ലാൻഡിങ്ങിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം റണ്‍വേയിലിടിച്ചു; അന്വേഷണം
ബെംഗളൂരു ; ലാൻഡിങ്ങിനിടെ എയർ ഇന്ത്യ വിമാനത്തിൻ്റെ പിൻഭാഗം റണ്‍വേയിൽ ഇടിച്ചു. ഡൽഹി-ബെംഗളൂരു എയർ ഇന്ത്യ AI2651 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകീട്ടോടെയാണ് സംഭവം. ആളപായമൊന്നും ഇല്ലെന്നും വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരായി പുറത്തിറങ്ങിയതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
എയർബസ് A321 നാരോ-ബോഡി വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡിങ്ങിനായി വിമാനം റൺവേയിലേക്ക് അടുക്കുന്നതിനിടെ മറ്റൊരു വലിയ വിമാനം പറന്നുയർന്നിരുന്നു. തുടർന്ന് ഉണ്ടായ 'വേക് ടർബുലൻസ്' ആണ് സംഭവത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. വായുചുഴി ഉണ്ടായതോടെ പൈലറ്റുമാർ 'ഗോ-എറൗണ്ട്' നടപടിയിലേക്ക് കടന്നു. ലാൻഡിങ് ഒഴിവാക്കി വിമാനം വീണ്ടും ഉയർത്തുന്നതിനിടെയാണ് വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ ഉരസിയതെന്നാണ് റിപ്പോർട്ട്.

അപകടത്തിന് പിന്നാലെ സർവ്വീസ് റദ്ദാക്കി. വിമാനം കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കി. വിമാനത്തിന് കേടുപാടുകളുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് എയർ ഇന്ത്യ അറിയിച്ചു. സംഭവത്തിൽ ഡയറക്ടറേറ്റ് ഓഫ് ഏവിയേഷൻ അന്വേഷണം ആരംഭിച്ചു. വിശദമായ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.












Click it and Unblock the Notifications