ഭക്ഷണത്തിന് ഇനി തീ വില നല്‍കേണ്ട: വിമാനത്താവളങ്ങളില്‍ എയർ പാസഞ്ചർ കഫേകളുമായി കേന്ദ്രം, മിതമായ നിരക്ക് മാത്രം
വിമാനത്താവളങ്ങളില്‍ നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കാനാണ് പതിവ് വിമാന യാത്രികർ പോലും പലപ്പോഴും ശ്രമിക്കാറുള്ളത്. വളരെ ഉയർന്ന തോതിലുള്ള വില നല്‍കേണ്ടി വരുന്നു എന്നുള്ളതാണ് ഇതിനുള്ള പ്രധാന കാരണം. എന്നാല്‍ ഈ പ്രശ്നത്തിന് അധികം വൈകാതെ തന്നെ പരിഹാരം കണ്ടേക്കും. മിതമായ നിരക്കില്‍ ലഘുഭക്ഷണം ഉറപ്പ് വരുത്തുന്നുന്ന എയർ പാസഞ്ചർ കഫേ (ഉദാൻ യാത്രി കഫേ) ഉടന്‍ തന്നെ രാജ്യത്തെ വിമാനത്താവളങ്ങളില്‍ പ്രവർത്തനം ആരംഭിച്ചേക്കുമെന്നാണ് വ്യോമായന മന്ത്രാലയം വ്യക്തമാക്കുന്നത്.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എ എ ഐ) നിയന്ത്രണത്തിലുള്ള വിമാനത്താവളങ്ങളിലാകും എയർ പാസഞ്ചർ കഫേ പ്രവർത്തനമാരംഭിക്കുക. ഉഡാൻ റീജനൽ കണക്ടിവിറ്റി പദ്ധതിയുടെ എട്ടാം വാർഷികത്തോടനുബന്ധിച്ച് കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡിസംബർ 21ന് ആദ്യ കഫേ ഉദ്ഘാടനം ചെയ്യുന്നുമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷൻ മന്ത്രി കിഞ്ജരാപ്പു രാംമോഹൻ നായിഡു വ്യക്തമാക്കി.

"മിതമായ നിരക്കില്‍ ലഘുഭക്ഷണങ്ങള്‍ ഉറപ്പ് വരുത്തുന്നതായിരിക്കും കഫേയിലെ മെനു. യാത്രക്കാർക്ക് ചെലവ് കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഭക്ഷണം ലഭ്യമാണെന്ന് ഉറപ്പുവരുത്തുകയും മൂല്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെ അവരുടെ യാത്രാനുഭവം വർദ്ധിപ്പിക്കുകയും ചെയ്യും," നായിഡു പറഞ്ഞു. 100 വർഷം പൂർത്തിയാക്കുന്ന കൊൽക്കത്ത വിമാനത്താവളത്തിലെ ശതാബ്ദി ആഘോഷ പരിപാടികളുടെ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
പരീക്ഷണ അടിസ്ഥാനത്തില്‍ കൊൽക്കത്ത വിമാനത്താവളത്തിലെ ഡിപ്പാർച്ചർ ലോഞ്ചിലായിരിക്കും ലഘുഭക്ഷണ കിയോസ്‌കുകൾ തുറക്കുക. പിന്നീട് എ എ ഐ നിയന്ത്രണത്തിലുള്ള മറ്റ് വിമാനത്താവളങ്ങളിലും പദ്ധതി നടപ്പിലാക്കും. രാജ്യത്തുടനീളം 125 വിമാനത്താവളങ്ങളാണ് എ എ ഐ മേല്‍നോട്ടത്തില്‍ പ്രവർത്തിക്കുന്നത്. കേരളത്തില്‍ തിരുവനന്തപുരം വിമാനത്താവളം ഒഴികേയുള്ളവ എ എ ഐക്ക് കീഴിലാണ്. അദാനി ഗ്രൂപ്പിനാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രവർത്തന ചുമതല.
ചായ, കാപ്പി, ലഘുഭക്ഷണം, വെള്ളം എന്നിവ പോലെയുള്ള അവശ്യ ഭക്ഷണ സാധനങ്ങളായിരിക്കും കിയോസ്കുകളില്‍ ലഭ്യമായിരിക്കുക. ഇന്ത്യയിലെ വ്യോമയാന മേഖല അഭൂതപൂർവമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നതിനാൽ വിമാന യാത്ര കൂടുതൽ മിതമായ നിരക്കിലാക്കുന്നതിനുള്ള നടപടികൾ മന്ത്രാലയം സ്വീകരിക്കുന്നുണ്ട്. രാജ്യത്ത് അതിവേഗം വളരുന്ന മേഖലകളിലൊന്നാണ് സിവിൽ ഏവിയേഷൻ മേഖലയെന്നും സാമ്പത്തിക വളർച്ചയിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
അതേസമയം, വിമാനക്കമ്പനികള്‍ക്ക് 24 മണിക്കൂർ മുമ്പ് വരെ ടിക്കറ്റ് നിരക്ക് മാറ്റാം എന്ന നിയമം മാറ്റിയതായി വ്യോമായന വകുപ്പ് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. പുതിയ ഭേദഗതികള്‍ അടങ്ങുന്ന 'വായുയാന്‍ വിധേയക്' ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. ബില്‍ രാജ്യസഭ പാസാക്കി. ഇനിമുതല്‍ നിരക്ക് വർധിപ്പിക്കണമെങ്കില്‍ ഒരു മാസം മുന്‍പ് ഡി ജി സി എയെ അറിയിക്കണം. 2010 ലെ സർക്കുലർ പ്രകാരമാണ് 24 മണിക്കൂർ സമയ പരിധി വെച്ചത്. ഈ നിയമം മാറുന്നത് യാത്രക്കാർക്ക് വലിയ അനുഗ്രഹമായി മാറും.












Click it and Unblock the Notifications