സര്‍ക്കാരില്‍ അജിതിന് പരിഗണനയില്ല; അതൃപ്തനെന്ന് റിപ്പോര്‍ട്ട്... പുറത്തേക്കോ..?
മുംബൈ: ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാരില്‍ എന്‍ സി പി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ അതൃപ്തനെന്ന് റിപ്പോര്‍ട്ട്. അജിത്, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി പൂനെയില്‍ നടത്തിയ കൂടിക്കാഴ്ചയും തൊട്ടുപിന്നാലെ ഡല്‍ഹിയില്‍ അമിത് ഷായുമായി നടത്തിയ മറ്റൊരു കൂടിക്കാഴ്ചയുമാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം.
ശരദ് പവാറിന്റെ സഹോദരനും സകാല്‍ ന്യൂസിന്റെ ഉടമയുമായ പ്രതാപറാവു പവാറിന്റെ പൂനെയിലെ വീട്ടില്‍ വച്ചാണ് അജിത് പവാര്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു. എന്നാല്‍ കുടുംബപരമായ സന്ദര്‍ശനം മാത്രമായിരുന്നു ഇത് എന്നാണ് പവാര്‍ കുടുംബ വൃത്തങ്ങള്‍ സന്ദര്‍ശനത്തിന് പിന്നാലെ വ്യക്തമാക്കിയത്.

അടുത്തിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനാല്‍ യാത്ര ഒഴിവാക്കണമെന്ന് അജിത് പവാറിനോട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം അവഗണിച്ചായിരുന്നു കൂടിക്കാഴ്ച. ശരദ് പവാറിനെ കണ്ട ശേഷം അജിത് പവാര്‍, അമിത് ഷായെ കാണാന്‍ ഡല്‍ഹിയിലേക്ക് തിരിക്കുകയും ചെയ്തു. എന്‍ സി പി പിളര്‍ത്തിയതിന് ശേഷം ഇത് രണ്ടാം തവണയാണ് അജിത് പവാര്‍, ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തുന്നത്.
മഹാ വികാസ് അഘാഡി സര്‍ക്കാരില്‍ തനിക്ക് നല്‍കിയ പരിഗണന അജിത് പവാറിന് നിലവിലെ സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നില്ല എന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ പറയുന്നത്. നിലവിലെ ത്രികക്ഷി സഖ്യത്തില്‍ അജിത് പവാര്‍ അതൃപ്തനാണെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ അജിത് പവാറിന് സ്വാതന്ത്ര്യം നല്‍കിയിരുന്നു.
എന്നാല്‍ നിലവിലെ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ അജിത് പവാറിന്റെ ചിറകുകള്‍ വെട്ടിമാറ്റിയ നിലയിലാണ്. ഉപമുഖ്യമന്ത്രിയായി അജിത് പവാറാണ് ധനമന്ത്രി. എന്നാല്‍ ഓരോ വകുപ്പിന്റെയും ഫയലുകള്‍ ധനമന്ത്രിയുടെ അടുത്തേക്കല്ല നേരിട്ട് മുഖ്യമന്ത്രിയിലേക്കാണ് പോകുന്നത്. മറ്റൊരു ഉപമുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്നാവിസ് മുഖേന ഫയലുകള്‍ സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ അജിത് പവാറിനോട് ആവശ്യപ്പെട്ടു.
ഈ ക്രമീകരണത്തില്‍ അജിത് പവാറിന് അസ്വസ്ഥത തോന്നുന്നുണ്ട് എന്നും അദ്ദേഹം ഇത് കേന്ദ്രമന്ത്രി അമിത് ഷായോട് ഉന്നയിച്ചേക്കുമെന്നുമാണ് വൃത്തങ്ങള്‍ പറയുന്നത്. നേരത്തെ അജിത് പവാര്‍ വിഭാഗത്തിനൊപ്പമുള്ള മന്ത്രി കൂടിയായ ദിലീപ് വാല്‍സെ പാട്ടീലും ശരദ് പവാറിനെ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് കണ്ടിരുന്നു.












Click it and Unblock the Notifications