'അലിനഗർ സീതാനഗറാക്കും', ആർജെഡി കോട്ട പിടിച്ച 25കാരി, ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയായി മൈഥിലി താക്കൂർ
ബീഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയായി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച ഗായിക മൈഥിലി താക്കൂര്‍. 25കാരിയായ മൈഥിലി അലിനഗര്‍ മണ്ഡലത്തിലാണ് മത്സരിച്ചത്. ആര്‍ജെഡിയുടെ കരുത്തനായ നേതാവ് ബിനോദ് മിശ്രയെ 12000ലധികം വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് മൈഥിലി താക്കൂര്‍ നിയമസഭയിലേക്ക് പോകുന്നത്.
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് മൈഥിലി ബിജെപിയില്‍ ചേര്‍ന്നത്. 2008ല്‍ രൂപീകരിക്കപ്പെട്ട അലിനഗര്‍ മണ്ഡലത്തില്‍ ഇതുവരെ ബിജെപിക്ക് ജയിക്കാന്‍ സാധിച്ചിട്ടില്ല. വലിയൊരു ഭാഗം മുസ്ലീം വോട്ടര്‍മാരുളള ഈ മണ്ഡലത്തില്‍ ആര്‍ജെഡിയാണ് ജയിച്ച് പോന്നിരുന്നത്. അത്തമൊരു സീറ്റാണ് തന്റെ കന്നിയങ്കത്തില്‍ പിടിച്ചെടുത്തത് എന്നത് മൈഥിലിയുടെ വിജയത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു.
2005ല്‍ തന്റെ 26ാമത്തെ വയസ്സില്‍ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തൗഫീസ് അലം, 2015ല്‍ 26ാം വയസ്സില്‍ മത്സരിച്ച് വിജയിച്ച തേജസ്വി യാദവ് എന്നിവരാണ് ഇതിന് മുന്‍പ് എംഎല്‍എയായ പ്രായം കുറഞ്ഞവര്‍. ബീഹാര്‍ ഫോക് ഗാനശാഖയിലും ഭക്തിഗാന ശാഖയിലും ചെറിയ പ്രായത്തില്‍ തന്നെ പേരെടുത്ത ഗായികയാണ് മൈഥിലി താക്കൂര്‍.

24 റൗണ്ടുകള്‍ ഉളള വോട്ടെണ്ണല്‍ 14ാം റൗണ്ടില്‍ എത്തിയപ്പോള്‍ തന്നെ മൈഥിലി വ്യക്തമായ ഭൂരിപക്ഷത്തോടെ ലീഡ് ചെയ്ത് വിജയം ഉറപ്പിച്ചിരുന്നു. ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ മൈഥിലി നടത്തിയ ചില പ്രസ്താവനകള്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. അലിനഗറില്‍ നിന്ന് വിജയിക്കുകയാണെങ്കില്‍ മണ്ഡലത്തിന്റെ പേര് മാറ്റി സീതാ നഗര്‍ എന്നാക്കുമെന്നായിരുന്നു മൈഥിലി താക്കൂറിന്റെ വാഗ്ദാനം. ഈ വാഗ്ദാനം താന്‍ നിറവേറ്റും എന്നാണ് വിജയമുറപ്പിച്ച ശേഷവും മൈഥിലിയുടെ പ്രതികരണം.
2000 ജൂലൈ 25നാണ് സംഗീത പാരമ്പര്യമുളള കുടുംബത്തില്‍ മൈഥിലി താക്കൂറിന്റെ ജനനം. ഗായകനും സംഗീത അധ്യാപകനുമായ അച്ഛന്‍ രമേഷ് താക്കൂറിന്റെ ശിക്ഷണത്തില്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ മൈഥിലി സംഗീത പഠനം ആരംഭിച്ചു. പൂജ താക്കൂര്‍ ആണ് മൈഥിലിയുടെ അമ്മ. സഹോദരങ്ങളായ അയാചി, റിഷഭ് എന്നിവര്‍ക്കൊപ്പം ബീഹാറിലെ ഫോക് സംഗീതം പാടിയാണ് സോഷ്യല്‍ മീഡിയയില്‍ മൈഥിലി വൈറലായത്. 2017ല്‍ റൈസിംഗ് സ്റ്റാര്‍ എന്ന സംഗീത റിയാലിറ്റി ഷോയിലും മൈഥിലി പങ്കെടുത്തിരുന്നു. ഫസ്റ്റ് റണ്ണര്‍ അപ് ആയ മൈഥിലിക്ക് സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുണ്ട്.












Click it and Unblock the Notifications