കോൺഗ്രസിനോട് പോരിനൊരുങ്ങി അഖിലേഷ്; 'അമേഠിയിലും റായ്ബറേലിയിലും മത്സരിക്കും',1996 ന് ശേഷം ആദ്യം

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പുറത്ത് നിർത്തി പുതിയ സഖ്യത്തിന് കോപ്പുകൂട്ടുകയാണ് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയും. മൂന്നാം മുന്നണി ലക്ഷ്യം വെച്ച് ഇരുനേതാക്കളും കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി മമത അടുത്തയാഴ്ച ഒഡീഷ മുഖ്യമന്ത്രിയും ബിജെഡി നേതാവുമായ നവീൻ പട്നായിക്കുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്.
അതിനിടെ മമതയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കോൺഗ്രസിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് എസ് പി നേതാവ് അഖിലേഷ് യാദവ്.സ്വന്തം റോൾ എന്താണെന്ന് കോൺഗ്രസ് തീരുമാനിക്കണമെന്ന് യാദവ് പറഞ്ഞു. ഇത്തവണ അമേഠിയിൽ തന്റെ പാർട്ടി മത്സരിക്കുമെന്നും അഖിലേഷ് വ്യക്തമാക്കി.

അമേഠി ലോക്സഭ മണ്ഡലത്തിൽ നിന്നും
ഇക്കുറി ലോക്സഭ തിരഞ്ഞെടുപ്പിൽ അമേഠി ലോക്സഭ മണ്ഡലത്തിൽ നിന്നും സമാജ്വാദി പാർട്ടി മത്സരിക്കും', അഖിലേഷ് യാജവ് പറഞ്ഞു. കോൺഗ്രസ് കോട്ടയായ അമേഠിയിൽ 1996 ന് ശേഷം ഇതുവരെ സമാജ്വാദി പാർട്ടി സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി ബി ജെ പിയുടെ സ്മൃതി ഇറാനി മണ്ഡലം പിടിച്ചെടുത്തിരുന്നു. ഇത്തവണ മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിക്കുമോയെന്നുള്ള ചർച്ചകൾക്കിടെയാണ് അഖിലേഷിന്റെ പ്രതികരണം. സോണിയ ഗാന്ധിയുടെ തട്ടകമായ റായ്ബറേലിയിലും ഇക്കുറി തങ്ങൾ മത്സരിക്കുമെന്നും അഖിലേഷ് പറഞ്ഞു.

അത് വെളിപ്പെടുത്തില്ലെന്നായിരുന്നു അഖിലേഷിന്റെ പ്രതികരണം
'അമേഠിയിലും റായ്ബറേലിയിലും ജയിക്കാൻ കോൺഗ്രസിനെ ഞങ്ങൾ സഹായിച്ചിരുന്നു. എന്നാൽ സമാജ്‌വാദി പാർട്ടി പ്രവർത്തകർക്കെതിരെ അനീതി ഉണ്ടാകുമ്പോൾ കോൺഗ്രസ് ഒരു വാക്കുപോലും പറയുന്നില്ല. ഈ സീറ്റുകളിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് ഞങ്ങളുടെ നേതാക്കൾ പറയുന്നത്. അതുകൊണ്ട് തീരുമാനിക്കേണ്ട സമയം വരുമ്പോൾ ഞങ്ങൾ പാർട്ടി പ്രവർത്തകരുമായി സംസാരിച്ച് തീരുമാനിക്കും', അഖിലേഷ് യാദവ് പറഞ്ഞു. അതേസമയം പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രതിപക്ഷ മുന്നണിയുടെ ഫോർമുല എന്തായിരിക്കുമെന്ന ചോദ്യത്തിന് അത് വെളിപ്പെടുത്തില്ലെന്നായിരുന്നു അഖിലേഷിന്റെ പ്രതികരണം.

ബി ജെ പിയുടെ പരാജയം മാത്രമാണ്
എന്താണ് ഫോർമുലെയെന്ന് വെളിപ്പെടുത്തില്ല, ഞങ്ങളുടെ ലക്ഷ്യം ബി ജെ പിയുടെ പരാജയം മാത്രമാണ്', യാദവ് കൂട്ടിച്ചേർത്തു. ബി ജെ പിക്കെതിരെ രൂക്ഷമായി അഖിലേഷ് പ്രതികരിച്ചു. കേന്ദ്ര ഏജൻസികളെ ബി ജെ പി ദുരുപയോഗം ചെയ്യുകയാണെന്ന് അഖിലേഷ് കുറ്റപ്പെടുത്തി. 'ഏത് പാർട്ടി തങ്ങൾക്കെതിരെ നിലകൊള്ളുന്നുവോ അവർക്ക് പുറകെ ഇഡി, സിബിഐ, ആദായനികുതി വകുപ്പ് എന്നിവരെ അയക്കുകയാണ്. അതേസമയം അവർക്ക് വാക്സിനും വാഷിംഗ് മെഷീനുമുണ്ട്. ബി ജെ പിിൽ ചേരുന്ന ആർക്കും അന്വേഷണ ഏജൻസികളെ അഭിമുഖീകരിക്കേണ്ടി വരില്ല', അഖിലേഷ് പറഞ്ഞു.

കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്തതിന്
പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്തതിന് കോൺഗ്രസിനെ പോലെ ബി ജെ പിയും വരും ദിവസങ്ങളിൽ രാഷ്ട്രീയമായി ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസും ഇപ്പോൾ ബിജെപിയും അതുതന്നെയാണ് ചെയ്യുന്നത്. കോൺഗ്രസ് ഇല്ലാതായിട്ടുണ്ടെങ്കിൽ ബി ജെ പിയും അതുപോലെ ഇല്ലാതാകും', അഖിലേഷ് യാദവ് പറഞ്ഞു. ജാതി സെൻസസ് വേണമെന്ന ആവശ്യവും അഖിലേഷ് ആവർത്തിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ലെന്നും അതില്ലാതെ സാമൂഹിക നീതി ഉണ്ടാകില്ലെന്നും അഖിലേഷ് പറഞ്ഞു.












Click it and Unblock the Notifications