നിങ്ങള്‍ അങ്ങനെയെങ്കില്‍ ഞങ്ങള്‍ ഇങ്ങനെ, വ്യോമയാന മന്ത്രിക്ക് പൈലറ്റിന്‌റെ മറുപടി
ജീവനക്കാരുടെ പ്രകടനം പോരെന്ന് അശോക് ഗണപതി രാജു. പാര്‍ലമെന്‌റ് ബഹളത്തില്‍ മുക്കുന്ന എംപിമാരെ അപേക്ഷിച്ച് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ ഭേദമാണെന്ന് വ്യോമയാന മന്ത്രിക്ക് മറുപടി കത്ത്.
എയര്‍ ഇന്ത്യാ ജീവനക്കാര്‍ വേണ്ടവിധത്തില്‍ പണിയെടുക്കുന്നില്ലെന്നാണ് വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന്‌റെ പരാതി. മന്ത്രിക്ക് മറുപടിയായി എയര്‍ ഇന്ത്യ പൈലറ്റ് അയച്ച് കത്ത് വൈറലാകുന്നു. പാർലമെന്റിൽ ബഹളം വയ്ക്കുന്ന എംപിമാരെക്കാൾ ഭേദമാണ് തങ്ങളെന്നായിരുന്നു എയർഇന്ത്യാ പൈലറ്റിന്റെ മറുപടി

സ്വകാര്യ വിമാന കമ്പനി ജീവനക്കാരെ അപേക്ഷിച്ച് എയര്‍ ഇന്ത്യ ജീവനക്കാര്‍ ക്രിയാത്മകമായി പണി എടുക്കുന്നില്ലെന്നാണ് അശോക് ഗജപതി രാജുവിന്‌റെ പരാതി. മോശം സര്‍വ്വീസ് കൊണ്ടും വിമാനങ്ങള്‍ റദ്ദാക്കുന്നത് കൊണ്ടും ആഗോള വ്യോമയാന കമ്പനികള്‍ക്കിടയില്‍ അത്ര നല്ല പേരല്ല എയര്‍ ഇന്ത്യയ്ക്ക്. ജീവനക്കാരുടെ അര്‍പ്പണ മനോഭാവംകുറയുന്നത് കൊണ്ടാണ് ഇതെന്നാണ് കേന്ദ്രമന്ത്രിയുടെ കണ്ടെത്തല്‍.

മന്ത്രിയുടെ വിമര്‍ശനത്തിന് എയര്‍ ഇന്ത്യ പൈലറ്റ് തന്നെ ചുട്ടമറുപടി കൊടുത്തു. നിയമ നിര്‍മ്മാണത്തിനും ജനോപകാര പ്രദമായ പദ്ധതികള്‍ വിഭാവനം ചെയ്യുന്നതിനും ഉള്ള സ്ഥലമാണ് പാര്‍ലമെന്‌റ്, എന്നാല്‍ എത്ര രാഷ്ട്രീയക്കാര്‍ ക്രിയാത്മകമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ജീവനക്കാരന്‌റെ ചോദ്യം.

പാര്‍ലമെന്‌റിന്‌റെ ശീതകാല സമ്മേളനം ഒരു ബില്ല് പോലും ചര്‍ച്ചയ്ക്ക് എടുക്കാതെ പ്രധാനമന്ത്രി നോട്ട് അസാധു ആക്കലിനെ കുറിച്ച് വിശദീകരണം നല്‍കണം എന്ന പ്രതിപക്ഷത്തിന്‌റെ ഒറ്റകടുപിടുത്തം കാരണം കുളമായില്ലെ എന്നാണ് പൈലറ്റിന്‌റെ ചോദ്യം. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍മാത്രമാണ് പ്രധാനമന്ത്രിക്ക് താല്‍പര്യം. മന്ത്രിമാരും മോശമല്ല, ഈ നിരുത്തരവാദിത്വം തന്നെയാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. സത്യപ്രതിജ്ഞാലംഘനമാണ് എംപിമാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും കത്തിലുണ്ട്.

എയര്‍ ഇന്ത്യ പൈലറ്റ് ആയ സുഭാഷിഷ് മജുംദാറാണ് കേന്ദ്രമന്ത്രിക്ക് ചുട്ടമറുപടി കൊടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എയര്‍ ഇന്ത്യ ഇക്കാര്യം നിഷേധിച്ചു. ഇത്തരം ഒരു കത്ത് എയര്‍ ഇന്ത്യ ജീവനക്കാരന്‍ അയച്ചിട്ടില്ലെന്നാണ് എയര്‍ ഇന്ത്യ പിആര്‍ഒ അറിയിച്ചത്.












Click it and Unblock the Notifications