വായു മലിനീകരണം; സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം: രാവിലെ 10-ന് എത്തിയാല്‍ മതി
ഡല്‍ഹിയിലെ രൂക്ഷമായ വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസുകളുടെ സമയക്രമത്തിലും മാറ്റം വരുത്തും. ഏറെ തിരക്കുള്ള സമയങ്ങളില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാനും അതുവഴി വായു മലിനീകരണം കുറയ്ക്കാനുമാണ് ഡല്‍ഹി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് ഡല്‍ഹിയിലെ സര്‍ക്കാര്‍ ഓഫീസുകളിലെയും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസുകളിലെയും സമയക്രമത്തില്‍ മാറ്റം വരുത്തുന്നത്.
പുതിയ സമയക്രമം ശൈത്യകാലമായ നവംബര്‍ 15 മുതല്‍ ഫെബ്രുവരി 15 വരെയാണ് പ്രാബല്യത്തില്‍ വരുന്നത്. നിലവില്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് പ്രവര്‍ത്തിക്കുന്നത്. പുതുക്കിയ സമയക്രമം അനുസരിച്ച് രാവിലെ 10 മുതല്‍ വൈകുന്നേരം 6.30 വരെ ആയിരിക്കും ഓഫീസ് ടൈം.

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളുടെ നിലവിലത്തെ സമയം രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് 5.30 വരെയാണ്. നവംബര്‍ 15 മുതല്‍ ഇത് രാവിലെ 8.30 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയായിരിക്കും.
നിലവില്‍ ഡല്‍ഹി സര്‍ക്കാരിന്റെയും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസുകളുടെയും സമയക്രമത്തില്‍ 30 മിനിറ്റ് വ്യത്യാസം മാത്രമേയുള്ളൂ. ഇത് രാവിലെയും വൈകിട്ടും വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഗതാഗതക്കുരുപ്പ് വര്‍ദ്ധിക്കുമ്പോള്‍ വായു മലിനീകരണത്തിന്റെ തോതും രൂക്ഷമാകും.
പുതിയ സമയക്രമത്തില്‍ സര്‍ക്കാര്‍ ഓഫീസുകളുടെയും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസുകളുടെയും പ്രവര്‍ത്തന സമയങ്ങള്‍ തമ്മില്‍ ഒന്നര മണിക്കൂറോളം വ്യത്യാസമുണ്ട്. ഇത് തിരക്കേറിയ സമയങ്ങളില്‍ റോഡലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സാധിക്കും.
നഗരത്തിലെ വായു മലിനീകരണം വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് വെള്ളിയാഴ്ച ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത ശൈത്യകാലത്ത് ഓഫീസുകളുടെ പ്രവര്‍ത്തി സമയത്തില്‍ മാറ്റം വരുത്തിയതായി പ്രഖ്യാപിച്ചത്.
ഡല്‍ഹിയിലെ വായു മലിനീകരണം ഇപ്പോള്‍ ഏറ്റവും മോശമായ അവസ്ഥയില്‍ ആണുള്ളത്. 322 ആണ് ഇപ്പോഴത്തെ ശരാശരി വായു ഗുണനിലവാര സൂചിക. ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ നഗരത്തിലെ മിക്ക പ്രദേശങ്ങളും റെഡ് സോണില്‍ ആണുള്ളത്. പഞ്ചാബ് ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നതും വാഹനത്തില്‍ നിന്നും പുറന്തള്ളുന്ന പുകയുമാണ് മലിനീകരണ തോത് ഇത്രയധികം വര്‍ദ്ധിക്കാനുള്ള കാരണം. ഗാസിയാബാദിലും നോയിഡയിലുമാണ് ഏറ്റവും കൂടുതല്‍ മലിനീകരണം അനുഭവപ്പെടുന്നത്.












Click it and Unblock the Notifications