ശശി തരൂരിന് ഓന്തിന്റെ സ്വഭാവമെന്ന് അയ്യര്‍
ദില്ലി: മുന്‍ കേന്ദ്രമന്ത്രിയും എം പിയുമായ ശശി തരൂര്‍ ഓന്തിനെപ്പോലെ നിറം മാറുന്ന ആളാണെന്ന് സീനിയര്‍ കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍. തന്റെ പ്രഖ്യാപിത ശത്രുവായ നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് ശശി തരൂര്‍ രംഗത്ത് വന്നതാണ് അയ്യരെ ചൊടിപ്പിച്ചത്. നേരത്തെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ചായ വില്‍ക്കാന്‍ മോദിയെ ക്ഷണിച്ച് പണി കിട്ടിയ നേതാവാണ് അയ്യര്‍.
പക്വതയില്ലാത്ത പ്രസ്താവനയാണ് തരൂര്‍ നടത്തിയത്. ഇതില്‍ തനിക്ക് അതിയായ നിരാശയുണ്ട്. ശശി തരൂരിനെപ്പോലെ ബുദ്ധിയുള്ള ഒരാള്‍ ഇത്തരം ഒരു കാര്യം ചെയ്യരുതായിരുന്നു. ഭരണത്തില്‍ എത്തിയ ഉടനെ മോദിയെ പ്രശംസിച്ച് പ്രസ്താവന നടത്തിയത് തരൂരിന് ഓന്തിന്റെ സ്വഭാവമായത് കൊണ്ടാണ് - അയ്യര്‍ പറഞ്ഞു. മുമ്പ് അയ്യരുടെ ഒരൊറ്റ വാക്കിനെ തുടര്‍ന്നാണ് മോദി ആരാധകര്‍ നമോ ടീ സ്റ്റാള്‍ ക്യാംപയിന്‍ സജീവമാക്കിയത്.

വെറുക്കപ്പെട്ട വ്യക്തിയില്‍ നിന്നും പുരോഗമനത്തിന്റെയും വികസനത്തിന്റെയും അവതാരമായി മാറുകയാണ് മോദി എന്നാണ് ഒരു അമേരിക്കന്‍ വെബ്‌സൈറ്റിലെ ലേഖനത്തില്‍ ശശി തരൂര്‍ എഴുതിയത്. നരേന്ദ്ര മോദി ഒന്ന്, നരേന്ദ്ര മോദി രണ്ട് എന്നിങ്ങനെ തരംതിരിച്ചാണ് മോദിയെ തരൂര്‍ പരാമര്‍ശിക്കുന്നത്. മോദിയൊടൊപ്പം ഹിന്ദു പാര്‍ട്ടി എന്ന നിലയില്‍ നിന്നും ജനാധിപത്യ പാര്‍ട്ടി എന്ന നിലയിലേക്ക് മാറുമോ എന്നും തരൂരിന് പ്രതീക്ഷയുണ്ട്.
നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനായ ശശി തരൂരിന്റെ നിലപാട് മാറ്റം കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്. മണി ശങ്കര്‍ അയ്യര്‍ ഒഴികെയുള്ള ഒരു നേതാവും തരൂരിനെ വിമര്‍ശിക്കാനോ തിരുത്താനോ തയ്യാറായിട്ടില്ല. തരൂരിന്റെ പ്രസ്താവന വ്യക്തിപരമായ അഭിപ്രായമായി ഒതുക്കിത്തീര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമം. മാത്രമല്ല പാര്‍ട്ടിയുടെ അഭിപ്രായത്തില്‍ മോദി സര്‍ക്കാരിനെ അളക്കാനുള്ള സമയവും ആയിട്ടില്ല.












Click it and Unblock the Notifications