മോദിയുടെ പരിപാടിയില്‍ നിന്നും ഗെഹ്ലോട്ടിന്റെ പ്രസംഗം നീക്കി: ഇല്ലെന്ന് പിഎം ഓഫീസ്, പോര് ട്വിറ്ററില്‍
ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പ്രസംഗം ഒഴിവാക്കിയതായി ആരോപണം. നരേന്ദ്ര മോദിയുടെ രാജസ്ഥാനിലെ സിക്കാർ സന്ദർശനത്തിന്റെ ഭാഗമായി ചാർട്ട് ചെയ്ത മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പ്രസംഗം പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കിയെന്നാണ് ആരോപണം.
വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണവും പുറത്ത് വന്നിട്ടുണ്ട്. ആരോഗ്യ കാരണങ്ങളാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി പരിപാടിയില്‍ നിന്നും വിട്ടുനിന്നുവെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. "അശോക് ഗെഹ്‌ലോട്ട് പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്നെങ്കിലും അനാരോഗ്യം കാരണം അദ്ദേഹത്തിന് വരാന്‍ കഴിഞ്ഞില്ല. അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കട്ടേയെന്ന് ഞാന്‍ പ്രാർത്ഥിക്കുന്നു" പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, പരിപാടിയില്‍ നിന്നും തന്റെ പ്രസംഗം ഒഴിവാക്കിയതായി അശോക് ഗെഹ്ലോട്ട് ട്വിറ്ററില്‍ കുറിച്ചു. 'പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് തന്റെ മൂന്ന് മിനിറ്റ് പ്രസംഗം ഒഴിവാക്കിയെന്നും അതിനാല്‍ താങ്കളെ ട്വിറ്ററില്‍ മാത്രമേ സ്വാഗതംചെയ്യാന്‍ കഴിയൂ' നരേന്ദ്രമോദിയെ അഭിസംബോധന ചെയ്ത് രാജസ്ഥാന്‍ മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍ ഇതിന് മറുപടിയുമായി പ്രധാനമന്ത്രിയുടെ ഓഫീസും രംഗത്ത് വന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രസംഗം ഒഴിവാക്കിയതെന്നാണ് വിശദീകരണം. മുന്‍പും പ്രധാനമന്ത്രിയുടെ പരിപാടികളിലേക്ക് താങ്കള്‍ക്ക് ക്ഷണമുണ്ടായിരുന്നു. അന്നെല്ലാം താങ്കള്‍ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. ഇന്നത്തെ പരിപാടിയിലേക്കും നിങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് കൂട്ടിച്ചേർത്തു.
വികസന പ്രവര്‍ത്തനങ്ങളുടെ ഫലകത്തിലും നിങ്ങളുടെ പേരുണ്ട്. അടുത്തിടെയുണ്ടായ പരിക്കുകാരണമുള്ള ബുദ്ധിമുട്ടൊന്നുമില്ലെങ്കില്‍ നിങ്ങളുടെ സാന്നിധ്യം തീര്‍ച്ചയായും പ്രതീക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. എന്നാല്‍ പരിപാടിയില്‍ പ്രസംഗിക്കുന്നതില്‍ നിന്നും തന്നെ ഒഴിവാക്കിയെന്ന് തന്നെയാണ് അശോക് ഗെലോട്ട് വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് 12 മെഡിക്കല്‍ കോളേജുകളുടെ ശിലാസ്ഥാപനമാണ് നടക്കുന്നത്. പദ്ധതിക്ക് വേണ്ടി പ്രയത്‌നിച്ചവരെ സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഭിനന്ദിക്കുന്നുവെന്ന് അശോക് ഗെഹ്ലോട്ട് കൂട്ടിച്ചേർത്തു.
അതേസമയം, ഈ വർഷം അവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിലെ സിക്കാർ ജില്ലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു. ഒമ്പത് വർഷമായി കർഷകരുടെ താൽപര്യം മുൻനിർത്തിയാണ് കേന്ദ്രസർക്കാർ തീരുമാനങ്ങളെടുത്തതെന്നും അവർക്കായി വിത്ത് മുതൽ വിപണി വരെ പുതിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.












Click it and Unblock the Notifications