കാണ്‍പൂരില്‍ സ്വകാര്യ പരിശീലന വിമാനം തകര്‍ന്നു വീണ് പൈലറ്റും സഹപൈലറ്റും മരിച്ചു
സ്വകാര്യ പരിശീലന വിമാനം തകര്‍ന്നു വീണ് പൈലറ്റും സഹപൈലറ്റും മരിച്ചു. കാണ്‍പൂരില്‍ ഗംഗാ നദിക്കരയിലുള്ള ഒരു വയലില്‍ ആണ് വിമാനം തകര്‍ന്ന് വീണത്. കാണ്‍പൂര്‍ ആസ്ഥാനമായുള്ള 'ഗാര്‍ഗ് ഏവിയേഷന്‍' എന്ന പരിശീലന സ്ഥാപനത്തിന്റെ വിമാനമാണ് ഗംഗാ ബാരേജ് മേഖലയില്‍ തകര്‍ന്നു വീണത്. അപകടത്തിന് പിന്നാലെ നാട്ടുകാര്‍ സ്ഥലത്തെത്തി പൈലറ്റിനെയും സഹപൈലറ്റിനെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇരട്ട എഞ്ചിനുള്ള നാല് സീറ്റ് വിമാനമാണ് തകര്‍ന്നുവീണത്. പൊലീസ് പറയുന്നതനുസരിച്ച്, പൈലറ്റുമാരില്‍ ഒരാള്‍ പരിശീലനാര്‍ത്ഥിയും മറ്റൊരാള്‍ പരിശീലകനുമായിരുന്നു. ഗുജറാത്തില്‍ നിന്നുള്ള സച്ചിന്‍ ഭാട്ടിയ, കര്‍ണാടകയില്‍ നിന്നുള്ള അഭിഷേക് പൂജാരി എന്നിവരാണ് മരിച്ചത്. ഇവര്‍ കാണ്‍പൂരിലെ ഗാര്‍ഗ് ഏവിയേഷന്‍ പരിശീലന കേന്ദ്രത്തില്‍ നിന്ന് രാവിലെ 11:30-ന് പറന്നുയര്‍ന്നിരുന്നു.

പരിശീലന കേന്ദ്രത്തിലേക്ക് തിരികെ പറക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. 'പരിശീലകനെക്കുറിച്ചുള്ള വിവരങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഏകദേശം 3,000 മണിക്കൂര്‍ പറക്കല്‍ പരിചയമുണ്ടായിരുന്നു. ഡിജിസിഎയെ വിവരം അറിയിച്ചിട്ടുണ്ട്. അവരുടെ സംഘം വിശദമായ അന്വേഷണം നടത്തും. പൊലീസ് പ്രദേശം സുരക്ഷിതമാക്കിയിട്ടുണ്ട്,' കാണ്‍പൂര്‍ നഗര്‍ പൊലീസ് കമ്മീഷണര്‍ രഘുബീര്‍ ലാല്‍ പറഞ്ഞു.
അടിയന്തര സേവന വിഭാഗങ്ങളും അധികൃതരും ഉടന്‍ തന്നെ സ്ഥലത്തെത്തി. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടര്‍ന്നാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം എന്ന് അധികൃതര്‍ അറിയിച്ചു. 2023-ലാണ് ഈ പരിശീലന വിമാനം കേന്ദ്രത്തിലെത്തിച്ചതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അപകട കാരണമറിയാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം നടത്തും.
മേല്‍നോട്ടത്തിനും ഏകോപനത്തിനുമായി തങ്ങളുടെ സംഘം അപകടസ്ഥലത്തേക്ക് പുറപ്പെടുന്നുണ്ടെന്ന് ഡിജിസിഎ പ്രസ്താവനയില്‍ അറിയിച്ചു. 'കാണ്‍പൂര്‍ സിവില്‍ എയര്‍പോര്‍ട്ടിന്റെ ലോക്കല്‍ ഫ്‌ലൈയിംഗ് ഏരിയയില്‍ പരിശീലന പറക്കല്‍ നടത്തുന്നതിനിടെയാണ് വിമാനം അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ പരിശീലനം നേടുന്ന പൈലറ്റും (ട്രെയിനി പൈലറ്റ്) ഒരു ഇന്‍സ്ട്രക്ടറും ഉള്‍പ്പെടെ രണ്ടുപേരുണ്ടായിരുന്നു.
അപകടത്തില്‍ ഇരുവരും മരിച്ചു. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയെ വിവരം അറിയിച്ചിട്ടുണ്ട്. നിലവിലുള്ള ചട്ടങ്ങള്‍ക്കനുസൃതമായി അവര്‍ അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. അന്വേഷണത്തിലൂടെ അപകടത്തിന്റെ സാഹചര്യങ്ങളും കാരണവും വ്യക്തമാകും,' ഡിജിസിഎ പ്രസ്താവനയില്‍ പറയുന്നു.
അപകടത്തില്‍ മരിച്ച പൈലറ്റുമാരുടെ കുടുംബങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ആത്മാവിന് ശാന്തി ലഭിക്കാനും, ഈ വലിയ നഷ്ടം താങ്ങാനുള്ള കരുത്ത് കുടുംബങ്ങള്‍ക്ക് ലഭിക്കാനും പ്രാര്‍ത്ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു.





Click it and Unblock the Notifications