സുനിത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി; രണ്ടു വകുപ്പുകള്‍ കുറഞ്ഞു, അറിഞ്ഞില്ലെന്ന് ശരദ് പവാര്‍
മുംബൈ: അന്തരിച്ച എന്‍സിപി നേതാവ് അജിത് പവാറിന്റെ ഭാര്യ സുനിത്ര പവാര്‍ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു. ഭര്‍ത്താവിന്റെ വിയോഗത്തിന് പിന്നാലെ സുനിത്ര രാജ്യസഭാ അംഗത്വം രാജിവച്ചിരുന്നു. പിന്നീടാണ് ഉപമുഖ്യമന്ത്രിയാകാന്‍ തീരുമാനിച്ചതും സത്യപ്രതിജ്ഞ ചെയ്തതും. വൈകാതെ ബാരാമതി മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മല്‍സരിച്ചേക്കും.
മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയാണ് സുനിത്ര പവാര്‍. ലോക്ഭവനില്‍ നടന്ന ചടങ്ങിന് ചുക്കാന്‍ പിടിച്ചത് ഗവര്‍ണര്‍ ആചാര്യ ദേവ്‌റത്ത് ആയിരുന്നു. അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായിരുന്ന വേളയില്‍ 5 വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്. ഇതില്‍ രണ്ടെണ്ണം ഇപ്പോള്‍ മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നാവിസ് ഏറ്റെടുത്തു.

ധനകാര്യം, ആസൂത്രണം, എക്‌സൈസ്, കായികം, ന്യൂനപക്ഷ വികസനം എന്നീ വകുപ്പുകളായിരുന്നു അജിത് പവാറിന്റെ കൈവശം. ഇതില്‍ ധനകാര്യവും ആസൂത്രണവും ഫഡ്‌നാവിസ് ഏറ്റെടുത്തു. ബാക്കി വകുപ്പുകള്‍ സുനിത്ര പവാറിന് നല്‍കി. ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, എന്‍സിപി നേതാക്കളായ പ്രഫുല്‍ പട്ടേല്‍, സുനില്‍ തത്കറെ, ഛഗന്‍ ഭുജ്ബല്‍ എന്നിവര്‍ക്ക് പുറമെ സുനിത്രയുടെ ഇളയ മകന്‍ ജയ് പവാര്‍, അദ്ദേഹത്തിന്റെ ഭാര്യ എന്നിവരും ചടങ്ങിനെത്തി.
സുനിത്ര പവാറിന്റെ സത്യപ്രതിജ്ഞ സംബന്ധിച്ച് അറിഞ്ഞിരുന്നില്ല എന്ന് ശരദ് പവാര്‍ പ്രതികരിച്ചു. മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞത്. രാജ്യസഭാ അംഗത്വം കഴിഞ്ഞ ദിവസമാണ് സുനിത്ര രാജിവച്ചത്. ഇന്ന് രാവിലെ എന്‍സിപിയുടെ നിയമസഭാ കക്ഷി നേതാവായി അവരെ തിരഞ്ഞെടുക്കുകയായിരുന്നു. തിടുക്കത്തിലുള്ള നീക്കത്തിന് പിന്നില്‍ മറ്റു ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് എന്നാണ് സൂചന. ശരദ് പവാറിന്റെ എന്‍സിപിയുമായി ലയിച്ചാല്‍ പഴയ കേസുകള്‍ വീണ്ടും ഉയര്‍ന്നുവന്നേക്കുമെന്നും സുനിത്ര പവാര്‍ ഭയക്കുന്നുണ്ടത്രെ.
ബാരമതി നിയമസഭാ മണ്ഡലത്തില്‍ ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടക്കും. ഈ വേളയില്‍ സുനിത്ര പവാര്‍ ഇവിടെ മല്‍സരിക്കുമെന്നാണ് കരുതുന്നത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബാരമതിയില്‍ നിന്ന് മല്‍സരിച്ച സുനിത്ര, സുപ്രിയ സുലെയോട് തോറ്റിരുന്നു. പിന്നീടാണ് അവര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടത്.
എന്‍സിപിയെ ഐക്യത്തോടെ നയിക്കുക എന്നതാണ് സുനിത്രയ്ക്ക് മുന്നിലുള്ള വലിയ വെല്ലുവിളി. ബിജെപി-ശിവസേന-എന്‍സിപി സഖ്യമാണ് മഹാരാഷ്ട്ര ഭരിക്കുന്നത്. കരുത്തരായ ബിജെപിയും ശിവസേനയും വരുംകാലങ്ങളില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ സജീവമാക്കുമ്പോള്‍ എന്‍സിപിയെ പിടിച്ചുനിര്‍ത്താന്‍ സുനിത്രയ്ക്ക് സാധിക്കുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications