വിഐപി വിമാന യാത്രകളില്‍ പതിയിരിക്കുന്ന അപകടങ്ങള്‍: ബാരാമതി അപകടം വിരല്‍ ചൂണ്ടുന്ന വീഴ്ചകള്‍
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെയും പൈലറ്റുമാരടക്കം മറ്റ് നാല് പേരുടെയും മരണത്തിന് കാരണമായ വിമാനാപകടം വ്യോമയാന മേഖലയില്‍ വീണ്ടും ആശങ്ക വിതച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം അഹമ്മദാബാദില്‍ ഉണ്ടായ എയര്‍ ഇന്ത്യ വിമാനാപകടമാണ് സമീപകാലത്ത് രാജ്യത്തെ ഞെട്ടിച്ച വിമാനാപകടം. ഈ അപകടത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മഹാരാഷ്ട്രയിലെ ബാരാമതിയില്‍ വീണ്ടും ഒരു അപകടം ഉണ്ടായത്. ഇതുകൂടാതെ സാങ്കേതിക തകരാര്‍ മൂലം വിമാനങ്ങള്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ട നിരവധി വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഈ അപകട വാര്‍ത്തകള്‍ പതിവായി വിമാനയാത്ര നടത്തുന്ന വിഐപികളുടെയും യാത്രക്കാരുടെയും മനസില്‍ തീ കോരിയിടുന്നതാണ്.
ബാരാമതിയിലെ വിമാനാപകടത്തില്‍ അജിത് പവാര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ചെറു വിമാന യാത്രകളിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് വലിയ ചോദ്യങ്ങള്‍ ഉയരുകയാണ്. ഈ ദുരന്തം ഒറ്റപ്പെട്ടതല്ല. നേരത്തെയും ഇന്ത്യയില്‍ നിരവധി വിഐപികളാണ് വിമാന അപകടങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ളത്.

ഉത്തരേന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ പെട്ടെന്നുള്ള യാത്രയ്ക്കായി ചാര്‍ട്ടേഡ് വിമാനങ്ങളാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണം, പാര്‍ട്ടി പര്യടനങ്ങള്‍, പൊതു പരിപാടികള്‍ എന്നിവ ഉള്‍പ്പെടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി പരിപാടികളില്‍ പങ്കെടുക്കാനാണ് രാഷ്ട്രീയ നേതാക്കള്‍ പലപ്പോഴും ചെറു വിമാനങ്ങളെ ആശ്രയിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ പൈലറ്റുമാരുടെ മേല്‍ കടുത്ത സമ്മര്‍ദമുണ്ടാകുന്നു. മോശം കാലാവസ്ഥയാണെങ്കില്‍ പോലും ലാന്‍ഡിങ്ങിന് പൈലറ്റുമാര്‍ നിര്‍ബന്ധിതരാകുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നു.
ബാരാമതി പോലുള്ള ചെറിയ വിമാനത്താവളങ്ങളില്‍ അത്യാധുനികമായ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനങ്ങളോ സ്ഥിരം ഉദ്യോഗസ്ഥരോ ഉണ്ടാകില്ല. പലപ്പോഴും ഫ്‌ളൈയിംഗ് സ്‌കൂളിലെ കേഡറ്റുകളാണ് ഇത്തരം സ്ഥലങ്ങളില്‍ എടിസി നിയന്ത്രിക്കുന്നത്. കൃത്യമായ ഗൈഡന്‍സ് ഇല്ലാത്തത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
വിഐപി യാത്രകള്‍ക്കായി ഉപയോഗിക്കുന്ന ചാര്‍ട്ടേഡ് വിമാനങ്ങളുടെ മെയിന്റനന്‍സ് പലപ്പോഴും കൃത്യമായി പരിശോധിക്കപ്പെടാറില്ല. ലിയര്‍ജെറ്റ് 45 പോലുള്ള വിമാനങ്ങള്‍ നല്ല നിലവാരമുള്ളതാണെങ്കിലും, വാടകയ്ക്ക് നല്‍കുന്ന കമ്പനികള്‍ സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
അപകടസമയത്ത് ബാരാമതിയില്‍ കാഴ്ചപരിധി വളരെ കുറവായിരുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ട്. റണ്‍വേ കാണുന്നില്ലെന്ന് പൈലറ്റുമാര്‍ ആദ്യം അറിയിച്ചെങ്കിലും പിന്നീട് കാഴ്ച വ്യക്തമായതോടെ ലാന്‍ഡിങ്ങിന് അനുമതി നല്‍കി. എന്നാല്‍ അനുമതി ലഭിച്ച് ഒരു മിനിറ്റിനുള്ളില്‍ വിമാനം തകരുകയായിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ റിസ്‌ക് എടുത്ത് വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചത് പൈലറ്റുമാരുടെ വലിയൊരു പിഴവായാണ് വ്യോമയാന വിദഗ്ധര്‍ വിലയിരുത്തുന്നത്. വിമാനം രണ്ട് തവണ ലാന്‍ഡിങ്ങിന് ശ്രമിച്ചതു തന്നെ പൈലറ്റുമാര്‍ അനുഭവിച്ച വെല്ലുവിളി വ്യക്തമാക്കുന്നു.
അതിനിടെ, ബാരാമതിയില്‍ അപകടത്തില്‍പ്പെട്ട ലിയര്‍ജെറ്റ് 45 വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെടുത്തു. അപകട കാരണം കണ്ടെത്താന്‍ ഇതു സഹായിക്കുമെന്നാണ് പ്രതീക്ഷ. പറക്കുമ്പോഴുള്ള വിമാനത്തിന്റെ വേഗത, ഉയരം, പൈലറ്റുമാരുടെ സംഭാഷണം എന്നിവ റെക്കോര്‍ഡ് ചെയ്യുന്ന ഈ ഉപകരണം വിശദമായി പരിശോധിക്കുന്നതിലൂടെ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനാകും. വിമാനത്തിന്റെ എല്ലാ ചലനങ്ങളും പൈലറ്റുമാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി നടത്തുന്ന സംഭാഷണങ്ങളും കൃത്യമായി ബ്ലാക് ബോക്‌സ് രേഖപ്പെടുത്തും. അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ തകരാതിരിക്കാന്‍ ശക്തമായ ലോഹം കൊണ്ടാണ് ഇത് നിര്‍മ്മിക്കുന്നത്.
ബാരാമതി വിമാന അപകടത്തെക്കുറിച്ച് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചു. റിപ്പോര്‍ട്ട് ഉടന്‍ തന്നെ സംസ്ഥാന സര്‍ക്കാരുമായി പങ്കുവെക്കും.












Click it and Unblock the Notifications