ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല, അതിന് മുൻപ് മുഖ്യമന്ത്രിയാകും, പ്ലാൻ വ്യക്തമാക്കി അഖിലേഷ് യാദവ്
വാരണാസി: വരാനിരിക്കുന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ തന്നെ താന്‍ മുഖ്യമന്ത്രിയാകുമെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. 2012 ആവര്‍ത്തിക്കുമെന്ന സൂചനയാണ് വാരണാസിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ അഖിലേഷ് യാദവ് നല്‍കിയത്. ഏതെങ്കിലും നിയമസഭാ മണ്ഡലത്തില്‍ താന്‍ മത്സരിക്കുന്നതിന് പകരം തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കാനായി പ്രവര്‍ത്തിക്കുമെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി.
കഴിഞ്ഞ തവണ താന്‍ മുഖ്യമന്ത്രിയായത് ഏതെങ്കിലും നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ചിട്ടാണോ. ലോക്‌സഭയില്‍ നിന്ന് നേരെ മുഖ്യമന്ത്രി കസേരയിലേക്ക് എത്തുകയായിരുന്നു. ഞാന്‍ മത്സരിക്കാത്തപ്പോഴാണ് മുഖ്യമന്ത്രിയായിട്ടുളളത്. ഇക്കുറിയും ഞാന്‍ ആദ്യം മുഖ്യമന്ത്രിയാകും, അഖിലേഷ് യാദവ് പറഞ്ഞു.
2012ല്‍ ലോക്‌സഭാംഗമായിരിക്കെ ഉത്തര്‍ പ്രദേശില്‍ അഖിലേഷ് യാദവ് എസ്പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കുകയും പാര്‍ട്ടിയുടെ വിജയത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുകയുമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ എംഎല്‍സിയായി വിജയിച്ചാണ് അന്ന് അഖിലേഷ് യാദവ് നിയമസഭയില്‍ എത്തിയത്.

അഖിലേഷ് യാദവ് മത്സരിക്കേണ്ടതില്ല എന്ന തീരുമാനം പാര്‍ട്ടി നേരത്തെ തന്നെ എടുത്തതാണെന്നും അങ്ങനെ വരുമ്പോള്‍ അദ്ദേഹത്തിന് സ്വതന്ത്രനായി സംസ്ഥാനത്തുടനീളം പാര്‍ട്ടിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാന്‍ സാധിക്കുമെന്നുമാണ് എസ്പി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 2022ലെ തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവ് കാര്‍ഹാല്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുകയും വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ തിരഞ്ഞെടുപ്പില്‍ ബിജെപിയാണ് അധികാരത്തിലെത്തിയത്. അഖിലേഷ് യാദവിന്റെ മണ്ഡലത്തില്‍ നിന്ന ഇത്തവണ യാദവ് കുടുംബത്തിലെ തന്നെ ഒരംഗത്തെ ആകും എസ്പി മത്സരിപ്പിക്കുക.
''പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ എന്ന നിലയ്ക്കും താരപ്രചാരകന്‍ എന്ന നിലയ്ക്കും അഖിലേഷ് യാദവിന് നിരവധി ഉത്തരവാദിത്തങ്ങളുണ്ട്. സഖ്യകക്ഷികളുമായുളള സീറ്റ് ചര്‍ച്ചകള്‍, സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കല്‍, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കല്‍, തിരഞ്ഞെടുപ്പ് റാലികളെ നയിക്കല്‍ തുടങ്ങി അദ്ദേഹത്തിന് നിരവധി കാര്യങ്ങളുണ്ട്. അദ്ദേഹത്തിന് വളരെ കുറച്ച് സമയം മാത്രമേ ഉണ്ടാവുകയുളളൂ. 2027ലെ തിരഞ്ഞെടുപ്പ് എസ്പി ജയിച്ച് കഴിയുമ്പോള്‍ അദ്ദേഹത്തിന് തീരുമാനിക്കാം, ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കണോ അതോ എംഎല്‍സിയായി നിയമസഭയിലേക്ക് എത്തണോ എന്ന്'', മുതിര്‍ന്ന എസ്പി നേതാവ് പറഞ്ഞു.


Click it and Unblock the Notifications
