ഭീകരാക്രമണത്തിന് പദ്ധതിയിട്ടു: യുപിയിൽ അൽഖ്വയ്ദ ഭീകരർ പിടിയിൽ, വീട്ടിൽ സ്ഫോടക വസ്തുക്കളുടെ ശേഖരം
ലഖ്നൊ: ഉത്തർപ്രദേശിൽ നിന്ന് അൽഖ്വയ്ദ ബന്ധമുള്ള രണ്ട് ഭീകരർ പിടിയിൽ. ലഖ്‌നൗവിലെ കകോരി പ്രദേശത്തുനിന്നും ഭീകരര്‍ പിടിയിലാവുന്നത്. യുപിയിലെ ലഖ്നൊ അടക്കമുള്ളയിടങ്ങളിലെ ആൾക്കൂട്ടമുള്ള സ്ഥലങ്ങളിൽ വൻസ്ഫോടനം നടത്താനാണ് ഇവർ പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇതിന് മുമ്പ് തന്നെ ഇരുവരെയും യുപി ഭീകരവാദവിരുദ്ധ സ്‌ക്വാഡ് കുടുക്കുകയായിരുന്നു. ഇവരില്‍ നിന്നും സ്‌ഫോടക വസ്തുക്കളും പിടികൂടിയിട്ടുണ്ട്. രണ്ട് പ്രഷര്‍ കുക്കര്‍ ബോംബുകള്‍, ഒരു ഡിറ്റണേറ്റര്‍, 6 മുതല്‍ 7 കിലോഗ്രാം വരെ ഭാരമുള്ള സ്‌ഫോടക വസ്തുക്കള്‍ മുതലായവ പിടിച്ചെടുത്തിട്ടുണ്ട്.
ഭീകരര്‍ യുപിയിലെ കകോരി പ്രദേശത്തെ ഒരു വീട്ടില്‍ ഒളിച്ചിരിക്കുന്നതായി രഹസ്യ സന്ദേശം ലഭിച്ചതോടെയാണ് യുപി ഭീകരവാദവിരുദ്ധ സ്‌ക്വാഡ് സംഭവസ്ഥലത്തെത്തി ഭീകരരെ പിടികൂടിയത്. മസീറുദ്ദീൻ, മിൻഹാജ് അഹമ്മദ് എന്നിവരാണ് പിടിയിലായിട്ടുള്ളത്. എന്നാൽ അറസ്റ്റിലായവരുടെ രണ്ടുപേരുടെയും പേരുകള്‍ ഇതുവരെ ഐജി വെളിപ്പെടുത്തിയിട്ടില്ല. വിശദമായി ചോദ്യം ചെയ്ത ശേഷം കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാമെന്നാണ് ഭീകരവാദവിരുദ്ധ സ്‌ക്വാഡ് നൽകുന്ന വിവരം.

ഇതിൽ മിൻഹാജിന്റെ വീട്ടിൽ നിന്ന് സ്ഫോടക വസ്തുക്കളും തോക്കും സേന കണ്ടെടുത്തിട്ടുണ്ട്. മസീറുദ്ദീൻ താമസിച്ചിരുന്ന വീട്ടിൽ നിന്ന് കുക്കർ സെറ്റ്, ക്രൂഡ് ബോംബ്, സ്ഫോടക വസ്തുക്കൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. അൽഖ്വയ്ദ യൂണിറ്റിന്റെ നിർണ്ണായക പദവി വഹിക്കുന്നയാളാണ് മിൻഹാജ്. ലഖ്നൊവിൽ നിന്നും കാൺപൂരിൽ നിന്നും സംഘടയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവരുണ്ടെന്നും എടിഎസ് പറയുന്നു.
അറസ്റ്റിലായവരിൽ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതോടെ ബോംബ് നിര്‍മ്മാര്‍ജന സംഘമെത്തി ബോംബുകള്‍ നിര്‍വ്വീര്യമാക്കിയതായി യുപി എടിഎസ് വ്യക്തമാക്കി. വിവിധ സുരക്ഷാ ഏജന്‍സികളിലെ ഉദ്യോഗസ്ഥരോടൊപ്പം സുരക്ഷാ സേനയുടെ ഒരു സംഘവും ഈ സ്ഥലത്തെത്തിയിട്ടുണ്ട്. അൽഖ്വയ്ദയുടെ അൻസാർ ഗസ് വത്തുൽ ഹിന്ദ് എന്ന സംഘടനയുടെ ഭാഗമാണ് അറസ്റ്റിലായ രണ്ടുപേരുനെന്നാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. പാകിസ്താൻ- അഫ്ഗാനിസ്താൻ അതിർത്തിയിലുള്ള പേഷ്വാർ, ക്വറ്റ എന്നിവിടങ്ങളിൽ നിന്നാണ് ഭീകര പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് ഭീകരവാദവിരുദ്ധ സ്‌ക്വാഡിന്റെ കണ്ടെത്തല്‍. ഇതിനിടെ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേര്‍ കൊല്‍ക്കത്തയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടിയിലായിട്ടുണ്ട്. അറസ്റ്റിലായ രണ്ട് പേരെയും കോടതിയിൽ ഹാജരാക്കിയ ശേഷം ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വിട്ടയച്ചിട്ടുണ്ട്.












Click it and Unblock the Notifications