എട്ടിന്റെ പണി! മെയ് 23 മുതൽ തുടർച്ചയായി 6 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; കാരണമിതാ!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ഉപഭോക്താക്കൾക്കായി ഒരു പ്രധാന അറിയിപ്പ്. ബാങ്ക് ശാഖകൾ സന്ദർശിച്ച് നടത്തേണ്ട അടിയന്തര ഇടപാടുകൾ എന്തെങ്കിലുമുണ്ടെങ്കിൽ അത് ഇന്ന് തന്നെ എത്രയും വേഗം പൂർത്തിയാക്കുന്നതാണ് നല്ലത്. വരും ദിവസങ്ങളിൽ രാജ്യത്തെ എസ്‌ബിഐ ശാഖകൾ തുടർച്ചയായി 6 ദിവസത്തോളം അടഞ്ഞുകിടക്കും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മെയ് 23 (ശനിയാഴ്ച) മുതൽ മെയ് 28 (വ്യാഴാഴ്ച) വരെയുള്ള ദിവസങ്ങളിലാണ് ബാങ്കിന്റെ സാധാരണ പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിൽ ഈ നീണ്ട അവധി വരുന്നത്. വാര്ഷിക അവധി ദിനങ്ങൾ, ജീവനക്കാരുടെ ദേശീയ പണിമുടക്ക്, ബക്രീദ് (ഈദുൽ അദ്ഹ) ആഘോഷങ്ങൾ എന്നിവ ഒരേ ദിവസങ്ങളിൽ വരുന്നതാണ് ഇതിന് കാരണം.
എസ്‌ബിഐ ശാഖകൾ അടഞ്ഞുകിടക്കുന്ന ദിവസങ്ങൾ (മേയ് 23 - 28)
മെയ് 23 (ശനിയാഴ്ച): നാലാം ശനിയാഴ്ച (ഔദ്യോഗിക ബാങ്ക് അവധി ദിനം)
മെയ് 24 (ഞായറാഴ്ച): വരാന്ത്യ അവധി ദിനം
മെയ് 25 & 26 (തിങ്കൾ, ചൊവ്വാഴ്ച ദിവസങ്ങളിൽ): എസ്‌ബിഐ ജീവനക്കാരുടെ സംഘടനയായ ഓൾ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷൻ (AISBISF) പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്ക്.
മെയ് 27 & 28 (ബുധൻ, വ്യാഴാഴ്ച ദിവസങ്ങളിൽ): ബക്രീദ് (ഈദുൽ അദ്ഹ) പ്രമാണിച്ച് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ റിസർവ് ബാങ്ക് (RBI) അവധി ദിനങ്ങൾ.
വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക കലണ്ടറുകൾ അനുസരിച്ച് ബക്രീദ് അവധികളിൽ മാറ്റം വരാം. ഉദാഹരണത്തിന് ചില സംസ്ഥാനങ്ങളിൽ മെയ് 27-നും മറ്റ് ചിലയിടങ്ങളിൽ മെയ് 28-നുമായിരിക്കും അവധി. എന്നാൽ ജമ്മു കശ്മീർ പോലുള്ള പ്രദേശങ്ങളിൽ രണ്ട് ദിവസവും അവധിയായിരിക്കും.

എന്തുകൊണ്ടാണ് എസ്‌ബിഐ ജീവനക്കാർ പണിമുടക്കുന്നത്?
സ്ഥിരം തസ്തികകളിലെ ജോലികൾ കരാർ അടിസ്ഥാനത്തിൽ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിനെതിരായും, നാഷണൽ പെൻഷൻ സിസ്റ്റം (NPS) ഫണ്ട് മാനേജർമാരെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ജീവനക്കാർക്ക് നൽകണം എന്നാവശ്യപ്പെട്ടുമാണ് പ്രധാനമായും ഈ രണ്ട് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ സുരക്ഷാ ജീവനക്കാരുടെ കുറവ് നികത്തുക, തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ 16 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. മെയ് 23-ന് നടക്കുന്ന അനുരഞ്ജന ചർച്ചകൾ പരാജയപ്പെടുകയാണെങ്കിൽ പണിമുടക്കുമായി മുന്നോട്ട് പോകുമെന്നാണ് സംഘടന അറിയിച്ചിട്ടുള്ളത്.
ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമായിരിക്കുമോ?
ബാങ്ക് ശാഖകളുടെ ഭൗതികമായ പ്രവർത്തനങ്ങളെയും ചെക്ക് ക്ലിയറൻസ് ഉൾപ്പെടെയുള്ള സേവനങ്ങളെയും ഈ അവധികൾ ബാധിക്കുമെങ്കിലും താഴെ പറയുന്ന ഡിജിറ്റൽ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമായിരിക്കും.
എസ്‌ബിഐ ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് (YONO ആപ്പ്)
യുപിഐ വഴിയുള്ള പണമിടപാടുകൾ
എടിഎം സേവനങ്ങൾ
ബാങ്ക് ശാഖകളിൽ നേരിട്ട് ചെന്ന് പണം പിൻവലിക്കുകയോ നിക്ഷേപിക്കുകയോ ചെയ്യേണ്ടവർ, ഡിമാൻഡ് ഡ്രാഫ്റ്റ്, ലോൺ സംബന്ധമായ കാര്യങ്ങൾ, ചെക്ക് വഴി പണം കൈമാറേണ്ടവർ എന്നിവർ ഈ നീണ്ട അവധി മുൻകൂട്ടി കണ്ട് പ്ലാൻ ചെയ്യേണ്ടതാണ്. ശാഖകൾ അടഞ്ഞു കിടക്കുന്ന സാഹചര്യങ്ങളിൽ പരമാവധി ഓൺലൈൻ ബാങ്കിംഗ്, യുപിഐ സേവനങ്ങൾ പ്രയോജനപ്പെടുത്തുക.












Click it and Unblock the Notifications