തമിഴ്‌നാട്ടിലെ ജയിലുകള്‍ക്ക് അല്‍ഖ്വയ്ദയുടെ ഭീഷണി
കോയമ്പത്തൂര്‍: തീവ്രവാദക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള തടവുകാരെ പാര്‍പ്പിച്ചിട്ടുള്ള തമിഴ്‌നാട്ടിലെ ജയിലുകള്‍ക്ക് ഭീകര സംഘടന അല്‍ഖ്വയ്ദയുടെ പേരില്‍ ഭീഷണി കത്ത്. തമിഴ് നാട്ടിലെ തൃച്ചി, കോയമ്പത്തൂര്‍, മധുര, വെല്ലൂര്‍ സെന്‍ട്രല്‍ ജയിലുകളിലെ സൂപ്രണ്ടുമാര്‍ക്കാണ് ആക്രമണ ഭീഷണിയുമായി കത്ത് വന്നിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അടുത്തിടെ ചില ജയിലുകളില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ ചുവടുപിടിച്ചാണ് കത്ത്. ചെന്നൈയിലെ പുഴല്‍ സെന്‍ട്രല്‍ ജയില്‍ വാര്‍ഡന്‍മാരെ ഒരുസംഘം തടവുകാര്‍ സംഘംചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഇതേ തുടര്‍ന്ന് മൂന്നു ഭീകരര്‍ ഉള്‍പ്പെടെ ആറുപേരെ വിവിധ ജയിലുകളിലേക്ക് മാറ്റിപാര്‍പ്പിക്കുകയും ചെയ്തു. ഇസ്മയില്‍, ഫക്രുദീന്‍, മുന്ന എന്നീ ഭീകരര്‍ ഉള്‍പ്പെടെയുള്ളവരെയാണ് മാറ്റിയത്.

വാര്‍ഡന്‍മാരെ ആക്രമിച്ചതിനെ തുടര്‍ന്ന് ഭീകരര്‍ക്ക് തിരിച്ചും മര്‍ദ്ദനമേറ്റിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതിന് തിരിച്ചടി നല്‍കുമെന്ന സൂചനയാണ് കത്തിലുള്ളത്. തമിഴ്‌നാട്ടിലെ ജയിലുകളില്‍ തടവുകാര്‍ വേദന അനുഭവിക്കുകയാണെന്നും സര്‍ക്കാര്‍ ഇതിനെതിരെ യാതൊന്നും ചെയ്യുന്നില്ലെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ പോരാട്ടം ആരംഭിച്ചു ദിവസങ്ങള്‍ എണ്ണിക്കൊള്ളു എന്നു പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.
ഭീഷണിക്കത്തിനെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്വേഷണത്തില്‍ കോയമ്പത്തൂരിനടുത്തെ ഉക്കടത്തു നിന്നാണ് കത്ത് പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തി. എന്നാല്‍ വിലാസം തെറ്റാണെന്നാണ് സൂചന. കത്തിന്റെ പിറകിലുള്ളവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.












Click it and Unblock the Notifications