'രാഹുല്‍ ഗാന്ധിക്ക് യുകെയിലും പൗരത്വം': പരിശോധന നടക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പൗരത്വ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എടുത്ത തീരുമാനം അറിയിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകത്തിലെ ബി ജെ പി നേതാവായ എസ്. വിഘ്‌നേശ് ശിശിർ അലഹബാദ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിക്ക് ഇന്ത്യന്‍ പൗരത്വത്തിന് പുറമെ ബ്രിട്ടീഷ് പൗരത്വവും ഉണ്ടെന്നും അതിനാല്‍ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്നുമായിരുന്നു എസ് വിഘ്നേശിന്റെ ആവശ്യം.
വിഷയത്തില്‍ സി ബി ഐ അന്വേഷണം നടത്തണമെന്നും ബി ജെ പി ഹർജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വം സംബന്ധിച്ച് ഹർജിക്കാരൻ നൽകിയ നിവേദനം സർക്കാർ പരിശോധിച്ച് വരികയാണെന്നായിരുന്നു കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ ഡെപ്യുട്ടി സോളിസിറ്റർ ജനറൽ എസ്ബി പാണ്ഡെ വ്യക്തമാക്കിയത്. ഇതോടെ ഇക്കാര്യത്തില്‍ എടുത്ത നിലപാട് അറിയിക്കാന്‍ കോടത് ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടുകയായിരുന്നു.

ജസ്റ്റിസുമാരായ അത്താവു റഹ്മാൻ മസൂദി, സുഭാഷ് വിദ്യാർഥി എന്നിവരടങ്ങിയ ഹൈക്കോടതിയുടെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഡിസംബർ 19 ന് അടുത്ത വാദം കേൾക്കുമ്പോൾ ആഭ്യന്തര മന്ത്രാലയം എടുത്ത തീരുമാനം അറിയിക്കണമെന്നാണ് നിർദേശം. 2022-ൽ വിഎസ്എസ് ശർമ്മ സമർപ്പിച്ച ഹർജിയും ശിശിറിൻ്റെ ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. കൂടാതെ കോൺഗ്രസ് നേതാവിൻ്റെ പൗരത്വത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ബ്രിട്ടീഷ് സർക്കാരിൽ നിന്ന് ആവശ്യപ്പെട്ടതായി ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ജുലൈയില്‍ സമാനമായ ആവശ്യവുമായി ശിശിർ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി ഹൈക്കോടതി തള്ളിയിരുന്നു. പൗരത്വ നിയമം 1955 പ്രകാരം കോമ്പീറ്റന്‍റ് അതോറിറ്റിയെ സമീപിക്കണമെന്നായിരുന്നു കോടതി അന്ന് വ്യക്തമാക്കിയത്. രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച യുകെ സർക്കാരിന്റെ ചില രഹസ്യ ഇമെയിലുകളും മറ്റ് രേഖകളും തന്റെ കൈവശമുണ്ടെന്നാണ് ശിശിറിന്റെ വാദം.
ഹൈക്കോടതി നിർദേശപ്രകാരം രണ്ട് തവണ കോമ്പീറ്റന്‍റ് അതോറിറ്റിയെ സമീപിച്ചെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് ശിശിർ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. രണ്ടാമത്തെ ഹർജിയിലാണ് വിഷയം സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യവും കർണാടകയില്‍ നിന്നുള്ള ബി ജെ പി നേതാവ് ഉന്നയിച്ചത്. രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമായതിനാല് ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയും കോടതിയെ സമീപിച്ചിരുന്നു.












Click it and Unblock the Notifications