എയര്‍ടെല്‍ ഡൗണ്‍.. രാജ്യത്തുടനീളം പരാതി; പിന്നാലെ പണിമുടക്കി ജിയോയും വിഐയും
ഇന്ത്യയിലെ മൊബൈല്‍ നെറ്റ്‌വര്‍ക്ക് സേവനങ്ങളില്‍ തടസം. ആദ്യം എയര്‍ടെല്ലില്‍ തുടങ്ങിയ തടസം പിന്നീട് ജിയോ, വോഡഫോണ്‍ - ഐഡിയ എന്നിവയിലേക്കും വ്യാപിച്ചു. എയര്‍ടെല്‍ സേവനങ്ങള്‍ക്ക് ഡല്‍ഹി-എന്‍സിആറില്‍ ആണ് ആദ്യം പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പിന്നീട് മുംബൈയിലും ബെംഗളൂരുവിലും, താമസിയാതെ ഇന്ത്യയിലുടനീളവും വ്യാപിച്ചു. ഒരു മണിക്കൂറിലേറെ വോയ്സ് കോളിംഗ് പ്രശ്നങ്ങള്‍ നേരിടുന്നുണ്ട് എന്ന് എയര്‍ടെല്‍ തന്നെ വ്യക്തമാക്കി.
ചിലയിടങ്ങളില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചു എന്നും തങ്ങളുടെ എഞ്ചിനീയര്‍മാര്‍ ഇത് പൂര്‍ണമായും പരിഹരിക്കാനുള്ള ശ്രമത്തിലാണ് എന്നും എയര്‍ടെല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഉപഭോക്താക്കള്‍ക്ക് അസൗകര്യമുണ്ടായതില്‍ എയര്‍ടെല്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. സാങ്കേതിക തകരാറുകള്‍ നിരീക്ഷിക്കുന്ന ഒരു പോര്‍ട്ടലായ ഡൗണ്‍ഡിറ്ററില്‍, തിങ്കളാഴ്ച വൈകുന്നേരം 4:32 ഓടെ ഏകദേശം 3,600-ലധികം എയര്‍ടെല്‍ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

തുടക്കത്തില്‍ ഇത് 15 ല്‍ താഴെയായിരുന്നു. വൈകുന്നേരം 6.40 ആയപ്പോഴേക്കും ക്രമേണ 400-ല്‍ താഴെയായി റിപ്പോര്‍ട്ടുകള്‍ കുറഞ്ഞു. സേവനങ്ങള്‍ പുനഃസ്ഥാപിച്ചതായി എയര്‍ടെല്ലില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ സന്ദേശങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഡൗണ്‍ഡിറ്റക്ടര്‍ മാപ്പില്‍ ചണ്ഡീഗഡ്, അഹമ്മദാബാദ്, ഗുവാഹത്തി, മധുര എന്നിവിടങ്ങളില്‍ ആണ് എയര്‍ടെല്‍ സേവനങ്ങള്‍ തടസപ്പെട്ടത്.
രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള സാധാരണ പരാതികളേക്കാള്‍ വളരെ കൂടുതലാണ് ഇത്. തിങ്കളാഴ്ച വൈകുന്നേരം 6 മണി വരെയുള്ള കണക്കനുസരിച്ച് മധ്യ ഇന്ത്യയിലെ നഗരങ്ങളും ഈ കണക്കില്‍ നിന്ന് വ്യത്യസ്തമായിരുന്നില്ല. ജിയോ, വി ഉപഭോക്താക്കളില്‍ നിന്നുള്ള തകരാറുകളുടെ റിപ്പോര്‍ട്ടുകളും ശരാശരിയേക്കാള്‍ കൂടുതലായിരുന്നെങ്കിലും ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്.
ഏകദേശം 200 റിപ്പോര്‍ട്ടുകളുടെ പരമാവധിയില്‍ നിന്ന് ഇത് ഏകദേശം 130 ആയി. അതേസമയം മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഡൗണ്‍ ആയതോടെ പല ഉപഭോക്താക്കളും പ്രശ്‌നം ഫ്‌ളാഗ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. ''നിങ്ങള്‍ ഒരു #എയര്‍ടെല്‍ ഉപയോക്താവാണെങ്കില്‍, കോളുകള്‍ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങള്‍ ഒറ്റയ്ക്കല്ല. വ്യാപകമായ ഒരു തടസ്സം പോലെ തോന്നുന്നു,' ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
ഡല്‍ഹി-എന്‍സിആറിലെ ഒരു പ്രാദേശിക പ്രശ്നം മാത്രമല്ല ഇതെന്ന് മറ്റൊരു ഉപയോക്താവ് കൂട്ടിച്ചേര്‍ത്തു. രാജ്യമെമ്പാടും എയര്‍ടെല്‍ നെറ്റ്വര്‍ക്ക് തകരാറിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ഇന്റര്‍നെറ്റ് പ്രശ്നങ്ങള്‍ കാരണം ജിയോയില്‍ നിന്ന് എയര്‍ടെല്ലിലേക്ക് പോര്‍ട്ട് ചെയ്തു, പക്ഷേ ഇപ്പോള്‍ അതിലും വലിയ പ്രശ്നങ്ങള്‍ നേരിടുന്നു. കോള്‍ ചെയ്യുമ്പോള്‍ ഡാറ്റ ഉപയോഗിക്കാന്‍ കഴിയുന്നില്ല, കസ്റ്റമര്‍ കെയറില്‍ നിന്ന് ശരിയായ പ്രതികരണവുമില്ല. ശരിക്കും നിരാശാജനകമാണ്!'' ഒരു എക്‌സ് ഉപയോക്താവ് പരാതിപ്പെട്ടു.












Click it and Unblock the Notifications