ഏലിയൻ എനിമീസ് ആക്ട്; ഇന്ത്യൻ വംശജനെ അഭിഭാഷകനായി നിയമിച്ച് ട്രംപ്
അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ടുള്ള കേസിൽ ഇന്ത്യൻ വംശജനായ അഭിഷേക് കാംബ്ലിയെ അഭിഭാഷകനായി നിയമിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് നിന്നും വേഗത്തിൽ നാടുകടത്താൻ 1798-ലെ ഏലിയൻ എനിമീസ് ആക്ട് നടപ്പാക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് കംബ്ലിയെ നിയമിച്ചത്. വെനിസ്വേലൻ സംഘമായ ട്രെൻ ഡി അരാഗ്വയുമായി ബന്ധമുള്ള നൂറുകണക്കിന് കുടിയേറ്റക്കാരെ അടുത്തിടെ ട്രംപ് ഭരണകൂടം നാടുകടത്തിയിരുന്നു. ഫെഡറൽ ജഡ്ജിയുടെ ഉത്തരവ് ലംഘിച്ചുകൊണ്ടായിരുന്നു നടപടി. ഈ കേസിലാണ് കംബ്ലി സർക്കാരിന് വേണ്ടി ഹാജരായത്.
കഴിഞ്ഞ മാസമാണ് യുഎസ് നീതിന്യായ വകുപ്പിൽ ഡെപ്യൂട്ടി അസോസിയേറ്റ് അറ്റോർണി ജനറലായി കാംബ്ലി ചുമതലയേറ്റത്. ട്രംപ് ഭരണകുടത്തിന് വേണ്ടി കോടതികളിൽ നിർണായക ശബ്ദമായി മാറാൻ കാംബ്ലിക്ക് സാധിച്ചിട്ടുണ്ട്. കാംബ്ലിയെ കുറിച്ച് കൂടുതലറിയാം

മൂന്നാം വയസിലാണ് ഇന്ത്യൻ വംശജനായ കംബ്ലി യുഎസിൽ എത്തുന്നത്. കണക്ടികട്ടിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 2006-ൽ യൂണിവേഴ്സിറ്റി ഓഫ് ആർട്സിൽ നിന്ന് ഫൈൻ ആർട്സിൽ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം വിനോദമേഖലയിലാണ് ജോലി ചെയ്തിരുന്നത്. പിന്നീട് മേഖല വിട്ട് നോട്രെ ഡാം യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ഡോക്ടറേറ്റ് നേടി.
2013-ൽ അദ്ദേഹം ഡൈസ് എയർഫോഴ്‌സ് ബേസിൽ ലീഡ് പ്രോസിക്യൂട്ടറായി. പിന്നീട് ഫങ്ഷണൽ സൂപ്പർവൈസറായും പ്രവർത്തിച്ചു. വളരെ പെട്ടെന്ന് തന്നെ മികച്ച അഭിഭാഷകനെന്ന നിലയിൽ പേരെടുക്കാൻ കാംബ്ലിക്ക് സാധിച്ചു.2014-ൽ, വ്യോമസേനാ താവളത്തിലെ പ്രോസിക്യൂട്ടർമാരിൽ ഏറ്റവും മികച്ച അഭിഭാഷകനായി അദ്ദേഹം മാറി. അതേവർഷം തന്നെ കാംബ്ലിക്ക് ഡിഫൻസ് കൗൺസിലായി സ്ഥാനക്കയറ്റം ലഭിച്ചു.
2019 ലാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് അറ്റോർണി ഓഫീസുകളിൽ അസിസ്റ്റന്റ് യുഎസ് അറ്റോർണിയായി ചേർന്നത്. 2023 ഒക്ടോബറിൽ കൻസാസ് അറ്റോർണി ജനറലിന്റെ ഓഫീസിൽ ഡെപ്യൂട്ടി അറ്റോർണി ജനറലായും പ്രത്യേക ഭരണഘടന വിഭാഗത്തിന്റെ ഡിവിഷൻ ചീഫായും പ്രവർത്തിച്ചു.












Click it and Unblock the Notifications