Get Updates
Get notified of breaking news, exclusive insights, and must-see stories!

'കോണ്‍ഗ്രസ് ചരിത്രത്തെ അവഗണിക്കുന്നു'; രാജീവ് ചന്ദ്രശേഖറിന് മറുപടിയുമായി അക്ഷയ് കുമാര്‍

മുംബൈ: ബോളിവുഡില്‍ ആക്ഷന്‍ ചിത്രങ്ങളും കോമഡി ചിത്രങ്ങളും ഒരുപോലെ അസാധ്യമായി വഴങ്ങുന്ന നടനാണ് അക്ഷയ് കുമാര്‍. പതിറ്റാണ്ടുകളായി ഹിന്ദി സിനിമാ ലോകത്ത് ആധിപത്യം തുടരുന്ന അക്ഷയ് കുമാറിന്റെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങള്‍ തുടരെ പരാജയപ്പെട്ടത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ബച്ചന്‍ പാണ്ഡെ, സാമ്രാട്ട് പൃഥ്വിരാജ്, രക്ഷാ ബന്ധന്‍, റാം സേതു, സര്‍ഫിറ തുടങ്ങിയ സിനിമകളെല്ലാം പരാജയങ്ങളായിരുന്നു.

അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കേസരി ചാപ്റ്റര്‍ 2: ദ് അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് ജാലിയന്‍ വാലാബാഗ്'. ബാരിസ്റ്റര്‍ സി ശങ്കരന്‍ നായര്‍ എന്ന അഭിഭാഷകന്റെ വേഷത്തിലാണ് ചിത്രത്തില്‍ അക്ഷയ് കുമാര്‍ എത്തുന്നത്. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഈ ചിത്രം ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ കഥയാണ് പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് എത്തിയ ഏക മലയാളിയും വൈസ്രോയി കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന ചേറ്റൂര്‍ ശങ്കര്‍ നായരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ദേശീയവാദിയും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനുമായിരുന്ന ശങ്കരന്‍ നായര്‍. 1919 ല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം കണ്ടെത്താന്‍ ബാരിസ്റ്റര്‍ സി ശങ്കരന്‍ നായര്‍ നടത്തിയ പോരാട്ടങ്ങളാണ് ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നത്.

Akshay Kumar-Rajeev Chandrasekhar

ശങ്കരന്‍ നായരുടെ ചെറുമകനും സാഹിത്യകാരനുമായ രഘു പാലാട്ട് അദ്ദേഹത്തിന്റെ ഭാര്യ പുഷ്പ പാലാട്ട് എന്നിവര്‍ ചേര്‍ന്നെഴുതിയ 'ദി കേസ് ദാറ്റ് ഷൂക്ക് ദി എംപയര്‍' എന്ന പുസ്‌കത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സിനിമ എടുത്തിരിക്കുന്നത്. കരണ്‍ സിംഗ് ത്യാഗിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാധവനും അനന്യ പാണ്ഡെയും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം ഏപ്രില്‍ 18ന് തിയേറ്ററുകളില്‍ എത്തും.

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ കാരണക്കാരനായ ജനറല്‍ മൈക്കിള്‍ ഡ്വയറിനെതിരെയും ക്രൂരമായ മാര്‍ഷല്‍ നിയമത്തിനെതിരെയുമുള്ള ശങ്കരന്‍ നായരുടെ കോടതി പോരാട്ടങ്ങളുടെ കഥ പ്രേക്ഷകരെ ആവേശം കൊള്ളിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. നിറയെ ഇമോഷന്‍സും ഡ്രാമയുമുള്ള കോര്‍ട്ട്‌റൂം സിനിമയാകും കേസരി 2 എന്ന സൂചനയാണ്, പുറത്തിറങ്ങിയ ട്രെയിലര്‍ നല്‍കുന്നത്. ഒപ്പം അക്ഷയ് കുമാറിന്റെ ഒരു ഗംഭീര തിരിച്ചുവരവിന് കൂടി ചിത്രം വഴിയൊരുക്കും എന്നാണ് അണിയറക്കാര്‍ പറയുന്നത്.

