ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ അസാധുവെന്ന് കേന്ദ്രം: നിങ്ങളറിയേണ്ടവ
2018 ഫെബ്രുവരിയ്ക്ക് ശേഷം അസാധുവാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്
ദില്ലി: ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത എല്ലാ മൊബൈല്‍ നമ്പറുകളും അസാധുവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ നമ്പറുകള്‍ 2018 ഫെബ്രുവരിയ്ക്ക് ശേഷം അസാധുവാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച അറിയിച്ചത്. 2017 ഫെബ്രുവരിയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പ്രകാരം ആധാറും മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നത്. ഉത്തരവ് പുറത്തുവന്ന് ഒരു വര്‍ഷത്തിനുള്ളില്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്നും അല്ലാത്ത പക്ഷം ഒരു വര്‍ഷത്തിന് ശേഷം സിം കാര്‍ഡ‍് അസാധുവാക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു.
ക്രിമിനലുകള്‍, തട്ടിപ്പുകാര്‍, ഭീകരര്‍ എന്നിവരെ ടെലികോം സേവനദാതാക്കളുടെ കൈവശമുള്ള ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ കണ്ടെത്തുന്നതിന് വേണ്ടിയാണ് സുപ്രീം കോടതി 2017 ഫെബ്രുവരിയില്‍ ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചത്.

രണ്ടംഗ ബെഞ്ചിന്‍റെ ഉത്തരവ്
മുന്‍ ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍, ജസ്റ്റിസ് എന്‍ രമണ, എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് നിലവിലുള്ള പ്രീ പെയ്ഡ് മൊബൈല്‍ ഉപയോക്താക്കളുടെ നമ്പറുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച് വേരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഉത്തരവിട്ടത്. ഇതിനായി ഫലപ്രദമായ ഒരു സംവിധാനം ആവിഷ്കരിക്കാനും സുപ്രീം കോടതി ബെഞ്ച് കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു.

ഇടപെടല്‍ തേടി
മൊബൈല്‍ ഫോണുകളില്‍ അനുവാദമില്ലാതെ നിരവധി സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച ലോക് നീതി ഫൗണ്ടേഷന്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ തേടിയിരുന്നു.

ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം
രാജ്യത്ത് നിലവിലുള്ള പ്രീ പെയ്ഡ് മൊബൈല്‍ നമ്പറുകളുടെ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് കേന്ദ്രം ഇക്കാര്യം മൊബൈല്‍ ഉപയോക്താക്കളെ അറിയിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെ ആധാര്‍ കാര്‍ഡുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ടെലികോം കമ്പനികള്‍ ഇമെയില്‍ വഴിയും എസ്എംഎസുകള്‍ വഴിയും പരസ്യങ്ങള്‍ വഴിയും ഉപയോക്താക്കളെ വിവരമറിയിച്ചിരുന്നു.

നടപടി എങ്ങനെ
ഇ- കെവൈസി നടപടികള്‍ പൂര്‍ത്തിയായ ശേഷം വിവരങ്ങള്‍ ഡാറ്റാ ബേസില്‍ രേഖപ്പെടുത്തുന്നതിനായി മൂന്നുദിവസത്തെ കാലതാമസം കൂടി ഉണ്ടായിരിക്കും. ഇതിന് മുന്നോടിയായി വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തുന്നതിനായി ഉപയോക്താവിന് എസ്എംഎസ് അയയ്ക്കണമെന്നും ചട്ടമുണ്ട്. ഡാറ്റ ഉപയോഗിക്കുന്നതിന് മാത്രമായി ഉപയോഗിക്കുന്ന നമ്പറുകള്‍ ഉപയോക്താവിന്‍റെ മറ്റേതെങ്കിലും നമ്പറിലേയ്ക്ക് എസ്എംഎസ് അയച്ചാണ് സ്ഥിരീകരിക്കേണ്ടത്.












Click it and Unblock the Notifications