ബെംഗളൂരുവില്‍ എയര്‍ഹോസ്റ്റസ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു; മലയാളിയായ കാമുകന്‍ പിടിയില്‍
അര്‍ച്ചനയുടെ മരണത്തില്‍ ആദേശിന് പങ്കുണ്ട് എന്നാണ് പൊലീസിന്റെ സംശയം അര്‍ച്ചനയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും

ബെംഗളൂരു: ബെംഗളൂരുവില്‍ കെട്ടിടത്തിന്റെ നാലാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ എയര്‍ഹോസ്റ്റസ് മരിച്ചു. അര്‍ച്ചന ധിമാന്‍ എന്ന 28 കാരിയായ എയര്‍ഹോസ്റ്റസ് ആണ് മരിച്ചത്. സംഭവത്തില്‍ കാമുകനും മലയാളിയുമായ ആദേശിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആദേശിന് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കോറമംഗലയിലെ രേണുക റസിഡന്‍സി സൊസൈറ്റിയിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ശനിയാഴ്ചയാണ് അര്‍ച്ചന വീണത്. അപകടത്തിന് നാല് ദിവസം മുന്‍പായിരുന്നു അര്‍ച്ചന ദുബായില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയത്.
ഒരു ഡേറ്റിംഗ് സൈറ്റില്‍ നിന്നാണ് ആദേശും അര്‍ച്ചനയും പരിചയപ്പെട്ടത്. കാസര്‍കോട് സ്വദേശിയായ ആദേശ് ബെംഗളൂരുവില്‍ ഒരു സോഫ്റ്റ്വെയര്‍ സ്ഥാപനത്തില്‍ ടെക്കിയാണ്. കഴിഞ്ഞ ആറ് മാസമായി ഇരുവരും പ്രണയത്തിലായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇരുവരും തമ്മില്‍ ഇടക്കിടെ വഴക്കിടാറുണ്ടായിരുന്നു എന്ന് ആദേശ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. അപകട ദിവസം രാത്രി ഇരുവരും മദ്യപിച്ചിരുന്നുവെന്നും വഴക്കിട്ടിരുന്നു എന്നും ആദേശ് പറയുന്നു. അര്‍ച്ചന ബാല്‍ക്കണിയില്‍ നിന്ന് തെന്നി വീണുവെന്നും ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെന്നുമാണ് ആദേശ് പറയുന്നത്.
അര്‍ച്ചനയുടെ മരണത്തില്‍ ആദേശിന് പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് ഇയാള്‍ക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരിക്കുകയാണ്. തുടര്‍നടപടികള്‍ക്കായി അര്‍ച്ചനയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് എന്നും ബെംഗളൂരു പൊലീസ് പറഞ്ഞു.
സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ് എന്നും പൊലീസ് വ്യക്തമാക്കി. ഹിമാചല്‍ പ്രദേശ് സ്വദേശിയാണ് മരിച്ച അര്‍ച്ചന ധിമാന്‍.












Click it and Unblock the Notifications