ചര്‍ച്ചയ്ക്ക് തിരികൊളുത്തി രാജീവ് ചന്ദ്രശേഖര്‍

സിനിമയുടെ റിലീസ് വാര്‍ത്തകള്‍ക്കിടെ, ചേറ്റൂര്‍ ശങ്കരന്‍ നായരെ കോണ്‍ഗ്രസ് ചരിത്രത്തില്‍ നിന്ന് തുടച്ചുനീക്കിയത് ലജ്ജാകരമാണെന്ന് വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

രാജീവ് ചന്ദ്രശേഖര്‍ സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു

കോണ്‍ഗ്രസ് പാര്‍ട്ടി ചരിത്രത്തില്‍ നിന്ന് നേതാക്കളെ എങ്ങനെ മാറ്റി നിര്‍ത്തുന്നു എന്നതിന് മറ്റൊരു ഉദാഹരണം കൂടി. ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ഒരു പ്രമുഖ ഇന്ത്യന്‍ അഭിഭാഷകനും, രാഷ്ട്രതന്ത്രജ്ഞനും, 1897-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റുമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ നിന്ന് അദ്ദേഹം തുടച്ച് നീക്കപ്പെട്ടു. ജാലിയന്‍വാലാബാഗ് കൂട്ടക്കൊല നടത്തിയ മൈക്കല്‍ ഒ'ഡ്വയറിനെതിരായ നിയമപോരാട്ടങ്ങളിലൂടെയാണ് അദ്ദേഹം ഇന്നും ഓര്‍മ്മിക്കപ്പെടുന്നത്.

അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ അദ്ദേഹത്തിന്റെ ലിബറലും യഥാര്‍ത്ഥ ഭരണഘടനാ വീക്ഷണത്തിലും വേരൂന്നിയതായിരുന്നു.

ഒരു മലയാളി എന്ന നിലയില്‍, സുഭാഷ് ചന്ദ്ര ബോസ്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഡോ. അംബേദ്കര്‍ തുടങ്ങിയ നിരവധി പേരെ കോണ്‍ഗ്രസ് രാജവംശം തമസ്‌ക്കരിച്ചതുപോലെ, കോണ്‍ഗ്രസ് ചരിത്രത്തില്‍ നിന്ന് അദ്ദേഹത്തെ തുടച്ചുനീക്കിയത് ലജ്ജാകരമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതായിരുന്നു രാജീവ് ചന്ദ്രശേഖര്‍ എക്‌സില്‍ കുറിച്ചത്.

പ്രതികരിച്ച് അക്ഷയ് കുമാര്‍

ഇപ്പോഴിതാ, എക്‌സ് പോസ്റ്റുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് വാര്‍ത്താ സമ്മേളനത്തില്‍ അക്ഷയ് കുമാര്‍ പ്രതികരിച്ചിരിക്കുകയാണ്. 'കേസരി ചാപ്റ്റര്‍ 2' സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിനിടെയാണ് മാധ്യമ പ്രവര്‍ത്തകര്‍ രാജീവ് ചന്ദ്രശേഖറുടെ പോസ്റ്റ് ശ്രദ്ധയില്‍പ്പെടുത്തിയത്.

അക്ഷയ് കുമാറിന്റെ വാക്കുകള്‍: 'ഞാന്‍ ഒരു ചരിത്രകാരനല്ല, നടന്‍ മാത്രമാണ്. രാഷ്ട്രീയക്കാര്‍ എന്തുപറയുന്നു എന്നതിനെക്കുറിച്ചോ, മറ്റുള്ളവര്‍ എന്തുപറയുന്നു എന്നതിനെക്കുറിച്ചോ പ്രതികരിക്കാനില്ല. യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ജനങ്ങളോട് പറയാനാണ് ശ്രമിച്ചിട്ടുള്ളത്. ഒരു പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സിനിമ എടുത്തിട്ടുള്ളത്. ഞാന്‍ മനസിലാക്കിയത് എന്താണോ അതെല്ലാം കൂടിച്ചേര്‍ന്നതാണ് സിനിമ. അതിനപ്പുറം ആര് എന്ത് രാഷ്ട്രീയം പറഞ്ഞാലും അതിലൊന്നും ഇടപെടാനില്ല'.

ചരിത്രത്തില്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂരും എക്‌സില്‍ അഭിപ്രായം പങ്കുവെച്ചിരുന്നു.

കഥകളി വേഷത്തില്‍ അക്ഷയ് കുമാര്‍

അതിനിടെ, ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി അക്ഷയ് കുമാര്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രവും ശ്രദ്ധേ നേടി. കഥകളി വേഷം ധരിച്ചു നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്.

'ഇത് കേവലമൊരു വേഷമല്ല. പാരമ്പര്യത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും സത്യത്തിന്റെയും എന്റെ രാജ്യത്തിന്റെയും പ്രതീകമാണ്. ശങ്കരന്‍ നായര്‍ ആയുധം കൊണ്ട് പോരാടിയിട്ടില്ല. ആത്മാവിലെ തീയും നിയമവും ആയുധമാക്കിയാണ് അദ്ദേഹം ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടിയത്' എന്ന കുറിപ്പും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

അടുത്തിടെ ബ്രിട്ടീഷ് എംപിയായ ബോബ് ബ്ലാക്ക്മാന്‍ കൊളോണിയല്‍ കാലഘട്ടത്തിലെ ഈ ക്രൂരതയ്ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ ഔപചാരികമായി ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് ചിത്രത്തിന്റെ പ്രചാരണത്തിന് കൂടുതല്‍ സഹായകരമാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ കരുതുന്നത്.

സ്‌കൈ ഫോഴ്‌സ് ആണ് അക്ഷയ് കുമാറിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. 1965-ലെ ഇന്ത്യ-പാകിസ്ഥാന്‍ വ്യോമയുദ്ധത്തിന്റെ പാശ്ചത്തലത്തില്‍ ഒരുക്കിയിരിക്കുന്ന വൈകാരികതയും ദേശ സ്‌നേഹവും നിറഞ്ഞ കഥയാണ് സ്‌കൈ ഫോഴ്‌സ് പറഞ്ഞത്. തരുണ്‍ മന്‍സുഖനിയാണ് സംവിധാനം നിര്‍വഹിച്ചത്. സാറാ അലി ഖാനും പ്രധാന കഥാപാത്രമായ ചിത്രത്തില്‍ ശരദ് ഖേല്‍ഖര്‍, മനിഷ് ചൗധരി, മോഹിത് ചൗഹാന്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തി.

ചിത്രം ആഗോള തലത്തില്‍ 140 കോടിയോളം രൂപ കളക്ഷന്‍ നേടി. എന്നാല്‍ 150 കോടിയിലധികമായിരുന്നു സിനിമയുടെ ബജറ്റ് എന്നതിനാല്‍ സ്‌കൈ ഫോഴ്‌സ് സാമ്പത്തികമായ നഷ്ടമാണെന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഇനി താരത്തിന്റെ പ്രതീക്ഷ ബിഗ് ബജറ്റ് പീരീഡ് ഫാന്റസി ചിത്രമായി ഒരുങ്ങുന്ന കണ്ണപ്പയാണ്. മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍, കാജല്‍ അഗര്‍വാള്‍ തുടങ്ങിയവര്‍ കാമിയോ വേഷങ്ങളിലെത്തുന്ന ചിത്രമാണ് കണ്ണപ്പ. പരമശിവനായാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ എത്തുന്നത്. കഥാപാത്രത്തിന്റെ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനാകുന്ന ചിത്രത്തില്‍ കിരാത' എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്.

പാശുപതാസ്ത്രത്തിന്റെ അധിപനായ പുരാണത്തിലെ കിരാതന്‍ എന്ന കഥാപാത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തെ ഒരുക്കിയിരിക്കുന്നത്. 100 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ആദരവ് എന്ന നിലയിലാണ് ഒരുക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ. മണിശര്‍മ്മയും സ്റ്റീഫന്‍ ദേവസിയുമാണ് സംഗീത സംവിധാനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+