എയര്‍ ഇന്ത്യയുടെ 70 % വിമാനങ്ങളിലും സാങ്കേതിക പ്രശ്‌നങ്ങള്‍; തൊട്ടുപിന്നില്‍ ഇന്‍ഡിഗോ: റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: വിമാന യാത്രികരെ സംബന്ധിച്ച് ആശങ്കപ്പെടുത്ത ഒരു റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം വ്യോമയാന മന്ത്രാലയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ചത്. എയര്‍ ഇന്ത്യ ഗ്രൂപ്പിന്റെ ഭൂരിഭാഗം വിമാനങ്ങളിലും നിരന്തരം സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നാണ് ലോക്‌സഭയില്‍ സമര്‍പ്പിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നത്. പരിശോധിച്ച ഓരോ പത്ത് വിമാനങ്ങളില്‍ ഏഴ് എണ്ണത്തിലെങ്കിലും സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ സഹമന്ത്രി മുരളീധര്‍ മോഹോള്‍ അറിയിച്ചു. അഹമ്മദാബാദിലുണ്ടായ എയര്‍ ഇന്ത്യ വിമാന അപകടത്തെതുടര്‍ന്നാണ് വിമാന യാത്ര സംബന്ധിച്ച സുരക്ഷാ പരിശോധനകള്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ക്കശമാക്കിയത്.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് (ഡിജിസിഎ) പരിശോധനകള്‍ നടത്തിയത്. എയര്‍ ഇന്ത്യ ഗ്രൂപ്പിന്റെ കൈവശമുള്ള 267 വിമാനങ്ങളില്‍ 191 എണ്ണത്തിലും ആവര്‍ത്തിച്ചുള്ള തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ കൈവശമുള്ള 166 വിമാനങ്ങളില്‍ 137 എണ്ണത്തിലും, എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 101 വിമാനങ്ങളില്‍ 54 എണ്ണത്തിലുമാണ് സാങ്കേതിക പ്രശ്‌നങ്ങളുള്ളത്. എന്നാല്‍ ഈ തകരാറുകളില്‍ ഭൂരിഭാഗവും വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്നവയല്ലെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ വിശദീകരിക്കുന്നത്. തകരാറിലായ സീറ്റുകള്‍, പ്രവര്‍ത്തിക്കാത്ത സ്‌ക്രീനുകള്‍, പൊട്ടിയ ട്രേ ടേബിളുകള്‍ എന്നിവയാണ് ഇതില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്. കാറ്റഗറി ഡി വിഭാഗത്തിലാണ് ഈ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുന്നത്. വിമാനങ്ങളിലെ സാങ്കേതിക തകരാറുകളെ അതിന്റെ തീവ്രത അനുസരിച്ച് എ, ബി, സി, ഡി വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്.

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വിമാനങ്ങള്‍ പരിഷ്‌കരിക്കുന്നതോടെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് വിമാനക്കമ്പനി ഉറപ്പു നല്‍കി. ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് എന്നിവയുള്‍പ്പെടെയുള്ള മറ്റ് എയര്‍ലൈനുകളും സമാനമായ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എയര്‍ ഇന്ത്യക്കു തൊട്ടുപിന്നിലുള്ളത് ഇന്‍ഡിഗോയാണ്. ഇന്‍ഡിഗോയുടെ 405 വിമാനങ്ങളില്‍ 148 എണ്ണത്തിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. മറ്റ് ചെറിയ എയര്‍ലൈനുകളിലും ഇത്തരം തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്‌പൈസ് ജെറ്റിന്റെ പരിശോധന നടത്തിയ 43 വിമാനങ്ങളില്‍ 16 എണ്ണത്തില്‍ തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അകാസ എയറിന്റെ 32 വിമാനങ്ങളില്‍ 14 എണ്ണത്തിന് പ്രശ്‌നങ്ങളുള്ളതായി കണ്ടെത്തി.
വ്യോമയാന മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി പരിശോധനകള്‍ ശക്തമാക്കിയതായും കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ചതായും സര്‍ക്കാര്‍ അറിയിച്ചു. വിമാനത്താവളങ്ങളില്‍ രാത്രിയില്‍ ഉള്‍പ്പെടെ മിന്നല്‍ പരിശോധനകളും വര്‍ധിപ്പിച്ചിട്ടുണ്ട്.
സമീപകാലത്തായി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ഉള്‍പ്പെടെ നിരവധി വിമാനങ്ങളില്‍ യാത്രാമധ്യേ സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലപ്പോഴും യാത്രക്കാരുടെ ജീവന്‍ വരെ മുള്‍മുനയിലായ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിലെ വിവരങ്ങളും പുറത്തുവരുന്നത്.












Click it and Unblock the Notifications