'ഗുഡ് ബാഡ് അഗ്ലി' പ്രദര്‍ശനത്തിനിടെ തിയറ്ററില്‍ അപകടം; ബഹളം; ഷോ നിര്‍ത്തിവച്ചു
ചെന്നൈ: ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ അജിത് കുമാര്‍ നായകനായ ചിത്രം ഗുഡ് ബാഡ് അഗ്ലി മികച്ച പ്രതികരണവുമായി തിയറ്ററുകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ആക്ഷന്‍ കോമഡി ചിത്രമായി ഒരുക്കിയിട്ടുള്ള ചിത്രം പൂര്‍ണമായും ഫാന്‍സിന് വേണ്ടിയുള്ളതാണ്. ചിത്രം 100 കോടി ക്ലബില്‍ ഇടംനേടിയെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഏപ്രില്‍ 10 നാണ് തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്തത്.
തൃഷയാണ് സിനിമയിലെ നായിക. പ്രഭു, അര്‍ജുന്‍ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, പ്രദീപ് കബ്ര, ഹാരി ജോഷ്, ബിഎസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈന്‍ ടോം ചാക്കോ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. വാരാന്ത്യത്തില്‍ ചിത്രം മികച്ച നേട്ടം കൈവരിക്കുമെന്ന പ്രവചനങ്ങള്‍ക്കിടെ വരുന്നത് ഒരു അപകട വാര്‍ത്തയാണ്.

ചെന്നൈയിലെ ഒരു തിയറ്ററിലുണ്ടായ അപകടത്തെത്തുടര്‍ന്ന് 'ഗുഡ് ബാഡ് അഗ്ലി'യുടെ പ്രദര്‍ശനം നിര്‍ത്തിവെച്ചു. തിയറ്ററില്‍ ആദ്യ ദിവസങ്ങളിലെ പ്രദര്‍ശനത്തിന്റെ ആഘോഷങ്ങള്‍ക്കായി ഒരുക്കിയ അലങ്കാര വിളക്ക് വീണതാണ് ബഹളത്തിനിടയാക്കിയത്. ചിത്രം കാണാനെത്തിയ കൊച്ചുകുട്ടിയുടെ തലയില്‍ വിളക്ക് വീണെന്ന് ആരോപിച്ച് ഒപ്പമുണ്ടായിരുന്ന മാതാപിതാക്കള്‍ രംഗത്തെത്തിയതോടെയാണ് പ്രശ്നമുണ്ടായത്. തുടര്‍ന്ന് അരമണിക്കൂറോളം ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവച്ചു.
ചെന്നൈയിലെ വെട്രി തീയേറ്ററിലാണ് സംഭവം. തീയറ്റര്‍ ഡിസ്‌കോ ബോളുകളും മറ്റ് ലൈറ്റുകളും കൊണ്ട് അലങ്കരിച്ചിരുന്നു. അതിലൊരു ഡിസ്‌കോ ബോള്‍ ലൈറ്റാണ് കുട്ടിയുടെ തലയിലേക്ക് അടര്‍ന്നുവീണത്. കുട്ടി കരയാനും നിലവിളിക്കാനും തുടങ്ങി. ഉടന്‍ പ്രദര്‍ശനം നിര്‍ത്തിവയ്ക്കുകയായിരുന്നു.
അതേസമയം, ലൈറ്റ് പൂര്‍ണമായും കൂട്ടിയുടെ ദേഹത്ത് വീണിട്ടില്ലെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കുട്ടിക്ക് പരിക്കുകള്‍ ഒന്നുമില്ല. ലൈറ്റ് അടര്‍ന്ന് വീണപ്പോള്‍ കുട്ടി ഭയപ്പെടുകയും കരയുകയും ചെയ്തു. എങ്കിലും തലനാരിഴയ്ക്കാണ് കുട്ടി വലിയ അപകടത്തില്‍ നിന്നു രക്ഷപ്പെട്ടത്. തുടര്‍ന്ന് മാതാപിതാക്കള്‍ തിയറ്റര്‍ അധികൃതരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നു. പോലീസ് ഇടപെട്ട് ഇരുവിഭാഗവും തമ്മില്‍ ചര്‍ച്ച നടത്തുകയും രംഗം ശാന്തമാക്കുകയും പിന്നീട് പ്രദര്‍ശനം പുനരാരംഭിക്കുകയും ചെയ്തു. അതേസമയം, തിയറ്റര്‍ അധികൃതര്‍ ഇക്കാര്യത്തില്‍ പ്രതികരണമൊന്നും അറിയിച്ചിട്ടില്ല.
മുന്‍ചിത്രമായ വിടാമുയര്‍ച്ചിക്ക് ബോക്‌സ് ഓഫീസില്‍ തിരിച്ചടി സംഭവിച്ചുവെങ്കില്‍ ഇക്കുറി ആ ക്ഷീണം അജിത് തീര്‍ത്തു എന്ന് വ്യക്തമാക്കുന്ന കളക്ഷന്‍ കണക്കുകളാണ് തിയറ്ററുകളില്‍ നിന്ന് വരുന്നത്. കേരളത്തില്‍ നിന്നും സിനിമയ്ക്ക് നേട്ടമുണ്ടാക്കായി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തൃഷയും അജിത്തും ഒന്നിച്ചഭിനയിക്കുന്ന ആറാമത്തെ ചിത്രമാണ് 'ഗുഡ് ബാഡ് അഗ്ലി'.












Click it and Unblock the Notifications