എല്ലാ സ്ത്രീകൾക്കും ബസിൽ സൗജന്യ യാത്ര; പ്രഖ്യാപനം ഉടനെന്ന് ഗതാഗത മന്ത്രി
ബെംഗളൂരു: സർക്കാർ ബസുകളിൽ എല്ലാ സ്ത്രീകൾക്കും സൗജന്യമായി യാത്ര ചെയ്യാമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി. വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസിയുടെ നാല് ഡിവിഷനുകളിലേയും മാനേജിംഗ് ഡയറക്ടർമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
'യാതൊരു വ്യവസ്ഥകളും ഇല്ല. എപിഎൽ എന്നോ ബിഎൽ എന്നോ വ്യത്യാസമില്ലാതെ എല്ലാ സ്ത്രീകൾക്കും സർക്കാർ ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം', രാമലിംഗ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു.'എംഡിമാരുമായി നടത്തിയ ചർച്ചയിൽ പദ്ധതിയുടെ ഗുണത്തെക്കുറിച്ചും ദോഷത്തെ കുറിച്ചുമെല്ലാം ചർച്ച ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചെലവും മറ്റ് വിശദാംശങ്ങളും ഉൾപ്പെടെ യോഗത്തിന്റെ റിപ്പോർട്ട് മെയ് 31 ന് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സമർപ്പിക്കും. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായി ചർച്ച നടത്തിയിട്ടുണ്ട്', അദ്ദേഹം പറഞ്ഞു.

ജൂൺ ഒന്നിനാണ് മന്ത്രിസഭാ യോഗം ചേരുന്നതെന്നും യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്ത ശേഷം മുഖ്യമന്ത്രി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നും രാമലിംഗ പറഞ്ഞു. 'കൊവിഡ് കാലത്ത് ഗതാഗത വകുപ്പിന് ഉണ്ടായ നഷ്ടങ്ങളെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. രാജ്യത്തെ തന്നെ മികച്ച റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനാണ് കർണാടകയിലേത്. മന്ത്രാലയത്തിന് കീഴിലുള്ള നാല് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾക്കും 350 ലധികം അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 23,978 വാഹനങ്ങളും 1.04 ലക്ഷത്തിലധികം ജീവനക്കാരും നമ്മുക്കുണ്ട്. പ്രതിദിനം 82.51 ലക്ഷം ആളുകൾ സർക്കാർ ബസിൽ യാത്ര ചെയ്യുന്നുണ്ട്, പ്രതിദിന വരുമാനം 2,31,332 രൂപയാണ്', അദ്ദേഹം കൂട്ടിച്ചേർത്തു.
അധികാരത്തിൽ വരുന്ന ആദ്യ ദിവസം തന്നെ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രഖ്യാപനം. ഇതോടെ സിദ്ധരാമയ്യ സർക്കാർ അധികാരത്തിലേറിയതോടെ ബസ് യാത്രക്കാരായ സ്ത്രീകൾ ടിക്കറ്റെടുക്കാൻ തയ്യാറാകാത്ത സംഭവങ്ങൾ ഉണ്ടായിരുന്നു. ഗ്രാമ പ്രദേശങ്ങളിൽ സ്ത്രീകളും ബസുകാരും തമ്മിൽ ഇത് സംബന്ധിച്ച് സ്ഥിരം തർക്കം ഉടലെടുക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് തീരുമാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ എസ് ആർ ടി സി) സ്റ്റാഫ് ആൻഡ് വർക്കേഴ്സ് ഫെഡറേഷൻ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.












Click it and Unblock the Notifications