അഖിലേഷ് യാദവിന്റെ എസ്പിക്ക് കേരളത്തില്‍ ഒരു മന്ത്രിയും, രണ്ട് എംഎല്‍എമാരും? സ്വപ്നമല്ല, സാധ്യതയുണ്ട്
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സഖ്യത്തിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റം. ഈ മുന്നേറ്റത്തില്‍ നിർണ്ണായകമായത് ഉത്തർപ്രദേശില്‍ അഖിലേഷ് യാദവിന്റെ എസ്പി പിടിച്ച സീറ്റുകളായിരുന്നു. ബി ജെ പിയുടെ സ്വപ്നങ്ങള്‍ തകർത്തുകൊണ്ട് 37 സീറ്റിലാണ് എസ്പി മാത്രം വിജയിച്ചത്. ഇതോടെ ബി ജെ പി 33 സീറ്റുകളിലേക്ക് ഒതുങ്ങുകയും ചെയ്തു 2019 ല്‍ അഞ്ച് സീറ്റ് മാത്രമായിരുന്നു എസ്പിയുടെ സമ്പാദ്യം.
ദേശീയ രാഷ്ട്രീയത്തില്‍ ശക്തമായ തിരിച്ച് വരവ് നടത്തിയ എസ്പി കേരളത്തിലും ചില രാഷ്ട്രീയ നീക്കങ്ങള്‍ക്കുള്ള തയ്യാറെടുപ്പ് നടത്തുകയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാർത്ത. ജെ ഡി എസ് കേരള ഘടകം എസ്പിയില്‍ ലയിക്കാനുള്ള ചർച്ചകള്‍ നടന്നുവെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് ജെ ഡി എസ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ ജോസ് തെറ്റയിലാണ്.

ലയനത്തിനു എസ്പി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ് അനുകൂല നിലപാട് സ്വീകരിച്ചതായി പാർട്ടി ദേശീയ സെക്രട്ടറി ആർഎസ് പ്രഭാതും വ്യക്തമാക്കി. ജെ ഡി എസ് ദേശീയ നേതൃത്വം എന്‍ ഡി എയുടെ ഭാഗമായതോടെ തന്നെ കേരള ഘടകം വലിയ പ്രതിസന്ധിയിലായിരുന്നു. എച്ച് ഡി കുമരാസ്വാമി നരേന്ദ്ര മോദി സർക്കാറില്‍ അംഗമായതിന് പിന്നാലെ കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന ആവശ്യം സി പി എമ്മും ശക്തമാക്കി. ജെ ഡി എസിന്റെ എന്‍ ഡി എ ബന്ധം പ്രതിപക്ഷ പാർട്ടികള്‍ കേരളത്തില്‍ വലിയ പ്രചരണ വിഷയമാക്കുകയും ചെയ്തിരുന്നു.
ജെ ഡി എസ് കേരള ഘടകം എല്‍ ഡി എഫിന്റെ ഭാഗമാണെങ്കില്‍ എസ് പി സംസ്ഥാനത്ത് യു ഡി എഫിന് പുറത്ത് നിന്ന് പിന്തുണ നല്‍കുന്നുണ്ട്. ജെ ഡി എസുമായുള്ള ലയനത്തെ സ്വാഗതം ചെയ്യാന്‍ ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ് എസ്പിയുടെ കേരള ഘടകത്തിനു നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യാ മുന്നണിയുടെ ഭാഗമായ എൽ ഡി എഫുമായി സഹകരിക്കുന്നതിൽ പ്രശ്നമില്ലെന്ന നിലപാടാണ് അഖിലേഷ് യാദവിനെന്നും പ്രഭാത് വ്യക്തമാക്കി. ഇതിന് പിന്നാലെ എസ്പി സംസ്ഥാന സമിതി യോഗം ചേർന്ന് ജെ ഡി എസിന്റെ വരവിനെ സ്വാഗതം ചെയ്തു.
അതേസമയം, ആര്‍ജെഡിയുമായും ലയനസാധ്യതകള്‍ തേടിയിരുന്നെങ്കിലും ചര്‍ച്ച എങ്ങുമെത്തിയില്ലെന്നാണ് ജോസ് തെറ്റയില്‍ പറഞ്ഞത്. ഇതോടെ എസ്പി ലയനത്തിന് സാധ്യത ശക്തമായി. സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണന്‍കുട്ടിയും അടക്കം സംസ്ഥാന ഘടകം ഒന്നാകെ ഈ തീരുമാനത്തെ അനുകൂലിക്കുന്നവരാണ്. എങ്കിലും ചില എതിർപ്പുകള്‍ ഉയർന്ന് വരാമെന്നും ജോസ് തെറ്റയില്‍ പറഞ്ഞു. സംസ്ഥാന പാർട്ടി രൂപീകരിച്ച് പ്രവർത്തിക്കണമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
നിലവില്‍ കെ കൃഷ്ണന്‍ കുട്ടി, മാത്യൂ ടി തോമസ് എന്നീ രണ്ട് എംഎല്‍എമാരാണ് ജെ ഡി എസിന് കേരള നിയമസഭയിലുള്ളത്. ഇതില്‍ കെ കൃഷ്ണന്‍കുട്ടി മന്ത്രിയുമാണ്. ജെ ഡി എസ് കേരള ഘടകം എസ്പിയില്‍ ലയിക്കുകയാണെങ്കില്‍ ഈ രണ്ട് എം എല്‍ എമാരും മന്ത്രിയും അഖിലേഷ് യാദവിന്റെ പാർട്ടിക്ക് സ്വന്തമാകും.












Click it and Unblock the Notifications