കോണ്‍ഗ്രസ് ബന്ധം; പാര്‍ട്ടി കോണ്‍ഗ്രസില്‍ തര്‍ക്കം ഒഴിവാക്കാന്‍ പ്രദേശിക സഖ്യത്തിന് അനുമതി നല്‍കും
ഹൈദരബാദ്: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ അടവു നയത്തിലെ കോണ്‍ഗ്രസ് ബന്ധം വ്യത്യസ്ത അഭിപ്രായങ്ങളുടെ ഏറ്റുമുട്ടലിനു വഴിയൊരുക്കിയ സാഹചര്യത്തില്‍ തര്‍ക്കം ഒഴിവാക്കാന്‍ അടവു നയത്തില്‍ പ്രാദേശിക നീക്ക് പോക്കിനും തെരഞ്ഞെടുപ്പു ധാരണയ്ക്കും അനുമതി നല്‍കുന്ന വ്യവസ്ഥ ഉള്‍പ്പെടുത്തും.
ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പു സഖ്യം വേണ്ടെന്ന നിലപാടു സ്വീകരിക്കുമെങ്കിലും പ്രാദേശിക തലത്തില്‍ രാഷ്ട്രീയ സാഹചര്യം അനുസരിച്ചുള്ള നിലപാടുകള്‍ക്ക് അനുമതി നല്‍കും. കോണ്‍ഗ്രസ് ഇതര ജനാധിപത്യ മതേതര സഖ്യമെന്ന നിലപാടില്‍ കേരളം ശക്തമായി ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് മറിച്ചൊരു തീരുമാനമെടുക്കാന്‍ സാധിക്കില്ല. എന്നാല്‍ യെച്ചൂരിയുടെ നിലപാടിനെ പൂര്‍ണമായും തള്ളാനും കഴിയില്ല. ഈ സാഹചര്യത്തിലാണ് പ്രാദേശിക നീക്ക് പോക്കെന്ന നിലപാടും ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഇതര സഖ്യമെന്ന നിലപാടും സ്വീകരിക്കുന്നത്.

തെരഞ്ഞെടുപ്പ് ഒഴികെയുള്ള ബിജെപി വിരുദ്ധ പോരാട്ടത്തിന് കോണ്‍ഗ്രസ് സഖ്യമാകാം എന്ന നിലപാടും സ്വീകരിച്ചേയ്ക്കും. പ്രാദേശിക കക്ഷികള്‍ കോണ്‍ഗ്രസുമായി സഹകരിക്കുകയാണെങ്കില്‍ പോലും അവരെ ദേശീയ ജനാധിപത്യ ബദല്‍ വേദിയില്‍ അണിനിരത്തും. ഇതിനു സിപിഎം മുന്‍കൈയെടുക്കും.












Click it and Unblock the Notifications