പുഷ്പ 2 പ്രീമിയറിനിടെ ഉണ്ടായ അപകടം; 9 വയസുകാരന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയറിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒൻപതു വയുകാരൻ ശ്രീതേജിന്റെ മസ്തിക മരണം സ്ഥിരീകരിച്ചു. ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷ്ണർ സിവി ആനന്ദ് ആണ് ഇക്കാര്യം അറിയിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീതേജ് ഹൈദരാബാദ് കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അപകടം സംഭവിച്ച ഡിസംബർ നാലിന് തന്നെ കുട്ടിയുടെ അമ്മ രേവതി മരിച്ചിരുന്നു.
സിറ്റി പോലീസ് കമ്മീഷണറും ആരോഗ്യ സെക്രട്ടറി ഡോ ക്രിസ്റ്റീനയും കുട്ടിയെ ആശുപത്രിയിൽ സന്ദർശിച്ചു. 'കുട്ടി വെന്റിലേറ്ററിൽ തുടരുകയാണ്. കുട്ടിയുടെ ആരോഗ്യസ്ഥിതി സർക്കാർ സൂക്ഷ്മമായി നീരീക്ഷിച്ച് വരികയാണ്', ഇരുവരും മാധ്യമങ്ങളോട് വ്യക്തമാക്കി. ഡിസംബർ നാലിന് രാത്രിയായിരുന്നു അതിദാരുണമായ അപകടം നടന്നത്. അല്ലു അർജുന്റെ കടുത്ത ഫാനാണ് ശ്രീതേജ്. കുട്ടിയുടെ ആഗ്രഹപ്രകാരം രേവതി, ഭർത്താവ് ഭാസ്‌കറും മകനേയും കൂട്ടി പ്രീമിയർ നടക്കുന്ന സന്ധ്യ തീയറ്ററിൽ എത്തിയത്. ഇതിനിടയിൽ അപ്രതീക്ഷിതമായി അല്ലു അർജുനും സംഘവും തീയറ്ററിലെത്തി. ഇതോടെ വലിയ തിരക്കാണ് തീയറ്ററിൽ അനുഭവപ്പെട്ടത്.

തിരക്ക് നിയന്ത്രിക്കാൻ പോലീസ് ഇടപെട്ടെങ്കിലും അല്ലു അർജുനെ കണ്ട ജനക്കൂട്ടം ഗേറ്റ് തകർത്ത് തീയറ്ററിലേക്ക് ഇരച്ച് കയറുകയായിരുന്നു. ഇതോടെ തിക്കിലും തിരക്കിലും പെട്ട് രേവതിയും ശ്രീതേജും കുഴുഞ്ഞുവീണു. ഉടൻ തന്നെ ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രേവതിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീതേജ് 14 ദിവസത്തോളമായി ആശുപത്രിയിൽ ചികിത്സയിയിലാണ്. ഇടയ്ക്ക് കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നെങ്കിലും പിന്നീട് വീണ്ടും വഷളായി.
അതേസമയം സംഭവത്തിൽ നടൻ അല്ലു അർജുനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് അല്ലു അർജുനെ ജൂബിലി ഹിൽസിലെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിനെ അറിയിക്കാതെയാണ് നടനും സംഘവും തീയറ്ററിൽ എത്തിയതെന്നാണ് പോലീസ് പറയുന്നത്. സന്ധ്യ തീയറ്റിന്റെ അധികൃതർക്കെതിരേയും നടപടിയെടുത്തിയിരുന്നു. കേസിൽ അല്ലുവിനെ കൂടാതെ മറ്റ് മൂന്ന് പേരാണ് അറസ്റ്റിലായത്. നിലവിൽ ജാമ്യത്തിലാണ് അല്ലു. പുറത്തിറങ്ങിയ നടൻ ആശുപത്രിയിൽ കഴിയുന്ന കുട്ടിയെ സന്ദർശിക്കാത്തതിൽ കടുത്ത വിമർശനം ഉയർന്നിരുന്നു. എന്നാൽ നിയമപരമായ നടപടികൾ പുരോഗമിക്കുന്നതിനാലാണ് കുട്ടിയെ സന്ദർശിക്കാത്തതെന്നും കുട്ടിയുടെ ചികിത്സാ ചെലവും കുടുംബത്തിന്റെ ആവശ്യങ്ങളും ഏറ്റെടുക്കുമെന്നും അല്ലു അർജുൻ വ്യക്തമാക്കി.












Click it and Unblock the Notifications