യുപിയിൽ മോദിയുടെ തട്ടകത്തിൽ കയറി അടിച്ച് അഖിലേഷ്, വാരണാസിയിൽ എസ്പിക്ക് മിന്നും വിജയം
ലഖ്‌നൗ: ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കി അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടി. വാരണാസി ടീച്ചേര്‍സ് എംഎല്‍സി സീറ്റിലാണ് എസ്പിയുടെ വിജയം. 11 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇതുവരെ ബിജെപി 6 സീറ്റുകളിലും സമാജ്വാദി പാര്‍ട്ടി 4 സീറ്റുകളിലുമാണ് വിജയിച്ചിരിക്കുന്നത്.
വാരണാസി ടീച്ചേര്‍സ് സീറ്റ് കൂടാതെ വാരണാസിയിലെ ഗ്രാജ്വേറ്റ്‌സ് സീറ്റിലും എസ്പിക്ക് തന്നെയാണ് ലീഡ്. മാത്രമല്ല ലഖ്‌നൗ ഗ്രാജ്വേറ്റ്‌സ്, അലഹാബാദ്-ഝാന്‍സി ഗ്രാജ്വേറ്റ്‌സ്, ആഗ്ര ടീച്ചേര്‍സ് എന്നീ സീറ്റുകളിലും എസ്പി സ്ഥാനാര്‍ത്ഥികള്‍ വിജയം കൊയ്തു.
ലഖ്‌നൗ ടീച്ചേര്‍സ്, മീററ്റ്-സഹാരന്‍പൂര്‍ ടീച്ചേര്‍സ്, മീററ്റ്-സഹാരന്‍പൂര്‍ ഗ്രാജ്വേറ്റ്‌സ്, ഗൊരഖ്പൂര്‍-ഫൈസാബാദ് ടീച്ചേര്‍സ്, ബരേലി- മൊറാദാബാദ് ടീച്ചേഴ്‌സ് എന്നീ സീറ്റുകളിലാണ് ബിജെപിക്ക് ജയം. 2027ല്‍ ഉത്തര്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനാരിക്കെ ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഭരണകക്ഷിയായ ബിജെപിക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നിര്‍ണായകമാണ്.

ഗ്രാജ്വേറ്റ്‌സ്, ടീച്ചേര്‍സ് മണ്ഡലങ്ങളിലേക്കുളള എംഎല്‍സി തിരഞ്ഞെടുപ്പില്‍ സാധാരണക്കാര്‍ക്ക് വോട്ട് ചെയ്യാനാകില്ല. രജിസ്റ്റര്‍ ചെയ്ത ഗ്രാജ്വേറ്റുകള്‍ക്കും ടീച്ചര്‍മാര്‍ക്കും മാത്രമാണ് ഈ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം. വാരാണസി ടീച്ചേഴ്‌സ് സീറ്റില്‍ സമാജ്വാദി പാര്‍ട്ടിയുടെ ലാല്‍ ബിഹാരി യാദവ് ആണ് വിജയിച്ചത്. ബിജെപിയുടെ പ്രമോദ് കുമാര്‍ മിശ്രയെ 4898 വോട്ടുകള്‍ക്കാണ് ലാല്‍ ബിഹാരി യാദവ് തോല്‍പ്പിച്ചത്.
2020ലെ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മിശ്ര 936 വോട്ടുകള്‍ക്കായിരുന്നു ലാല്‍ ബിഹാരി യാദവിനോട് പരാജയപ്പെട്ടിരുന്നത്. വാരാണസി ഗ്രാജ്വേറ്റ്‌സ് മണ്ഡലത്തില്‍ എസ്പി സ്ഥാനാര്‍ത്ഥിയായ അശുതോഷ് സിന്‍ഹയ്ക്കാണ് മുന്നേറ്റം. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായ കേദാര്‍ നാഥ് സിംഗിന് തിരിച്ചടിയേറ്റു.
വാരണാസിയിലെ രണ്ട് മണ്ഡലങ്ങളിലേയും മുന്നേറ്റം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുളള സൂചനയാണെന്നാണ് സമാജ്വാദി പാര്‍ട്ടി നേതാക്കളുടെ പ്രതികരണം. 2029ലേയും 2024ലേയും ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലെ ഭൂരിപക്ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2024ലെ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്ക് ഭൂരിപക്ഷം കുറഞ്ഞത് എസ്പി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ പ്രധാനമന്ത്രിയുടെ മണ്ഡലത്തില്‍, അഭ്യസ്തവിദ്യരായ ആളുകള്‍ വോട്ട് ചെയ്യുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി തോറ്റു എന്നത് വലിയ കാര്യമാണെന്നാണ് കോണ്‍ഗ്രസ് നേതാവ് ശ്രീവാസ്തവ ട്വീറ്റ് ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications
