അജയ് കുമാർ മിശ്രയെ കേന്ദ്ര മന്ത്രിസഭയിൽ നിന്നും പുറത്താക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് എളമരം കരീം
ദില്ലി; ലഖിംപൂർ ഖേരി സംഭത്തിൽ പ്രതിഷേധം പുകയവെ കേന്ദ്രമന്ത്രിസഭയിൽ നിന്നും അജയ് കുമാർ മിശ്രയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എംപി രാജ്യസഭ എംപിയുമായ എളമരം കരീം
കർഷകരുടെ കർഷകർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റി നാല് കർഷകരെയാണ് കേന്ദ്ര മന്ത്രിയുടെ മകനും കൂട്ടാളികളും കൊന്നുകളഞ്ഞത്. രാജ്യത്തെ നടുക്കിയ ഈ പൈശാചിക കൃത്യം ചെയ്ത മകനെ സംരക്ഷിക്കാൻ ശ്രമിക്കുന്ന അജയ് കുമാർ മിശ്ര രാജ്യത്തെ ജനങ്ങളെയാകെ വെല്ലുവിളിക്കുകയാണെന്ന് എളമരം കരീം പറഞ്ഞു.

അദ്ദേഹത്തിന്റെ മകൻ ഉൾപ്പെട്ട കൊലപാതകങ്ങൾക്ക് ശേഷവും, കർഷകരെ കുറ്റപ്പെടുത്തിക്കൊണ്ട് അതിക്രമത്തെ ന്യായീകരിക്കുന്ന സമീപനമാണ് കേന്ദ്രമന്ത്രി സ്വീകരിക്കുന്നത്. പരിക്കേറ്റതും കൊല്ലപ്പെട്ടതുമായ കർഷകരെ പുറത്തുനിന്നുള്ളവർ എന്നും ഖാലിസ്ഥാൻ ബന്ധമുള്ളവർ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമരം ചെയ്യുന്ന കർഷർക്കെതിരെ നേരത്തെയും പ്രകോപനപരമായ പ്രസംഗം ഇദ്ദേഹം നടത്തിയിട്ടുണ്ട്.
ഈ നിലപാട് സ്വീകരിക്കുന്ന അജയ് കുമാർ മിശ്ര കേന്ദ്ര ആഭ്യന്തര സഹമന്ത്രി എന്ന സ്ഥാനത്തു തുടരുന്നിടത്തോളം കാലം ഒരു അന്വേഷണവും നിഷ്പക്ഷമാകില്ല. അതിനാൽ എത്രയും വേഗം അദ്ദേഹത്തെ കേന്ദ്ര മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നും കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കത്തിൽ പ്രധാനമന്ത്രിയോട് എളമരം കരീം ആവശ്യപ്പെട്ടു.
Recommended Video
അതേസമയം സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ ചോദ്യം ചെയ്ത് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തിയിരുന്നു. ഉത്തര്‍പ്രദേശില്‍ കര്‍ഷകരെ കാറുകയറ്റിക്കൊന്ന സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാന്‍ തയ്യാറാകണം. ജനാധിപത്യത്തെക്കുറിച്ചും നിയമവാഴ്ചയെക്കുറിച്ചുമുള്ള പ്രധാനമന്ത്രിയുടെ പ്രഭാഷണങ്ങൾ വിദേശ പ്രേക്ഷകരെ മാത്രമുദ്ദേശിച്ചുള്ളതാണോ? സമാധാനപരമായി പ്രതിഷേധിക്കുന്ന കർഷകർക്കെതിരെ അക്രമം നടത്തണമെന്ന് ആവശ്യപ്പെട്ട മനോഹര്‍ ലാല്‍ ഖട്ടറിന് മുഖ്യമന്ത്രിയായി തുടരാനുള്ള അവകാശമില്ല. ഈ വിഷയത്തിലും പ്രതികരിക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും യെച്ചൂരി ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications