌കാരം; കേരളത്തില്‍ നിന്ന് ഇടം പിടിച്ചത് ഈ വിഭവം
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ഭക്ഷണ മെനുവില്‍ അടിമുടി പരിഷ്‌കാരം. യാത്രക്കാര്‍ക്ക് കൂടുതല്‍ ആസ്വാദ്യകരമാകുന്ന വിധത്തില്‍ കൂടുതല്‍ വൈവിധ്യമുള്ള ഭക്ഷണ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ മെനു നടപ്പാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകളിലാണ് ഈ മെനു ലഭ്യമാകുന്നത്. ആഭ്യന്തര വിമാനങ്ങളിലേക്കും ഇത് ഘട്ടം ഘട്ടമായി നീട്ടുമെന്നാണ് വിമാന കമ്പനിയുടെ വാഗ്ദാനം.
യാത്രക്കാര്‍ക്കായി പരമ്പരാഗത ഉത്തരേന്ത്യന്‍, ദക്ഷിണേന്ത്യന്‍ വിഭവങ്ങളും അന്താരാഷ്ട്ര വിഭവങ്ങളും ഉള്‍പ്പെടുത്തിയാണ് മെനു വിപുലീകരിച്ചിരിക്കുന്നത്. ഓരോ ക്യാബിന്‍ ക്ലാസിനും വ്യത്യസ്തമായ വിഭവങ്ങളാണ് നല്‍കുന്നത്. നിലവില്‍ ലണ്ടന്‍, ന്യൂയോര്‍ക്ക്, ടൊറന്റോ, സിഡ്‌നി, മെല്‍ബണ്‍, സാന്‍ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളിലേക്കുള്ള ദീര്‍ഘദൂര റൂട്ടുകളിലേക്കാണ് ഈ ഭക്ഷണം ലഭ്യമാക്കുന്നത്.

പുതിയ മെനു പ്രകാരം ദക്ഷിണേന്ത്യയിലെ പരമ്പരാഗത വിഭവങ്ങള്‍ മുതല്‍ ജാപ്പനീസ്, കൊറിയന്‍, യൂറോപ്യന്‍ വിഭവങ്ങള്‍ വരെ യാത്രക്കാര്‍ക്ക് ഓര്‍ഡര്‍ ചെയ്യാം. ഫസ്റ്റ് ക്ലാസ്, ബിസിനസ്, പ്രീമിയം ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കായി സിഗ്‌നേച്ചര്‍ ഇന്ത്യന്‍ വിഭവങ്ങളായ അവാദി പനീര്‍ അഞ്ജീര്‍ പസന്ദ (വെജ് താലി), മുര്‍ഗ് മുസല്ലം (നോണ്‍-വെജ് താലി), രാജസ്ഥാനി ബെസാന്‍ ചില്ല, മലായ് പാലക് കോഫ്ത എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ എല്ലാ വിഭവങ്ങളും പ്രീമിയം ഇക്കോണമി ക്ലാസില്‍ ലഭിക്കില്ല.
ആര്‍ട്ടിസാനല്‍ ബ്രെഡുകള്‍, സിഗ്‌നേച്ചര്‍ ഡെസേര്‍ട്ടുകള്‍, വൈന്‍, ഷാംപെയ്ന്‍ എന്നിവയും ആസ്വദിക്കാം. കേരളത്തില്‍ നിന്ന് മലബാറി ചിക്കന്‍ കറിയാണ് ആഗോള മെനുവില്‍ ഇടം നേടിയിരിക്കുന്നത്. ബിസിനസ് ക്ലാസില്‍ കസ്റ്റമൈസ്ഡ് ആയി വിഭവങ്ങള്‍ തിരഞ്ഞെടുക്കാം. വ്യത്യസ്തത ആസ്വദിക്കുന്നവര്‍ക്കായി കൊറിയന്‍ ഭക്ഷണമായ ചിക്കന്‍ ബിബിംബാപ്പ്, ചൈനീസ് ഭക്ഷണമായ മാച്ച ഡിലൈസ് എന്നിവയും മെനുവിലുണ്ട്.
എയര്‍ ഇന്ത്യയില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായി അടുത്തിടെ എയര്‍ലൈനില്‍ ചേര്‍ന്ന ഷെഫ് സന്ദീപ് കല്‍റയാണ് ഈ മെനു ആസൂത്രണം ചെയ്തത്. നിലവിലെ വിഭവങ്ങള്‍ക്കൊപ്പം ദില്ലി സ്ട്രീറ്റ് ഫുഡ് മുതല്‍ സൗത്ത് ഇന്ത്യന്‍ ടിഫിനുകള്‍ വരെ പുതുക്കിയ മെനുവിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവതരണത്തിലും വിളമ്പുന്നതിലും ഉള്‍പ്പെടെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിര്‍ദേശം. പുതിയ വിഭവങ്ങള്‍ വിളമ്പുന്നതിനായി ക്യാബിന്‍ ക്രൂവിന് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ടെന്നും എയര്‍ ഇന്ത്യ അറിയിച്ചു.












Click it and Unblock the Notifications